തമിഴകത്ത് തിളങ്ങി അനശ്വര രാജൻ; ‘വിത്ത് ലവ്’ സിനിമയെയും നടിയെയും പ്രശംസിച്ച് സൂപ്പർ താരം രജനികാന്ത്

ചെന്നൈ:മലയാളത്തിന്റെ പ്രിയതാരം അനശ്വര രാജന്റെ തമിഴ് ചിത്രം ‘വിത്ത് ലവി’ ന് തമിഴ്‌നാട്ടില്‍ വന്‍ വരവേല്‍പ്പ്. ഫെബ്രുവരി ആറിന് റിലീസ് ചെയ്ത ചിത്രത്തിലെ അനശ്വരയുടെ മികച്ച പ്രകടനത്തെ തമിഴ് ചലച്ചിത്ര പ്രേമികളും നിരൂപകരും ഒരുപോലെ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിലെ അഭിനയം കണ്ട് സൂപ്പര്‍ താരം രജനികാന്ത് അനശ്വരയെ നേരില്‍ വിളിച്ച് അഭിനന്ദിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറല്‍.

സിനിമ കണ്ട ശേഷം അനശ്വരയെ നേരിൽ കണ്ടപ്പോൾ “ഇത്രയും നാൾ നീ എവിടെയായിരുന്നു?” എന്നാണ് രജനികാന്ത് ചോദിച്ചത്. ഇക്കാര്യം സിനിമയുടെ ‘താങ്ക്സ് മീറ്റിൽ’ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയായ സൗന്ദര്യ രജനികാന്ത് പങ്കുവെച്ചു. അച്ഛന്റെ വാക്കുകൾ തന്നെയാണ് തനിക്കും തോന്നിയതെന്നും തമിഴ് സിനിമയിലേക്ക് അനശ്വരയെ സ്വാഗതം ചെയ്യുന്നുവെന്നും സൗന്ദര്യ പറഞ്ഞു. രജനികാന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അനശ്വരയും തന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
സിനിമയിലെത്തി 17 വർഷങ്ങൾക്ക് ശേഷമാണ് താൻ യഥാർത്ഥ വിജയം അനുഭവിക്കുന്നതെന്ന് സൗന്ദര്യ രജനികാന്ത് വൈകാരികമായി പറഞ്ഞു. “പ്രീമിയർ ഷോയ്ക്ക് ശേഷം ഞാൻ അച്ഛനെ കാണാൻ ചെന്നപ്പോൾ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് ചിരിച്ചു. ഇതാണോ അച്ഛാ വിജയം എന്ന് ഞാൻ ചോദിച്ചു. ഇത്രയും കാലത്തെ സിനിമാ ജീവിതത്തിനിടയിൽ ആദ്യമായാണ് എനിക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത്,” സൗന്ദര്യ വ്യക്തമാക്കി.
സൗന്ദര്യ രജനികാന്തിന്റെ സിയോൺ ഫിലിംസും ‘ഗുഡ് നൈറ്റ്’, ‘ലവർ’ തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ച എംആർപി എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ‘ലവർ’, ‘ടൂറിസ്റ്റ് ഫാമിലി’ എന്നീ ചിത്രങ്ങളിൽ അസോസിയേറ്റ് ആയിരുന്ന മദൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
 ‘ടൂറിസ്റ്റ് ഫാമിലി’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ സംവിധായകൻ അബിഷൻ ജീവിന്താണ് നായകൻ. ഹരിഷ് കുമാർ, കാവ്യാ അനിൽ, സച്ചിൻ നാച്ചിയപ്പൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രശസ്ത സംഗീത സംവിധായകൻ ഷോൺ റോൾഡനാണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.