ശബരിമല സ്വർണ്ണക്കൊള്ള: ഗോവർധന്റെ ജാമ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ കർണാടക ബെല്ലാരി സ്വദേശി ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ തീർപ്പ് കൽപ്പിക്കുക. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഗോവർധൻ സുപ്രീം കോടതിയെ സമീപിച്ചത്. താനൊരു അയ്യപ്പ ഭക്തനാണെന്നും സ്വർണ്ണക്കൊള്ളയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നുമാണ് ജാമ്യഹർജിയിൽ  വാദിക്കുന്നത്. തട്ടിയെടുത്ത സ്വർണ്ണം വാങ്ങിയത് ഗോവർധനാണെന്ന് ആരോപിച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
അതേസമയം,കേസിൽ മൂന്ന് പേരെ കൂടി പ്രതി ചേർക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. ദ്വാരപാലക വിഗ്രഹങ്ങളിലെയും കട്ടിളപ്പാളിയിലെയും സ്വർണ്ണം തട്ടിയെടുത്തതിൽ ഇവരുടെ പങ്ക് സ്ഥിരീകരിച്ചതായി എസ്.ഐ.ടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ കട്ടിളപ്പാളികൾ അപ്പാടെ മാറ്റിയോ എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. നിലവിലെ പരിശോധനാ ഫലങ്ങളിലെ ആശയക്കുഴപ്പം പരിഹരിക്കാൻ ബാബ അറ്റോമിക് റിസർച്ച് സെന്റർ ഉൾപ്പെടെയുള്ള ദേശീയ ഏജൻസികളിൽ സാംപിളുകൾ വീണ്ടും പരിശോധിക്കാൻ കോടതി അനുമതി നൽകി. പരിശോധന എവിടെ നടത്തണം എന്നത് സംബന്ധിച്ച് ഈ മാസം 19-നകം മറുപടി നൽകാനാണ് എസ്.ഐ.ടിയോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
സ്വർണ്ണക്കൊള്ളയ്ക്ക് പുറമെ, മുൻപ് യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് നടന്ന കൊടിമര പുനർനിർമ്മാണത്തിലെ ക്രമക്കേടുകളെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒരു മാസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കാൻ വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. പുതിയതായി പ്രതി ചേർക്കപ്പെട്ടവരുടെ വിവരങ്ങൾ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഈ പ്രതികളുടെ അറസ്റ്റ് ഉൾപ്പെടെയുള്ള  ഉണ്ടാകാനാണ് സാധ്യത
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.