ഷാഫിക്ക് ‘പട്ടാഭിഷേകം’, ഹൈബിക്ക് ‘ഔട്ട്’; കോണ്‍ഗ്രസ് പ്രചാരണ സമിതിയില്‍ ഹൈബി ഈഡന്‍ തികഞ്ഞ അതൃപ്തിയില്‍

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച പ്രചാരണ സമിതിയില്‍ ഹൈബി ഈഡന്റെ എംപി അതൃപ്തിയില്‍. രമേശ് ചെന്നിത്തല നായകനായും ശശി തരൂര്‍ ഉപാധ്യക്ഷനായും ഷാഫി പറമ്പില്‍ കണ്‍വീനറായും എത്തിയ സമിതിയില്‍, ഹൈബി ഈഡന്‍ എംപിയെ സുപ്രധാന പദവികളില്‍ നിന്ന് ഒഴിവാക്കിയതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചുമതലക്കാരനായിട്ടും ഹൈബിയെ തഴഞ്ഞതില്‍ അദ്ദേഹത്തിന്റെ ക്യാമ്പ് കടുത്ത പ്രതിഷേധത്തിലാണ്.

യുവാക്കളെയും ജെന്‍സികളെയും ആകര്‍ഷിക്കാന്‍ ഷാഫി പറമ്പിലിനും ശശി തരൂരിനും വലിയ പ്രാധാന്യം നല്‍കുമ്പോള്‍, സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയുടെ മുഖമായ ഹൈബിക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നാണ് ആക്ഷേപം. ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ തലപ്പത്തിരുന്നിട്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ തന്നെ മാറ്റിനിര്‍ത്തിയത് വ്യക്തിപരമായ അവഗണനയായാണ് ഹൈബി കാണുന്നത്. തന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി നേതൃത്വം സംതൃപ്തരല്ലെന്ന പരോക്ഷ സന്ദേശമാണോ ഇതെന്നും അദ്ദേഹം സംശയിക്കുന്നു. ഷാഫിയെക്കാള്‍ സീനിയറാണ് ഹൈബി. ഈ പരിഗണന കിട്ടിയില്ലെന്നതാണ് നിരാശയ്ക്ക് കാരണം.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ‘ഒറ്റയാള്‍ പോരാട്ടത്തിന്’ തടയിടാനാണ് ഹൈക്കമാന്‍ഡ് രമേശ് ചെന്നിത്തലയെ രംഗത്തിറക്കിയത്. എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ സമുദായ നേതൃത്വങ്ങളുമായി സതീശന്‍ പുലര്‍ത്തുന്ന അകല്‍ച്ച തിരഞ്ഞെടുപ്പില്‍ വലിയ പാരയാകുമെന്ന് ദില്ലി തിരിച്ചറിയുന്നു. സമുദായ നേതാക്കളെ അനുനയിപ്പിക്കാന്‍ ചെന്നിത്തലയുടെ അനുഭവസമ്പത്ത് വേണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. എന്നാല്‍, ഇത്തരമൊരു സോഷ്യല്‍ എന്‍ജിനീയറിംഗിനിടയില്‍ ഹൈബിയെപ്പോലുള്ള യുവ നേതാക്കളെ തഴഞ്ഞത് എ ഗ്രൂപ്പിനുള്ളിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

നേരത്തെ വി.ടി. ബല്‍റാമിനെ മാറ്റി ഹൈബി ഈഡന് ഡിജിറ്റല്‍ മീഡിയയുടെ ചുമതല നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍, സമിതി പുനഃസംഘടനയില്‍ ഹൈബിയെ സുപ്രധാന കസേരയില്‍ നിന്ന് മാറ്റിനിര്‍ത്തിയത് സതീശന്‍-ചെന്നിത്തല പോരിനിടയില്‍ ചിലര്‍ കരുതിക്കൂട്ടി ചെയ്തതാണെന്ന വിലയിരുത്തലുണ്ട്. തന്നെ അവഗണിച്ചുവെന്ന വികാരം പല മുതിര്‍ന്ന നേതാക്കളുമായി ഹൈബി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. നിയമസഭയിലേക്ക് മത്സരിക്കാനും ഹൈബിയ്ക്ക് താല്‍പ്പര്യമുണ്ട്. എന്നാല്‍ അതും അംഗീകരിക്കില്ല.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി അത്ര സുഖകരമായ ബന്ധമല്ല ഹൈബിക്കുള്ളതെന്ന് നേരത്തെ തന്നെ സംസാരമുണ്ട്. ചെന്നിത്തലയുടെ നേതൃത്വത്തില്‍ സമുദായ സമവാക്യങ്ങള്‍ നോക്കി സമിതി പുനഃസംഘടിപ്പിച്ചപ്പോള്‍, ഷാഫി പറമ്പിലിനെ മുസ്ലീം പ്രാതിനിധ്യമായും യുവത്വമായും ഉയര്‍ത്തിക്കാട്ടാന്‍ നേതൃത്വത്തിന് കഴിഞ്ഞു. എന്നാല്‍ ഹൈബിയെ വെറും മെമ്പറാക്കിയത് അദ്ദേഹത്തെ ഒതുക്കാനുള്ള നീക്കമാണെന്ന് ഹൈബി അനുകൂലികള്‍ ആരോപിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയുടെ ശബ്ദമായിട്ടും അര്‍ഹമായ പരിഗണന കിട്ടാത്തതില്‍ ഹൈബി കടുത്ത പ്രതിഷേധത്തിലാണെന്നാണ് വിവരം.

നേരത്തെ വി.ടി. ബല്‍റാമിനെ മാറ്റി ഹൈബിയെ ഡിജിറ്റല്‍ സെല്‍ ഏല്‍പ്പിച്ചത് ഹൈക്കാമണ്ട് നേരിട്ടായിരുന്നു. എന്നാല്‍ പ്രചാരണ സമിതിയില്‍ ഷാഫി പറമ്പിലിന് ലഭിച്ച ‘പ്രമോഷന്‍’ ഹൈബിയെപ്പോലുള്ള സമകാലികരായ നേതാക്കള്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. ഷാഫിയെ കണ്‍വീനറാക്കിയത് വഴി ഒരു പ്രത്യേക ഗ്രൂപ്പിനെ പ്രീണിപ്പിക്കാനാണോ നീക്കമെന്നും ചോദ്യങ്ങള്‍ ഉയരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.