സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ യാത്രാ വിവരങ്ങൾ എല്ലാം ‘ടോപ്പ് സീക്രട്ട്’! വിവരാവകാശ അപേക്ഷ തള്ളി പോലീസ്, ദുരൂഹതയെന്ന് ആരോപണം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകി ഉപയോഗിക്കുന്ന ഹെലികോപ്റ്ററിന്റെ യാത്ര സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് പോലീസ്. ഹെലികോപ്റ്റർ എവിടെയൊക്കെ പറന്നു, ആരൊക്കെ യാത്ര ചെയ്തു തുടങ്ങിയ വിവരങ്ങൾ തേടി സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്കാണ് “സമ്പൂർണ്ണ രഹസ്യം” എന്ന മറുപടി നൽകി അധികൃതർ കൈമലർത്തിയത്. വിവരങ്ങൾ രഹസ്യ വിഭാഗത്തിൽ ഉൾപ്പെടുന്നതാണെന്നും അതിനാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമാണ് പോലീസ് ആസ്ഥാനത്തെ വിശദീകരണം.

ഡൽഹിയിലെ ചിപ്‌സൺ ഏവിയേഷൻ കമ്പനിയിൽ നിന്നാണ് മാസം 25 മണിക്കൂർ പറക്കാനായി 80 ലക്ഷം രൂപയ്ക്ക് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തിരിക്കുന്നത്. കരാർ സംബന്ധിച്ച മുൻപത്തെ സർക്കാർ വെളിപ്പെടുത്തലുകൾ പോലും ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നത് ശ്രദ്ധേയമാണ്.

മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ കൊണ്ടുപോകാൻ എത്ര തവണ ഹെലികോപ്റ്റർ ഉപയോഗിച്ചു എന്ന ചോദ്യത്തിന് പോലീസ് മറുപടി നൽകിയില്ല. എന്നാൽ, അഞ്ച് വർഷത്തിനിടെ ആറ് തവണ ഹെലികോപ്റ്റർ ഉപയോഗിച്ചതായി അവയവദാന ഏജൻസിയായ കെ-സോട്ടോ (K-SOTTO) ഉദ്യോഗസ്ഥർ പിന്നീട് വ്യക്തമാക്കി.

 മന്ത്രിസഭാംഗങ്ങളോ കുടുംബാംഗങ്ങളോ എത്ര തവണ യാത്ര ചെയ്തു, സംസ്ഥാനത്തിന് പുറത്തേക്ക് സർവീസ് നടത്തിയോ തുടങ്ങിയ ചോദ്യങ്ങൾക്കും രഹസ്യസ്വഭാവം ചൂണ്ടിക്കാട്ടി മറുപടി നിഷേധിച്ചു.

 നേരത്തെ മുഖ്യമന്ത്രി വിശദീകരിച്ചതനുസരിച്ച്, തീരദേശ നിരീക്ഷണത്തിന് 5 മണിക്കൂറും, വിഐപി യാത്രകൾക്കും എയർ ആംബുലൻസിനുമായി 15 മണിക്കൂറും, മാവോയിസ്റ്റ് നിരീക്ഷണത്തിനായി 5 മണിക്കൂറുമാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല.

പൊതുമുതൽ ഉപയോഗിച്ച് നടത്തുന്ന സേവനങ്ങളുടെ വിവരങ്ങൾ സുരക്ഷയുടെ പേരിൽ മറച്ചുവെക്കുന്നത് സുതാര്യതയ്ക്ക് വിരുദ്ധമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അടിയന്തര സാഹചര്യങ്ങളിൽ സമയക്രമത്തിൽ മാറ്റം വരുത്താൻ പോലീസ് മേധാവിക്ക് അധികാരമുണ്ടെന്നിരിക്കെ, യഥാർത്ഥ ഉപയോഗം സംബന്ധിച്ച കണക്കുകൾ പുറത്തുവരാത്തത് വരും ദിവസങ്ങളിൽ  വലിയ പ്രതിഷേധത്തിന് കാരണമായേക്കും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.