എറണാകുളം : സൈജു കുറുപ്പ് നായകനായ ‘അഭിലാഷം’ എന്ന സിനിമയുടെ സംവിധായകൻ ഷംസു സൈബയെ സാമ്പത്തിക തട്ടിപ്പ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. നിർമ്മാണ കരാറിൽ പറഞ്ഞതിനേക്കാൾ കൂടുതൽ തുക സിനിമാ ചിത്രീകരണത്തിനായി കൈവശപ്പെടുത്തിയെന്നും വഞ്ചിച്ചുവെന്നുമുള്ള നിർമ്മാതാവിന്റെ പരാതിയിലാണ് നടപടി. ഷംസു സൈബ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ സെക്കൻഡ് ഷോ പ്രൊഡക്ഷൻസിന്റെ മാനേജിങ് പാർട്ട്ണർ ആൻ സരിഗ ആന്റണിയാണ് പരാതിക്കാരി. വഞ്ചന, ഗൂഢാലോചന, കോപ്പിറൈറ്റ് ആക്ട്, സിനിമാറ്റോഗ്രാഫി ആക്ട് തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിനിമ പൂർത്തിയാക്കാൻ 2.25 കോടി രൂപ മതിയാകുമെന്ന് വിശ്വസിപ്പിച്ച സംവിധായകൻ, ചിത്രീകരണം മനഃപൂർവം വൈകിപ്പിച്ച് 3.25 കോടി രൂപ ചെലവാക്കിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. നിർമ്മാതാവിന്റെ സമ്മതമില്ലാതെ സിനിമയുടെ മാസ്റ്റർ പ്രിന്റ് അടങ്ങിയ ഹാർഡ് ഡിസ്ക് സംവിധായകൻ കൈക്കലാക്കിയെന്നും ഇത് നിയമവിരുദ്ധമാണെന്നും പരാതിക്കാരി ആരോപിക്കുന്നു.
നേരിട്ടുള്ള സാമ്പത്തിക നഷ്ടമായി 97 ലക്ഷം രൂപയും വ്യാപാര നഷ്ടമടക്കം ആകെ 4 കോടി രൂപയുടെ നഷ്ടം തനിക്ക് സംഭവിച്ചതായി ആൻ സരിഗ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.’മണിയറയിലെ അശോകൻ’ എന്ന ചിത്രത്തിന് ശേഷം ഷംസു സൈബ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ‘അഭിലാഷം’. സൈജു കുറുപ്പ്, തൻവി റാം, അർജുൻ അശോകൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ജെനിത് കാച്ചപ്പിള്ളിയാണ് തിരക്കഥ. ആൻ സരിഗ ആന്റണിയും ശങ്കർ ദാസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
ഷംന കാസിം വീണ്ടും അമ്മയായി! ഹംദാൻ മോന് കൂട്ടായി കുഞ്ഞനിയത്തി എത്തി; ആശംസകളുമായി ആരാധകർ!


പ്രതിഛായ’ നൂറ് ശതമാനം ഫിക്ഷൻ; പ്രൊപ്പഗണ്ട ആരോപണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ;ട്രെയിലർ സൂപ്പർ ഹിറ്റ് !





