കോഴിക്കോട്: ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അടിത്തറയിളക്കിയ ബോഫോഴ്സ് ബോംബ് പാര്‍ലമെന്റില്‍ പൊട്ടിച്ചും, ഗള്‍ഫ് യുദ്ധഭൂമിയില്‍ നിന്ന് ഒന്നരലക്ഷം ഇന്ത്യക്കാരെ ആകാശമാര്‍ഗ്ഗം രക്ഷിച്ചും ചരിത്രമെഴുതിയ കെ.പി. ഉണ്ണികൃഷ്ണന് (90) വിടവാങ്ങി. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വിശ്വസ്തനായും പിന്നീട് കരുത്തനായ എതിരാളിയായും തിളങ്ങിയ അദ്ദേഹം, വടകരയുടെ വിധി മാറ്റിയെഴുതിയ രാഷ്ട്രീയ വിസ്മയമായിരുന്നു.
കുവൈറ്റിനെ സദ്ദാം ഹുസൈന്റെ ഇറാഖ് സേന ആക്രമിച്ചപ്പോള്‍ അവിടെ കുടുങ്ങിയ ഒന്നരലക്ഷത്തോളം ഇന്ത്യക്കാരുടെ ജീവന് രക്ഷിക്കാന്‍ ഉണ്ണികൃഷ്ണന് കാട്ടിയ ആര്‍ജ്ജവം സമാനതകളില്ലാത്തതാണ്. ‘ഇത്രയും പണം ചിലവാക്കി പ്രവാസികളെ കൊണ്ടുവരണോ’ എന്ന് ചോദിച്ച കാബിനറ്റ് സെക്രട്ടറിയോട്, ‘ഇവരെ രക്ഷിക്കാന്‍ സര്‍ക്കാരിന് താല്പര്യമില്ലെങ്കില് എനിക്ക് മന്ത്രിയായി തുടരാന്‍ താല്പര്യമില്ല’ എന്ന് അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞു.
ബാഗ്ദാദിലെ യുദ്ധഭൂമിയിലേക്ക് ഹെലികോപ്റ്ററുകള്‍ മാറിമാറി കയറി, ഒടുവില്‍ കണ്ണുകള്‍ കറുത്ത തുണികൊണ്ട് കെട്ടിയാണ് ഉണ്ണികൃഷ്ണനെ സദ്ദാമിന്റെ ഒളിത്താവളത്തില്‍ എത്തിച്ചത്. അവിടെ സദ്ദാം മുന്നോട്ടുവെച്ച നിബന്ധന ഒന്നുമാത്രം: ‘അമേരിക്കയുടെ സഹായം തേടരുത്, ഇന്ത്യന്‍ വിമാനങ്ങളില്‍ മാത്രമേ ഇവരെ കൊണ്ടുപോകാവൂ.’ ആ വാക്ക് പാലിച്ച് ലോകത്തിലെ ഏറ്റവും വലിയ ആകാശ ഒഴിപ്പിക്കലിന് അദ്ദേഹം ചുക്കാന്‍ പിടിച്ചു.
1980-കളില്‍ കോണ്‍ഗ്രസിന്റെ പതനത്തിന് വഴിവെച്ച ബോഫോഴ്സ് വിവാദത്തിന്റെ കുന്തമുനയായിരുന്നു ഉണ്ണികൃഷ്ണന്. സ്വീഡനിലെ സുഹൃത്തുക്കളില്‍ നിന്നും പത്രപ്രവര്‍ത്തക ചിത്രാ സുബ്രഹ്മണ്യത്തില്‍ നിന്നും ലഭിച്ച രഹസ്യരേഖകളുമായി അദ്ദേഹം സഭയില്‍ എഴുന്നേറ്റു നില്‍ക്കുന്നത് ഭരണകക്ഷിക്ക് നെഞ്ചിടിപ്പായിരുന്നു. ഖത്രോക്കിയുടെ ബന്ധങ്ങള്‍ പുറത്തുവിട്ട് രാജീവ് ഗാന്ധി എന്ന അതികായനെപ്പോലും അദ്ദേഹം വിറപ്പിച്ചു.
1971-ല്‍ ലീലാ ദാമോദരമേനോനായി എഴുതിയ ചുമരെഴുത്തുകള്‍ മായ്ച്ചാണ് ഇന്ദിര തന്റെ ദൂതനായി ഉണ്ണികൃഷ്ണനെ വടകരയിലിറക്കിയത്. പിന്നീട് ആറു തവണ തോല്‍വി അറിയാതെ അദ്ദേഹം ആ മണ്ഡലത്തെ നയിച്ചു. സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോഴും ‘താന്‍ എന്നും കോണ്‍ഗ്രസുകാരനാണ്’ എന്ന് അഭിമാനിച്ചിരുന്ന അദ്ദേഹം, വി.പി. സിംഗ് മന്ത്രിസഭയിലെ സുപ്രധാന കണ്ണിയായിരുന്നു. 1991-ല്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്ത ‘കോലീബി’ സഖ്യത്തെപ്പോലും പരാജയപ്പെടുത്തി വടകരയുടെ ചരിത്രം അദ്ദേഹം കാത്തുസൂക്ഷിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഡോ.വന്ദന ദാസ് കൊലക്കേസ് ; പ്രതിയുടെ അപ്പീലിൽ സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി





