കോട്ടയം: പൊൻകുന്നം തോണിപ്പാറയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാന്നാർ സ്വദേശി സാജൻ, ഭാര്യ അനീഷ എന്നിവരെയാണ് രക്തം വാർത്ത നിലയിൽ ഹാളിനുള്ളിൽ കണ്ടെത്തിയത്. ഇവരുടെ രണ്ടര വയസ്സുള്ള പെൺകുഞ്ഞ് പരിക്കുകളൊന്നുമില്ലാതെ മൃതദേഹങ്ങൾക്ക് സമീപം കരഞ്ഞുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.
ഒരാഴ്ച മുമ്പാണ് കുടുംബം ഇവിടെ വാടകയ്ക്ക് താമസിക്കാൻ എത്തിയത്. ഇന്ന് രാവിലെ കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് വീട്ടുടമസ്ഥൻ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഇവരെ ഈ വീട്ടിലെത്തിച്ച വ്യക്തിയെ വിവരമറിയിക്കുകയും മറ്റൊരു താക്കോൽ ഉപയോഗിച്ച് വീട് തുറന്ന് പരിശോധിക്കുകയുമായിരുന്നു. ഹാളിൽ ദമ്പതികൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന കാഴ്ചയാണ് ഇവർ കണ്ടത്.
കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്. വീട്ടിൽ താമസത്തിനെത്തിയ ശേഷം പലപ്പോഴും ഉള്ളിൽ നിന്ന് ബഹളം കേൾക്കാറുണ്ടായിരുന്നുവെന്ന് വീട്ടുടമസ്ഥനും മൊഴി നൽകി. പ്രാഥമിക പരിശോധനയിൽ വീട്ടിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
എ. പദ്മകുമാറിന് ജാമ്യം; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം ലഭിക്കുന്ന എട്ടാമത്തെ പ്രതി
മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. കുഞ്ഞിനെ നിലവിൽ ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ പൊൻകുന്നം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.


ചൂടുകാലം ആനയ്ക്കും കലിപ്പ്; അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും മരണം; പാമ്പിന് പിന്നാലെ ആനഭീതിയില് കേരളം





