കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടന്‍ മോഹന്‍ലാലിന് യാതൊരു പങ്കുമില്ലെന്നും അദ്ദേഹത്തെ വഞ്ചകനായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് എം.ഡി ടി.എ. ജോസഫ്. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ചെയര്‍മാന്‍ സി.ജെ. റോയിയുടെ കുടുംബസുഹൃത്തുക്കള്‍ മാത്രമാണെന്നും പുറത്തുള്ള ഒരാളുടെ പോലും നിക്ഷേപം കമ്പനിയിലില്ലെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
മോഹന്‍ലാലിന് കമ്പനിയില്‍ നിക്ഷേപമുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയാണ് എം.ഡി നല്‍കിയത്. പാവം മോഹന്‍ലാല്‍ ഇതൊന്നും അറിഞ്ഞുകാണില്ലെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും സി.ജെ. റോയിയുമായുള്ള ബന്ധം ‘കാസനോവ’ എന്ന സിനിമയിലൂടെ തുടങ്ങിയതാണ്.
ആന്റണി പെരുമ്പാവൂരിന്റെ സിനിമകളില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പേര് വരുന്നത് തികച്ചും സൗഹൃദത്തിന്റെ പുറത്ത് പണം വാങ്ങാതെ ചെയ്യുന്ന കാര്യങ്ങളാണ്. അല്ലാതെ ഇവരാരും കമ്പനിയില്‍ നിക്ഷേപം നടത്താന്‍ വന്നിട്ടില്ല, ആവശ്യപ്പെട്ടിട്ടുമില്ല. ഒരാളെയും നിക്ഷേപത്തിനായി കമ്പനി സമീപിക്കാറില്ലെന്നും പ്രചരിക്കുന്നതെല്ലാം കള്ളക്കഥകളാണെന്നും ടി.എ. ജോസഫ് തുറന്നടിച്ചു.
സിനിമാ മേഖലയില്‍ നിന്ന് ഇങ്ങോട്ട് പണം ലഭിക്കാന്‍ ഉണ്ടെന്നല്ലാതെ, അങ്ങോട്ട് ആര്‍ക്കും കൊടുക്കാനില്ല. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഒരു ‘സീറോ ഡെബ്റ്റ്’ (കടബാധ്യതയില്ലാത്ത) കമ്പനിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെയര്‍മാന്റെ വിയോഗം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. കേരളത്തിലെയും ബെംഗളൂരുവിലെയും എല്ലാ പ്രോജക്റ്റുകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം കമ്പനിക്കാണ്. നിക്ഷേപിച്ച ആര്‍ക്കും പണം നഷ്ടപ്പെടില്ലെന്നും എല്ലാ പ്രോജക്റ്റുകളും പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കി.
ചെയര്‍മാന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരന്‍ ഉന്നയിച്ച ആരോപണങ്ങളെയും ടി.എ. ജോസഫ് തള്ളി. സഹോദരന് കമ്പനി കാര്യങ്ങളെക്കുറിച്ച് അറിവില്ലെന്നും ചെയര്‍മാന്റെ മരണശേഷം മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ക്ക് അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നതായും ജോസഫ് പറഞ്ഞു. യുട്യൂബ് ചാനലുകളും ചില മാധ്യമങ്ങളും ചെയര്‍മാനെ ‘കഴുകന്മാരെപ്പോലെ’ വേട്ടയാടുകയാണ്.
കള്ളക്കടത്തും ബിനാമി ഇടപാടുകളും ആരോപിച്ച് അദ്ദേഹത്തെ ഇനിയും അപമാനിക്കരുത്. നിലവില്‍ എസ്.ഐ.ടി അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അന്വേഷണത്തില്‍ കമ്പനി തൃപ്തരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ മോഹന്‍ലാലിനെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടിയാണ് ലഭിച്ചിരിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മേയര്‍ വി.വി. രാജേഷില്ല; വട്ടിയൂര്‍ക്കാവില്‍ സുരേഷോ കുമ്മനമോ? ശ്രീലേഖയേയും കൃഷ്ണകുമാറിനേയും വെട്ടുമോ? ബിജെപി സാധ്യതാ പട്ടിക കേന്ദ്രത്തിലേക്ക്





