മുംബൈ: ജേക്കബ് ബേത്തലിന്റെ മിന്നല്‍ സെഞ്ചുറി ഉയര്‍ത്തിയ വെല്ലുവിളിയെ ജസ്പ്രീത് ബുംറയുടെ മാന്ത്രിക ബൗളിങ്ങും സഞ്ജു സാംസണിന്റെ വീരോചിത ബാറ്റിങ്ങും കൊണ്ട് അതിജീവിച്ച് ഇന്ത്യ ട്വന്റി-20 ലോകകപ്പിന്റെ ഫൈനലില്‍. റണ്‍മഴ പെയ്ത സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തു. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗില്‍ ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സെന്ന ഹിമാലയന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട്, 105 റണ്‍സെടുത്ത ബേത്തലിന്റെ പോരാട്ടവീര്യത്തിലും തോല്‍വി സമ്മതിക്കുകയായിരുന്നു. ഇന്ത്യ ഏഴു റണ്‍സിന് ജയിച്ചു.
വിശാഖപട്ടണത്തെ സൂപ്പര്‍ എട്ട് മത്സരത്തിലെ ഫോം മുംബൈയിലും ആവര്‍ത്തിച്ച സഞ്ജു സാംസണാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. ആദ്യ ഓവറില്‍ തന്നെ ജോഫ്ര ആര്‍ച്ചറെ ഫോറും സിക്സറും പറത്തി തുടങ്ങിയ മലയാളി താരം ഇംഗ്ലീഷ് ബൗളര്‍മാരെ നിലംതൊടാന്‍ അനുവദിച്ചില്ല. 42 പന്തില്‍ 8 ഫോറും 7 സിക്സുമടക്കം 89 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. സഞ്ജു പുറത്താകുമ്പോഴേക്കും ഇന്ത്യ സുരക്ഷിതമായ നിലയിലെത്തിയിരുന്നു.
ഇഷാന് കിഷന് (18 പന്തില്‍ 39), ശിവം ദുബെ (25 പന്തില്‍ 43) എന്നിവര്‍ സഞ്ജുവിന് മികച്ച പിന്തുണ നല്കി. അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യയും (27) തിലക് വര്‍മയും (21) തകര്‍ത്തടിച്ചതോടെ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെന്ന റെക്കോര്‍ഡ് സ്കോറിലേക്ക് ഇന്ത്യയെത്തി.
മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് തുടക്കത്തില്‍ പതറിയെങ്കിലും നാലാമനായിറങ്ങിയ ജേക്കബ് ബേത്തല്‍ കളി മാറ്റിമറിച്ചു. വെറും 19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച താരം അധികം വൈകാതെ സെഞ്ചുറിയിലേക്കും കുതിച്ചു. വില്‍ ജാക്സിനൊപ്പം ചേര്‍ന്ന് ബേത്തല്‍ ഇന്ത്യയെ തോല്‍വിയുടെ വക്കോളമെത്തിച്ചു.
എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പന്തേല്‍പ്പിച്ചത് വിശ്വസ്തനായ ജസ്പ്രീത് ബുംറയെയാണ്. ഹാരി ബ്രൂക്കിനെ നേരത്തെ മടക്കിയ ബുംറ, ഡെത്ത് ഓവറുകളില്‍ തന്റെ സ്വതസിദ്ധമായ യോര്‍ക്കറുകളിലൂടെ ഇംഗ്ലണ്ടിനെ ശ്വാസം മുട്ടിച്ചു. ഒടുവില്‍ 105 റണ്‍സെടുത്ത ബേത്തലിനെ വീഴ്ത്തി ബുംറ ഇന്ത്യയുടെ ജയം ഉറപ്പാക്കി. അക്ഷര്‍ പട്ടേലിന്റെ മികച്ച ഫീല്‍ഡിംഗും വരുണ്‍ ചക്രവര്‍ത്തിയുടെ വിക്കറ്റ് വേട്ടയും ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം സുഗമമാക്കി.
പ്രതിസന്ധികളില്‍ തളരാത്ത പോരാട്ടവീര്യവുമായി സഞ്ജുവും ബുംറയും കളം നിറഞ്ഞപ്പോള്‍, ഒരു ലോകകപ്പ് കൂടി ഇന്ത്യയുടെ പടിവാതില്ക്കല് എത്തിയിരിക്കുന്നു. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ കിരീടത്തിനായി പോരാടും. ന്യൂസിലാണ്ടാണ് ഇന്ത്യയുടെ ഫൈനലിലെ എതിരാളികള്‍.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കാറിനു തീപിടിച്ചു ഗർഭിണി മരിച്ച സംഭവം ; പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഭർത്താവും മരിച്ചു





