തിരുവനന്തപുരം: നവകേരള സര്‍വേക്ക് പിന്നിലെ ലക്ഷ്യം തുടര്‍ഭരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറയുന്ന ശബ്ദരേഖ പുറത്തായ സംഭവത്തില്‍ അന്വേഷണത്തിന് തീരുമാനം. അതീവ ഗൗരവത്തോടെയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ഈ ചോര്‍ച്ചയെ കാണുന്നത്. ഔദ്യോഗിക യോഗത്തിലെ സംഭാഷണം ചോര്‍ന്ന സാഹചര്യം പരിശോധിക്കാനും ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന മുന്‍കരുതലുകള്‍ സ്വീകരിക്കാനുമാണ് നീക്കം.
മന്ത്രി കെ. രാജന്, ചീഫ് സെക്രട്ടറി എ. ജയതിലക് തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത അടച്ചിട്ട മുറിയിലെ യോഗവിവരങ്ങളാണ് പുറത്തുപോയത്. സര്‍വേയുടെ ജില്ലാതല നിര്‍വാഹക സമിതിയംഗങ്ങള്ക്കായി ഒക്ടോബര്‍ 22-ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിശീലന ശില്പശാലയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍. ഔദ്യോഗിക സംവിധാനത്തിനുള്ളില്‍ നിന്നുള്ള വിവരങ്ങള്‍ ഇത്തരത്തില്‍ പുറത്തുപോകുന്നത് ഗൗരവതരമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. എങ്ങനെയാണ് ഓഡിയോ റെക്കോര്‍ഡ് ചെയ്തതെന്നും ആരാണ് ഇത് ചോര്‍ത്തിയതെന്നും കണ്ടെത്താന്‍ വിശദമായ പരിശോധന നടക്കും.
ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍, പത്തുവര്‍ഷമായി അധികാരത്തിലുള്ള ഇടത് സര്‍ക്കാര്‍ 2031-ല്‍ കേരളത്തെ അഭിവൃദ്ധിപ്പെടുത്താന്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന രാഷ്ട്രീയ ലക്ഷ്യമാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ജനങ്ങള്‍ക്ക് വികസനവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്. വൊളന്റിയര്‍മാര്‍ പ്രകോപിതരാകാതെ ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി ശബ്ദരേഖയില്‍ ആവശ്യപ്പെടുന്നു.
ഈ സംഭവം വിവാദമായതോടെ വരുംദിവസങ്ങളില്‍ നടക്കുന്ന സമാനമായ യോഗങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള റെക്കോര്‍ഡിംഗ് ഉപകരണങ്ങള്‍ക്ക് യോഗസ്ഥലത്ത് നിയന്ത്രണം വന്നേക്കും. പാര്‍ട്ടി തലത്തിലും ഭരണതലത്തിലും ഈ ചോര്‍ച്ച വലിയ അതൃപ്തിയാണുണ്ടാക്കിയിരിക്കുന്നത്. സിപിഎം അനുകൂലരുണ്ടായിരുന്ന യോഗത്തിലെ ഓഡിയോയാണ് ചോര്‍ന്നത്. ഇത് നവകേരള സര്‍വ്വേയിലെ രാഷ്ട്രീയ താല്‍പ്പര്യം ചര്‍ച്ചയാക്കുകയും ചെയ്തു.
കഴിഞ്ഞ പത്ത് വര്‍ഷത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ എങ്ങനെയുളളതായാണ് കാണുന്നത് എന്ന് നേരിട്ട് ചോദിച്ചറിയുക, ക്ഷേമപദ്ധതികളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ശേഖരിക്കുക, 2031-ല്‍ കേരളം എവിടെയെത്തണം എന്നതിനെക്കുറിച്ച് ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക എന്നിവയായിരുന്നു നവകേരള സര്‍വ്വേയുടെ ലക്ഷ്യങ്ങള്‍. പുറത്തുവന്ന മുഖ്യമന്ത്രിയുടെ ശബ്ദരേഖ പ്രകാരം, സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനും, അടുത്ത തിരഞ്ഞെടുപ്പിലും വിജയിച്ച് ‘തുടര്‍ഭരണം’ ഉറപ്പാക്കാനും വേണ്ടിയുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഏതായാലും ഇത് ഹൈക്കോടതി റദ്ദാക്കി. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന് പുറത്തു വന്ന ഓഡിയോ വിവാദമാകും.
സംസ്ഥാനത്തെ ഏകദേശം 80 ലക്ഷം വീടുകളില്‍ വോളന്റിയര്‍മാര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു പദ്ധതി. പ്രത്യേക ചോദ്യാവലി ഉപയോഗിച്ച് ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന മറുപടികള്‍ മൊബൈല്‍ ആപ്പ് വഴി അപ്ലോഡ് ചെയ്യാനായിരുന്നു ആലോചന. തിരഞ്ഞെടുക്കപ്പെട്ട വോളന്റിയര്‍മാരെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. ഈ സര്‍വ്വേ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള രാഷ്ട്രീയ പ്രചാരണമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഇത് തടഞ്ഞു. ബജറ്റില്‍ വകയിരുത്താത്ത 20 കോടി രൂപ ഇതിനായി ചെലവഴിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ ‘സര്‍വ്വേയുടെ ലക്ഷ്യം തുടര്‍ഭരണമാണെന്നും, 2031-ല്‍ കേരളത്തെ മാറ്റാന്‍ എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരണമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും’ മുഖ്യമന്ത്രി പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്തായത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി എന്നതാണ് വസ്തുത.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു ; 99.07% വിജയം





