തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിലെ കണക്കുകളെച്ചൊല്ലിയുള്ള വിവാദം ആളിക്കത്തിച്ചതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പങ്കിനെക്കുറിച്ച് സിപിഎം കേന്ദ്രങ്ങളില്‍ കടുത്ത സംശയം. ദേവസ്വം മന്ത്രി വി.എന്‍. വാസവനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിക്കൂട്ടിലാക്കുന്ന നിലപാടാണ് ബോര്‍ഡ് സ്വീകരിച്ചതെന്ന വിലയിരുത്തലിലാണ് സര്‍ക്കാരും പാര്‍ട്ടിയും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിനെ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചു കഴിഞ്ഞു. വിവാദം കൈകാര്യം ചെയ്ത രീതിയില്‍ ബോര്‍ഡിന് വീഴ്ച പറ്റിയെന്നും മതിയായ ജാഗ്രതയില്ലാതെ ഓഡിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കിയത് ഗൂഢാലോചനയുടെ ഭാഗമാണോ എന്നാണ് പാര്‍ട്ടി സംശയിക്കുന്നത്.
അയ്യപ്പസംഗമത്തിന്റെ മറവില്‍ സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തിയെന്ന പ്രതീതി സൃഷ്ടിക്കാന്‍ ബോര്‍ഡിന്റെ നടപടികള്‍ കാരണമായെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിനുപിന്നില്‍ പ്രതിപക്ഷത്തിന്റെ കൃത്യമായ ഗൂഢാലോചന ഉണ്ടെന്നാണ് സിപിഎം നിഗമനം. മുഖ്യമന്ത്രിക്ക് വേണ്ടി ഒരുക്കിയ കട്ടിലിന്റെയും മെത്തയുടെയും കണക്കുകള്‍ പുറത്തുവന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചിട്ടുണ്ട്. മുന്‍ പ്രസിഡന്റ് പറഞ്ഞ കണക്കുകളില്‍ നിന്ന് വ്യത്യസ്തമായി വലിയ തുക ഹൈക്കോടതിയില്‍ ബോധിപ്പിച്ചത് സര്‍ക്കാരിനെ വെട്ടിലാക്കാനാണോ എന്ന ചോദ്യം ഉയരുന്നു.
സ്വര്‍ണ്ണക്കൊള്ള വിവാദങ്ങളില്‍ നിന്ന് ഇടതുപക്ഷം കരകയറി വരുമ്പോള്‍ പുതിയൊരു വിവാദത്തിന് തിരികൊളുത്താന്‍ ദേവസ്വം ബോര്‍ഡിലെ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചോ എന്നാണ് പാര്‍ട്ടി പരിശോധിക്കുന്നത്. ഊരാളുങ്കല്‍ കരാറിലെ ദുരൂഹതകളും ടെന്‍ഡര്‍ നടപടികളിലെ പിഴവുകളും കൃത്യമായി പ്രതിരോധിക്കുന്നതിന് പകരം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത് എന്തിനാണെന്ന് ജയകുമാറിനോട് പാര്‍ട്ടി ചോദിക്കുന്നു. 17-ാം തീയതി നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ ഈ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ നടന്നത് പകല്‍ക്കൊള്ളയെന്ന ആരോപണങ്ങള്‍ ശരിവെച്ച് വിജിലന്‍സ് അന്വേഷണം വരുന്നു എന്നതാണ് വസ്തുത. പരിപാടിയില്‍ പങ്കെടുക്കുകയോ അവതരിപ്പിക്കുകയോ ചെയ്യാത്ത ‘നന്ദഗോവിന്ദം ഭജന്‍സി’ന്റെ പേരില്‍ എട്ടുലക്ഷം രൂപയുടെ വ്യാജ ബില്ല് ചമച്ചതിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി ലഭിച്ചു. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിംഗാണ് ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും ഒരുപോലെ വിയര്‍പ്പിക്കുന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
2025 സെപ്റ്റംബര്‍ 20-ന് നടന്ന അയ്യപ്പ സംഗമത്തില്‍ ഗായകന്‍ ഇഷാന്‍ ദേവിന്റെ ഭക്തിഗാന സദസ്സാണ് യഥാര്‍ത്ഥത്തില്‍ അരങ്ങേറിയത്. നന്ദഗോവിന്ദം ഗ്രൂപ്പിനെ അധികൃതര്‍ പരിപാടിയിലേക്ക് ക്ഷണിക്കുക പോലും ചെയ്തിരുന്നില്ല. എന്നിട്ടും ഇല്ലാത്ത പരിപാടിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടാന്‍ പിന്നില്‍ പ്രവര്‍ത്തിച്ച ‘ബുദ്ധികേന്ദ്രം’ ആരെന്ന അന്വേഷണത്തിലാണ് വിജിലന്‍സ്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത ചടങ്ങില്‍ ഇത്തരമൊരു വെട്ടിപ്പ് നടന്നത് സര്‍ക്കാരിന്റെ കണ്മുന്നിലാണെന്നത് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
നാലു കോടിയോളം രൂപ ചെലവിട്ട അയ്യപ്പ സംഗമത്തിലെ ഓരോ ബില്ലും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. അവതരിപ്പിക്കാത്ത പരിപാടികള്‍ക്ക് പോലും പണം എഴുതിയെടുത്തതിലൂടെ ദേവസ്വം ബോര്‍ഡിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് വന്‍ അഴിമതിയാണ് നടത്തിയതെന്ന സൂചനയാണ് പരാതി നല്‍കുന്നത്. സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നാലെ ഭജനയുടെ പേരില്‍ നടന്ന ഈ ‘ഭക്തിക്കവര്‍ച്ച’ കൂടി പുറത്തുവന്നതോടെ പിണറായി സര്‍ക്കാര്‍ വന്‍ പ്രതിരോധത്തിലായിരിക്കുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വട്ടിയൂര്‍ക്കാവില്‍ ‘രാജയോഗം’ വരുമോ? ആദിത്യ വര്‍മ്മയ്ക്കായി വലവിരിച്ച് കോണ്്രസും ബിജെപിയും; സാധ്യത തള്ളാതെ പ്രിന്‍സ് ആദിത്യ വര്‍മ്മ





