സ്പാ ഉടമയെ കെട്ടിയിട്ടു, പെപ്പർ സ്പ്രേ അടിച്ചു; കണിമംഗലത്തെ നടുക്കിയ കവർച്ചയ്ക്ക് പിന്നിൽ മുൻ ജീവനക്കാരി! തൃശൂരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തെ പൊലീസ് കുടുക്കിയത് സിനിമാ സ്റ്റൈലിൽ

തൃശൂര്‍: കണിമംഗലത്ത് സ്പാ ഉടമയായ 57കാരിയെ വീട്ടിൽ കയറി കെട്ടിയിട്ട് സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ യുവതികളടങ്ങുന്ന ഏഴംഗ സംഘത്തെ തൃശൂർ സിറ്റി പൊലീസ് പിടികൂടി. ബംഗളൂരു സ്വദേശികളായ സൂസന്ന എയ്ഞ്ചൽ, സ്റ്റീഫൻ രാജ്, സൂര്യ, ഫെഡറിക്, ധനലക്ഷ്മി, ഷേർളി, സുചിത എന്നിവരെയാണ് കവർച്ച നടന്ന് മണിക്കൂറുകൾക്കുള്ളിൽ പട്ടിക്കാട് വെച്ച് പൊലീസ് സംഘം സാഹസികമായി പിടികൂടിയത്. സ്പാ ഉടമസ്ഥ നടത്തിവന്നിരുന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായ ആഞ്ജലീയ എന്ന സൂസന്ന എയ്ഞ്ചലിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഇന്നലെ പുലർച്ചെ അതിക്രമിച്ചു കയറിയ സംഘം വീട്ടിലുണ്ടായിരുന്നവരെ കയറുകൊണ്ട് കെട്ടിയിടുകയും പെപ്പർ സ്പ്രേ അടിച്ചും ആയുധങ്ങൾ കാട്ടിയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. സ്പാ ഉടമയുടെയും കൂടെയുണ്ടായിരുന്ന ജീവനക്കാരുടെയും പക്കൽ നിന്ന് അഞ്ച് മൊബൈൽ ഫോണുകൾ, ഒരു പവൻ ആഭരണം, 42,000 രൂപ എന്നിവ സംഘം കവർന്നു. ഇതിനുപുറമെ ഉടമയുടെ ഗൂഗിൾ പേ വഴി 20,000 രൂപ പ്രതികൾ നിർബന്ധപൂർവ്വം മാറ്റിയെടുക്കുകയും ചെയ്തു. സ്പാ ജീവനക്കാരെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് കർണാടക രജിസ്ട്രേഷനുള്ള കാറിലും ബുള്ളറ്റിലുമായി സംഘം രക്ഷപ്പെട്ടത്.

സംഭവം നടന്ന ഉടൻ സ്പാ ജീവനക്കാരി നൽകിയ ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് കമ്മിഷണർ ശശിധരന്റെ നേതൃത്വത്തിൽ നഗരത്തിൽ വാഹനപരിശോധന കർശനമാക്കിയിരുന്നു. തുടർന്ന് പട്ടിക്കാട് വെച്ച് മൂന്ന് സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡറുകളും അടങ്ങുന്ന സംഘത്തെ പൊലീസ് വളയുകയായിരുന്നു. പ്രതികളുടെ പക്കൽ നിന്ന് കവർച്ച ചെയ്ത പണവും ഫോണുകളും കണ്ടെടുത്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ. ദേശ്മുഖ് അറിയിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.