ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയ് എന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധിപന്‍ ബെംഗളൂരുവിലെ തന്റെ ഓഫീസില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി ദിവസങ്ങള്‍ പിന്നിടുമ്പോഴും, ആ വിയോഗം ബാക്കിയാക്കുന്നത് ഉത്തരമില്ലാത്ത ഒട്ടേറെ ചോദ്യങ്ങളാണ്. ജനുവരി 30-ലെ ആ കടുംകൈയിലേക്ക് റോയിയെ നയിച്ചത് പെട്ടെന്നുണ്ടായ ഒരു തീരുമാനമായിരുന്നില്ല, മറിച്ച് ആഴ്ചകളായി അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്ന കടുത്ത സമ്മര്‍ദ്ദങ്ങളുടെ ബാക്കിപത്രമായിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
ഈ മരണത്തിന്റെ ചുരുളഴിക്കാന്‍ പ്രത്യേക അന്വേഷണ സംഘം ശ്രമിക്കുമ്പോള്‍, അന്വേഷണം ചെന്നുനില്‍ക്കുന്നത് ഡിസംബറിലെ ആ നിര്‍ണ്ണായകമായ രണ്ട് ദിവസങ്ങളിലേക്കാണ്. ആദായനികുതി വകുപ്പിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഹൈക്കോടതി വരെ എത്തിയ റോയ്, വെറും 48 മണിക്കൂറിനുള്ളില്‍ ആയുധം വെച്ച് കീഴടങ്ങിയതെന്തിന് എന്നതാണ് ഉയരുന്ന ചോദ്യം. കഴിഞ്ഞ ഡിസംബറിലായിരുന്നു സി.ജെ. റോയിയുടെ ബിസിനസ് സാമ്രാജ്യത്തെ പിടിച്ചുകുലുക്കിയ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. എന്നാല്‍ ഈ റെയ്ഡിനെതിരെ ഡിസംബര്‍ 16-ന് റോയ് കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ അതീവ ഗൗരവമുള്ളതായിരുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, അവിടെത്തന്നെ നികുതി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന തന്റെ സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ കൊച്ചിയില്‍ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥര്‍ എന്തിന് എത്തി എന്നതായിരുന്നു റോയിയുടെ പ്രധാന ചോദ്യം.
സാധാരണഗതിയില്‍ പ്രാദേശികമായ അധികാരപരിധികള്‍ ലംഘിച്ചുകൊണ്ട് ഇത്തരം റെയ്ഡുകള്‍ നടക്കുന്നത് അപൂര്‍വ്വമാണ്. കൊച്ചിയിലെ ഉദ്യോഗസ്ഥര്‍ ബെംഗളൂരുവില്‍ വന്ന് റെയ്ഡ് നടത്തിയതിന് പിന്നില്‍ പ്രത്യേക അജണ്ടകളുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നതായിരുന്നു റോയിയുടെ ഹര്‍ജിയിലെ വരികള്‍. അധികാരപരിധിക്ക് പുറത്തുനിന്നുള്ള ഈ നീക്കം നിയമവിരുദ്ധമാണെന്നും, തങ്ങളെ കുടുക്കാന്‍ ബോധപൂര്‍വ്വം നടത്തിയ നീക്കമാണിതെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.
ആ ‘ഒറ്റ വാറന്റിലെ’ ചതി നിയമപരമായി ഏറെ സാധുതയുള്ള മറ്റൊരു വാദവും റോയ് ഉയര്‍ത്തിയിരുന്നു. ‘സിംഗിള്‍ ഓമ്നിബസ് വാറന്റ്’ എന്ന സാങ്കേതിക പഴുത് ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. അതായത്, വെവ്വേറെ നിയമപരമായ അസ്തിത്വമുള്ള പല കമ്പനികളിലും സ്ഥാപനങ്ങളിലും പരിശോധന നടത്താന്‍ ഒരൊറ്റ വാറന്റ് ഉപയോഗിച്ചു. ഇത് നടപടിക്രമങ്ങളുടെ ലംഘനമാണെന്നും, വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും റോയ് വാദിച്ചു. മാത്രമല്ല, പരിശോധനയ്ക്കിടെ സാക്ഷികളായി കൊണ്ടുവന്നത് പ്രദേശവാസികളെയായിരുന്നില്ല, മറിച്ച് പുറത്തുനിന്നുള്ളവരെയായിരുന്നു എന്നതും റെയ്ഡിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായിരുന്നു. റെയ്ഡ് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികള്‍ റദ്ദാക്കണമെന്നായിരുന്നു റോയിയുടെ ആവശ്യം.
ഡിസംബര്‍ 16-ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ റോയിയുടെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് പ്രാഥമികമായി കോടതിക്ക് തോന്നിയേക്കാം. അന്ന് ആദായനികുതി വകുപ്പ് അഭിഭാഷകന്‍ മറുപടി നല്‍കാന്‍ സമയം ചോദിക്കുകയും, ഡിസംബര്‍ 18-ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അരവിന്ദ് കാമത്ത് തന്നെ വകുപ്പിന് വേണ്ടി ഹാജരാകുമെന്ന് അറിയിക്കുകയും ചെയ്തു. അതുവരെ അന്വേഷണത്തിന് സ്റ്റേ നല്‍കാന്‍ കോടതി വിസമ്മതിച്ചു. എന്നാല്‍, ഡിസംബര്‍ 18-ന് കോടതി വീണ്ടും കേസ് പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് നാടകീയമായ ആ സംഭവം നടന്നു. സി.ജെ. റോയ് തന്റെ ഹര്‍ജി പിന്‍വലിച്ചു. നിയമപോരാട്ടത്തിന് ഇറങ്ങിപ്പുറപ്പെട്ട ഒരാള്‍, തന്റെ വാദങ്ങള്‍ കോടതി കേള്‍ക്കുന്നതിന് മുമ്പ് തന്നെ എന്തിനാണ് പിന്മാറിയത്? ഈ രണ്ട് ദിവസത്തിനുള്ളില്‍ (ഡിസംബര്‍ 16-നും 18-നും ഇടയില്‍) എന്താണ് സംഭവിച്ചത്?-ഇതാണ് ഉയരുന്ന ചോദ്യം.
ഇവിടെയാണ് ദുരൂഹത ഏറുന്നത്. ഉന്നതങ്ങളില്‍ നിന്നുള്ള ഭീഷണിയുണ്ടായോ? അതോ നിയമപോരാട്ടം തുടര്‍ന്നാല്‍ ബിസിനസിനെയാകെ തകര്‍ക്കുംവിധം നടപടികള്‍ കടുപ്പിക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചോ? ഹര്‍ജി പിന്‍വലിക്കാന്‍ തക്കവണ്ണം എന്ത് സമ്മര്‍ദ്ദമാണ് അദ്ദേഹത്തിന് മേല്‍ ചെലുത്തപ്പെട്ടത് എന്നത് വ്യക്തമല്ല. പിന്‍വലിക്കാനുള്ള കാരണം പോലും കോടതി രേഖകളില്‍ വിശദമായി രേഖപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നിയമത്തിന്റെ വഴി തേടിയ റോയ്, പാതിവഴിയില്‍ അത് ഉപേക്ഷിച്ചപ്പോള്‍ തന്നെ മാനസികമായി പരാജയപ്പെട്ടിരുന്നുവെന്ന് വേണം കരുതാന്‍. ഹര്‍ജി പിന്‍വലിച്ച് ഏകദേശം ഒന്നര മാസത്തിന് ശേഷമാണ് അദ്ദേഹം ജീവനൊടുക്കുന്നത്. ആദായനികുതി വകുപ്പിന്റെ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ചിട്ടും അത് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ഗതികേട് ആ വ്യവസായിയെ വല്ലാതെ തളര്‍ത്തിയിട്ടുണ്ടാകാം.
ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നത് ഈ ‘യൂ-ടേണ്‍’ ആണ്. ഡിസംബര്‍ 18-ന് ഹര്‍ജി പിന്‍വലിക്കാന്‍ ഇടയായ സാഹചര്യവും, തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും പരിശോധിച്ചാല്‍ മാത്രമേ സി.ജെ. റോയ് എന്ന മനുഷ്യന്‍ അനുഭവിച്ച മാനസിക സംഘര്‍ഷത്തിന്റെ ആഴം വ്യക്തമാകൂവെന്നാണ് വിലയിരുത്തല്‍.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തലസ്ഥാനത്ത് ‘ക്രോസ് മസാജ്’ നടത്തിയത് രാജീവ് ചന്ദ്രശേഖരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനോ? സദാചാര ക്ലാസ് എടുക്കുന്നവരുടെ ‘സുഖചികിത്സ’ കേന്ദ്രം പൂട്ടിച്ച മേയര്‍ക്ക് ബിഗ് സല്യൂട്ട്! ആര്‍ഷഭാരത സംസ്കാരം പ്രസംഗിക്കുന്നവരുടെ മുഖംമൂടി വലിച്ചുകീറി സന്ദീപ് വാര്യര്‍; നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയില്‍ സ്പാ വിവാദം





