ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോവല്‍; ഇനി വിദേശകാര്യ ഉപദേഷ്ടാവിനെ നിയോഗിക്കാന്‍ മോദി തന്ത്രം; പ്രധാനമന്ത്രിയുമായി നേരിട്ട് ഇടപെടല്‍ നടത്തുന്ന കാബിനറ്റ് പദവി ജനുവരിയില്‍ സൃഷ്ടിക്കും; ആ സുപ്രധാന തസ്തികയില്‍ എത്തുക ശശി തരൂര്‍? 2026ല്‍ ബിജെപിക്കാരനാകുമോ തരൂര്‍ എന്ന നയതന്ത്ര വിദഗ്ധന്‍?

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കാണ് ഏവരുടേയും കണ്ണ്. ഇതിനിടെ ശശി തൂരിന്റെ നീക്കത്തിലേക്ക് ഏവരുടേയും ശ്രദ്ധ. താമസിയാതെ തന്നെ ദേശീയ വിദേശകാര്യ ഉപദേഷ്ടാവിന്റെ പദവി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കും. ഈ പദവിയിലേക്ക് നയതന്ത്ര മികവുള്ള ശശി തരൂര്‍ എത്തുമെന്നാണ് സൂചന. നിലവില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുണ്ട്. അജിത് ഡോവലാണ് മോദി പ്രധാനമന്ത്രിയായ ശേഷം ഈ പദവിയിലുള്ളത്. മോദിയുമായി ചേര്‍ന്ന് ഡോവലാണ് ആഭ്യന്തര സുരക്ഷയില്‍ ഇടപെടല്‍ നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പ്രതിരോധമന്ത്രിക്കും വേണ്ട ഉപദേശവും ഡോവല്‍ നല്‍കും. ഇതേ മാതൃകയില്‍ വിദേശ കാര്യങ്ങള്‍ നോക്കുന്ന ഉപദേശകനെ സൃഷ്ടിക്കാനാണ് മോദിയുടെ തീരുമാനം. കാബിനറ്റ് റാങ്കും നല്‍കും. തരൂരാകും ഈ പദവിയില്‍ നിയുക്തനാകുക. ഇതോടെ തരൂര്‍ കോണ്‍ഗ്രസുമായുള്ള ബന്ധവും ഉപേക്ഷിക്കും. തിരുവനന്തപുരം ലോക്‌സഭയില്‍ ഉപതിരഞ്ഞെടുപ്പിനും ഇത് സാധ്യതയൊരുക്കും.

കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി എഐസിസി പ്രവര്‍ത്തകസമിതിയംഗം ശശി തരൂര്‍ കുറച്ചു കാലമായി മുമ്പോട്ട് പോകുന്നുണ്ട്. രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുന്ന അവലോകനം തരൂര്‍ എക്‌സില്‍ റീ ട്വീറ്റ് ചെയ്തത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരുന്നു. തരൂരും രാഹുലും തമ്മിലുള്ള വ്യത്യാസം കോണ്‍ഗ്രസിനുള്ളിലെ രണ്ട് പ്രത്യയശാസ്ത്ര പ്രവണതയാണെന്നും ഇതിനെ ഒരുമിപ്പിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്തതാണ് പ്രശ്‌നമെന്നും അവലോകനത്തില്‍ തരൂര്‍ ഷെയര്‍ ചെയ്ത അവലോകനത്തില്‍ പറയുന്നു. സിവിതാസ് സമീര്‍ എന്നയാളുടേതായിരുന്നു ലേഖനം. അങ്ങനെ അടുക്കാന്‍ പറ്റാത്ത വിധം കോണ്‍ഗ്രസുമായി അകലത്തിലാണ് തരൂര്‍. ഈ സാഹചര്യത്തില്‍ തരൂരിനെ കൂടെ നിര്‍ത്താനാണ് ബിജെപി തീരുമാനം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖമായി തരൂര്‍ മാറുമെന്ന് കോണ്‍ഗ്രസുകാരും പ്രതീക്ഷിക്കുന്നു.

90കളില്‍ പുതിയ കാഴ്ചപ്പാട് കൊണ്ടുവരണമെന്ന സമീപനമായിരുന്നു കോണ്‍ഗ്രസിനെന്ന് സിവിതാസ് സമീര്‍ ലേഖനത്തില്‍ പറയുന്നു. രാഹുല്‍ ഗാന്ധി നേതൃത്വത്തില്‍ വന്നതിനുശേഷം കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടു. എന്നാല്‍ ബദല്‍ നയങ്ങള്‍ ഉള്ള ആളാണ് ശശി തരൂര്‍ എന്നാണ് വിശദീകരണം. എന്തിനെയും എതിര്‍ക്കുന്ന പാര്‍ടി മാത്രമായി കോണ്‍ഗ്രസ് മാറിയെന്നും ആ ലേഖനം കുറ്റപ്പെടുത്തുന്നു. നയമില്ലാത്ത പാര്‍ടിയായി കോണ്‍ഗ്രസ് മാറുമ്പോള്‍ തരൂരിനെപ്പോലുള്ളവരെ ഒതുക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ വിലയിരുത്തല്‍ ശരിവെച്ചുകൊണ്ടാണ് തരൂര്‍ റീട്വീറ്റ് ചെയ്തത്. ഇതോടെ തന്നെ കോണ്‍ഗ്രസുമായുള്ള അകച്ച വ്യക്തമായി. രാജ്യത്തിന് വേണ്ടി ഏത് ഉത്തരവാദിത്തം ഏറ്റെടുക്കാനും തയ്യാറാണെന്ന് തരൂര്‍ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പദവി ഏറ്റെടുക്കുമെന്ന സൂചനയായാണ് വിലയിരുത്തുന്നത്.

ഇതിനിടെയിലും മഹാത്മാ ഗാന്ധി തൊഴില്‍ ദാന പദ്ധതിയിലും മറ്റും കേന്ദ്രസര്‍ക്കാരിനെ തരൂര്‍ വിമര്‍ശിച്ചു. കേരള ചലച്ചിത്ര മേളയില്‍ സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാത്തതിനേയും കുറ്റപ്പെടുത്തി. എന്നാല്‍ ഇതൊന്നും രാജ്യ താല്‍പ്പര്യം മുന്‍ നിര്‍ത്തിയുള്ള പദവികളിലേക്ക് എത്താന്‍ തരൂരിന് തടസ്സമായി മാറില്ല. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപിയുടെ ജയത്തേയും തരൂര്‍ പുകഴ്ത്തിയിരുന്നു. കോണ്‍ഗ്രസിന്റെ നേട്ടങ്ങളെ അംഗീകരിക്കുന്നതിനൊപ്പമായാണ് ജനാധിപത്യത്തിലെ ബിജെപി നേട്ടത്തേയും ഉയര്‍ത്തി കാട്ടിയത്. ബിജെപിയോട് തൊട്ടുകൂടായ്മ ഇല്ലെന്ന സന്ദേശമാണ് തരൂര്‍ ഇതിലൂടെ നല്‍കുന്നത്. പാര്‍ട്ടി വിരുദ്ധസമീപനം തുടരുന്ന ശശി തരൂരിനെതിരെ നടപടിക്ക് കോണ്‍ഗ്രസ് ആലോചനിലുമാണ്. തരൂരിന്റെ നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം ശക്തമാണ്. റഷ്യന്‍ പ്രസിഡന്റിന് രാഷ്ട്രപതി നല്‍കിയ വിരുന്നില്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമടക്കം പ്രതിപക്ഷ നേതാക്കള്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല.

രാഷ്ട്രപതി ഭവനിലെ ഭക്ഷണത്തിന്റെ രുചിയെ പുകഴ്ത്തിയ തരൂരിന് വലിയ വിമര്‍ശനം നേരിടേണ്ടി വന്നു. ലോക്്‌സഭാ പ്രതിപക്ഷ നേതാവിനെപ്പോലും ക്ഷണിക്കാത്ത വിരുന്നില്‍ എങ്ങനെയാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെ ഉള്‍പ്പെടുത്തുന്നതെന്ന് കോണ്‍ഗ്രസ് ചോദ്യം ഉയര്‍ത്തിയിരുന്നു. നടപടി നേരിട്ട് പുറത്തുപോയ ശേഷം ബിജെപിയുമായി സഹകരിക്കാനാണ് തരൂരിന്റെ നീക്കമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. മോദിയുടെ പ്രസംഗത്തെ പ്രശംസിക്കുക, കോണ്‍ഗ്രസ് യോഗങ്ങള്‍ തുടര്‍ച്ചയായി ബഹിഷ്‌കരിക്കുക തുടങ്ങി ഗാന്ധി കുടുംബത്തെ പ്രകോപിപ്പിക്കുന്ന കാര്യങ്ങളാണ് ശശി തരൂര്‍ കഴിഞ്ഞ കുറച്ചുനാളുകളായി ചെയ്തുകൊണ്ടിരിക്കുന്നത് എന്നത് വസ്തുതയുമാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.