മരുമോനിസത്തെ കെട്ടുകെട്ടിക്കാന്‍ അന്‍വറിസം ബേപ്പൂരിലേക്ക്; വിറച്ച് സിപിഎം, നേരിട്ടിറങ്ങാന്‍ പിണറായി; കോഴിക്കോട്ടെ ഗ്രൂപ്പിസം റിയാസിന് വിനയാകുമോ? കോണ്‍ഗ്രസിലും ബേപ്പൂര്‍ പൊട്ടിത്തെറികള്‍

കോഴിക്കോട്: കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന തീപ്പാറും പോരാട്ടത്തിന് ബേപ്പൂര്‍ ഒരുങ്ങുന്നു. ഭരണത്തുടര്‍ച്ചയുടെ കരുത്തില്‍ വിഹരിക്കുന്ന മുഖ്യമന്ത്രിയുടെ മരുമകന്‍ മുഹമ്മദ് റിയാസിനെ സ്വന്തം തട്ടകത്തില്‍ നേരിടാന്‍ പി.വി. അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ ബേപ്പൂര്‍ ചാവേര്‍ പോരാട്ടത്തിന്റെ വേദിയാകും. ബേപ്പൂരില്‍ അന്‍വര്‍ തന്നെയാകും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫ് ക്യാമ്പുകളില്‍ ആശങ്ക പടര്‍ന്നു കഴിഞ്ഞു. മരുമോനിസം അവസാനിപ്പിക്കാന്‍ പഴയ കോണ്‍ഗ്രസുകാരന്‍ ഷൗക്കത്തലിയുടെ മകന്‍ എന്ത് ആയുധവുമായാണ് വരുന്നതെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
ഒരുകാലത്ത് പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന അന്‍വര്‍, ഇന്ന് മുഖ്യമന്ത്രിയുടെയും മരുമകന്റെയും ഉറക്കം കെടുത്തുന്ന സിംഹമായി മാറിയിരിക്കുന്നു. നിലമ്പൂരില്‍ അന്‍വര്‍ പടുത്തുയര്‍ത്തിയ സാമ്രാജ്യം തകര്‍ന്നുവെങ്കിലും, ‘പിണറായിസത്തിനും മരുമോനിസത്തിനും’ എതിരെ പോരാടാനാണ് താന്‍ ബേപ്പൂരിലെത്തിയതെന്ന് അന്‍വര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ ബേപ്പൂരില്‍ വിള്ളല്‍ വീഴ്ത്താന്‍ അന്‍വറിന് സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ 19,561 വോട്ടിന്റെ വന്‍ ഭൂരിപക്ഷം എല്‍ഡിഎഫിന് നല്‍കുന്ന മുന്നറിയിപ്പ് ചെറുതല്ല. റിയാസിന്റെ കോഴിക്കോട്ടെ ഗ്രൂപ്പിസവും പ്രാദേശികമായ അതൃപ്തികളും അന്‍വറിന് വളമാകുമോ എന്ന ഭയം സിപിഎമ്മിനുണ്ട്.
അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ പാര്‍ട്ടിയെ വല്ലാതെ ഉലച്ചിരുന്നു. എഡിജിപി അജിത് കുമാറിനെയും പി. ശശിയെയും പ്രതിക്കൂട്ടിലാക്കി അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സിപിഎമ്മിന് സ്തബ്ധരാക്കിയിരുന്നു. ഇപ്പോള്‍ വഞ്ചകനെന്ന വിളിപ്പേരുമായി അന്‍വര്‍ യുഡിഎഫ് പാളയത്തില്‍ എത്തുമ്പോള്‍, മണ്ഡലം കാക്കാന്‍ പിണറായി വിജയന്‍ നേരിട്ട് രംഗത്തിറങ്ങുമെന്നാണ് സൂചന. വി.ഡി. സതീശനോട് പരസ്യമായി മാപ്പ് പറഞ്ഞും പഴയ വിഴുപ്പലക്കുകള്‍ ഉപേക്ഷിച്ചും അന്‍വര്‍ നടത്തുന്ന ഈ നീക്കം വിജയിച്ചാല്‍ അത് അന്‍വറിസത്തിന്റെ വലിയ തിരിച്ചുവരവാകും. പരാജയപ്പെട്ടാല്‍ അത് അന്‍വറിന്റെ രാഷ്ട്രീയ അന്ത്യത്തിനും വഴിവെക്കും.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തിനടുത്ത് വോട്ടിന്റെ ലീഡ് നേടാനായത് അന്‍വറിന് വലിയ ആത്മവിശ്വാസം നല്‍കുന്നു. മണ്ഡലത്തിലെ നഗരസഭകള്‍ യുഡിഎഫിനൊപ്പമാണ്. മുഹമ്മദ് റിയാസിന് മണ്ഡലത്തിലുള്ള സ്വാധീനവും വികസന പ്രവര്‍ത്തനങ്ങളും തുണയാകുമെന്ന് പാര്‍ട്ടി കരുതുന്നു. എങ്കിലും അന്‍വര്‍ ഉയര്‍ത്തുന്ന ‘മരുമോനിസം’ എന്ന ആരോപണം പാര്‍ട്ടി സഖാക്കള്‍ക്കിടയില്‍ പോലും ചര്‍ച്ചയാകുന്നത് ഭരണപക്ഷത്തിന് തലവേദനയാണ്. നിലമ്പൂരിലെ പഴയ സിപിഎം സ്വതന്ത്രന്‍ യുഡിഎഫ് പാളയത്തിലെത്തുമ്പോള്‍, അത് കോഴിക്കോട്ടെ ന്യൂനപക്ഷ വോട്ടുകളില്‍ വലിയ വിള്ളലുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതിനിടെ ബേപ്പൂര്‍ മണ്ഡലത്തില്‍ പി.വി. അന്‍വറിനെ ഇറക്കാനുള്ള നീക്കത്തിന് കെ.പി.സി.സി. നേതൃത്വം പച്ചക്കൊടി കാട്ടിയെങ്കിലും കോഴിക്കോട്ടെ കോണ്‍ഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളില്‍ ഇത് വന്‍ പൊട്ടിത്തെറികള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇത് സിപിഎം മുതലെടുക്കാന്‍ ശ്രമിക്കും.
വര്‍ഷങ്ങളായി മണ്ഡലത്തില്‍ കോണ്‍ഗ്രസിനായി വിയര്‍പ്പൊഴുക്കിയ പ്രാദേശിക നേതാക്കളെ മറികടന്ന് പുറത്തുനിന്നൊരാള്‍ വരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ബേപ്പൂര്‍ സീറ്റിനായി കണ്ണുവെച്ചിരുന്ന ഡി.സി.സി. ഭാരവാഹികളും കെ.പി.സി.സി. അംഗങ്ങളും അന്‍വറിന്റെ വരവില്‍ കടുത്ത അതൃപ്തിയിലാണ്. ‘പുറത്തുനിന്ന് വന്ന സ്വതന്ത്രന് വേണ്ടി കുപ്പായം തുന്നേണ്ടി വരുന്നത്’ വലിയ നാണക്കേടാണെന്ന് ഐ ഗ്രൂപ്പിലെ ഒരു പ്രമുഖ നേതാവ് തുറന്നടിച്ചു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്ന അന്‍വറിനെ കോഴിക്കോട് കെട്ടിയിറക്കുന്നതിനെതിരെ എ ഗ്രൂപ്പ് പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. ആര്യാടന്‍ കുടുംബത്തോടും എ ഗ്രൂപ്പിനോടും അന്‍വര്‍ കാട്ടിയ ‘വഞ്ചന’ ബേപ്പൂരിലെ വോട്ടര്‍മാരെ ബോധ്യപ്പെടുത്തുമെന്നാണ് ഇവരുടെ പക്ഷം. അന്‍വറിന് വേണ്ടി തിരഞ്ഞെടുപ്പ് ഗോദയില്‍ ആവേശത്തോടെ ഇറങ്ങാന്‍ കോഴിക്കോട്ടെ പഴയ എ ഗ്രൂപ്പുകാര്‍ക്ക് ഒട്ടും താല്പര്യമില്ല.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വ്യക്തിപരമായ താല്പര്യമാണ് അന്‍വറിന് സീറ്റ് ഉറപ്പാക്കിയതെന്ന് കോണ്‍ഗ്രസിനുള്ളില്‍ സംസാരമുണ്ട്. സതീശനെതിരെ നിയമസഭയില്‍ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ച അന്‍വറിന് ബേപ്പൂര്‍ നല്‍കുന്നതിലൂടെ കെ.പി.സി.സി.യില്‍ മറ്റ് പലര്‍ക്കും സീറ്റ് നിഷേധിക്കപ്പെടുമെന്ന ഭയമാണ് ഇപ്പോള്‍ ഗ്രൂപ്പ് പോര് ശക്തമാക്കുന്നത്. ബേപ്പൂരില്‍ ഇത്തവണ യു.ഡി.എഫ്. തരംഗമുണ്ടാകുമെന്ന് കരുതി കരുനീക്കങ്ങള്‍ നടത്തിയ കെ.സി. അബു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ അന്‍വറിന്റെ വരവോടെ പിന്‍വലിഞ്ഞു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.