തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നടി ശോഭനയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപിയില്‍ അണിയറ നീക്കം. ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒന്നില്‍ ശോഭനയെ മത്സരിപ്പിക്കാനാണ് ആലോചന. എന്നാല്‍ നടി സമ്മതം മൂളിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിനിമാ താരങ്ങളെ അണിനിരത്തി പോരാട്ടത്തിനിറങ്ങാന്‍ ബിജെപി ഒരുങ്ങുന്നതായാണ് സൂചനകള്‍. പ്രമുഖ സംവിധായകന് മേജര്‍ രവി ഒറ്റപ്പാലത്തും നടി ശ്വേത മേനോന് തൃപ്പൂണിത്തുറയിലും ബിജെപി സ്ഥാനാര്‍ത്ഥികളായേക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദര്‍ശനവേളയില്‍ ശ്വേത മേനോന്റെ പാര്‍ട്ടി പ്രവേശനമുണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്കുന്ന വിവരം. പ്രശസ്ത താരങ്ങള്‍ മത്സരരംഗത്തിറങ്ങുന്നത് പാര്‍ട്ടിയുടെ വിജയസാധ്യത വര്‍ധിപ്പിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. താര സംഘടനയായ അമ്മയുടെ പ്രസിഡന്റാണ് ശ്വേത. ശ്വേതയ്ക്ക് സമാനമായി മറ്റ് ചില പ്രമുഖ നടീ നടന്മാരും ബിജെപിയില്‍ ചേരുമെന്നും സൂചനയുണ്ട്. കെ സുരേന്ദ്രനും വി മുരളീധരനും പത്മജാ വേണുഗോപാലിനും ശോഭാ സുരേന്ദ്രനും മാത്രമാണ് കേന്ദ്ര നേതൃത്വം മത്സരിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. ബാക്കി സീറ്റുകളില്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയാണുള്ളത്.
ഉണ്ണി മുകുന്ദന്, കൃഷ്ണകുമാര്‍ എന്നിവരും ബിജെപിയുടെ സാധ്യതാ പട്ടികയിലുണ്ട്. എന്‍ഡിഎ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഒറ്റപ്പാലം. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇവിടെ ബിജെപി 25,000-ത്തിലധികം വോട്ടുകള്‍ നേടിയിരുന്നു. കഴിഞ്ഞ മൂന്ന് തവണയും നിലവിലെ ജില്ലാ പ്രസിഡന്റ് പി. വേണുഗോപാലനായിരുന്നു ഈ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂവെങ്കിലും വട്ടിയൂര്‍ക്കാവില്‍ മുന്‍ ഡിജിപി ആര്. ശ്രീലേഖ തന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു കഴിഞ്ഞു. ശനിയാഴ്ച രാവിലെ നര്‍മദ കോംപ്ലക്സിന് സമീപം ചുവരെഴുതിക്കൊണ്ട് ശ്രീലേഖ പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു.
ബിജെപി കേന്ദ്ര നേതൃത്വത്തിന് കൈമാറിയ 52 മണ്ഡലങ്ങളിലെ പ്രാഥമിക പട്ടികയിലാണ് സിനിമ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഇടംപിടിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറയില്‍ ട്വന്റി 20 തലവന്‍ സാബു ജേക്കബ് മത്സരിക്കണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെങ്കിലും, അദ്ദേഹം തയ്യാറായില്ലെങ്കില്‍ ശ്വേതാ മേനോനെ കളത്തിലിറക്കാനാണ് നീക്കം. നെടുമങ്ങാട്ട് യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ യുവരാജ് ഗോകുലിനെയാണ് പാര്‍ട്ടി മുഖ്യമായും പരിഗണിക്കുന്നത്. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കുട്ടനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യവും ശക്തമാണ്.
മറ്റ് പ്രധാന മണ്ഡലങ്ങളിലെ സാധ്യതകള്‍ പരിശോധിക്കുമ്പോള്‍ നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി. മുരളീധരനും കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസും സ്ഥാനാര്‍ത്ഥികളായേക്കും. തിരുവനന്തപുരത്ത് കരമന ജയന്, ജി. കൃഷ്ണകുമാര്‍, രാജശേഖരന് നായര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. പാലക്കാട് ശോഭാ സുരേന്ദ്രനും കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും മത്സരരംഗത്തിറങ്ങാനാണ് സാധ്യത. വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനെതിരെ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ തൃശ്ശൂരിലേക്കാണ് പത്മജയെ പരിഗണിക്കുന്നത്.
തൃശ്ശൂരില്‍ പത്മജ ഇല്ലെങ്കില്‍ ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വത്തെ സ്ഥാനാര്‍ത്ഥിയാക്കാനാണ് എന്‍ഡിഎ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ലോക്സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ബിജെപി മുന്നിലെത്തിയ വട്ടിയൂര്‍ക്കാവ് ഇത്തവണ തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ആര്. ശ്രീലേഖയെപ്പോലെയുള്ള കരുത്തുറ്റ വ്യക്തിത്വത്തെ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്, കോഴിക്കോട് നോര്‍ത്തില്‍ നവ്യ ഹരിദാസ്, ഷൊര്‍ണ്ണൂരില്‍ ശങ്കു ടി. ദാസ്, പാലായില്‍ ഷോണ്‍ ജോര്‍ജ് തുടങ്ങിയവരും ബിജെപി കേന്ദ്രഘടകത്തിന് നല്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ബിഡിജെഎസിന് 30 സീറ്റുകളും ട്വന്റി 20-യ്ക്ക് 10 മുതല്‍ 12 സീറ്റുകള്‍ വരെയും നല്‍കാനാണ് ആദ്യഘട്ട ധാരണ. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി വൈകുമെങ്കിലും വട്ടിയൂര്‍ക്കാവ് പോലുള്ള എ ക്ലാസ് മണ്ഡലങ്ങളില്‍ പ്രചാരണം നേരത്തെ തുടങ്ങാനാണ് ബിജെപി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ആറ്റിങ്ങലില്‍ ഡെപ്യൂട്ടി മേയര്‍ ആശാനാഥ് മത്സരിക്കാനാണ് സാധ്യത.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ആദിത്യന്റെ മരണം: അഡ്മിഷനില്‍ പോലും ചതി; നീതി അകലെയെന്ന് കുടുംബം; സന്ദീപ് പാണ്ഡ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് പിതാവ്; കര്‍ണാടകയില്‍ നിന്ന് നീതി കിട്ടില്ലെന്ന് ആശങ്ക; ദുരൂഹത നീങ്ങാത്ത മരണം





