വാഷിംഗ്ടണ്‍: ഇറാന്റെ അതീവ സുപ്രധാനമായ പാര്‍ച്ചിന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനം പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയുടെ നിഴലിലാക്കി. ആണവായുധ പരീക്ഷണങ്ങള്‍ നടക്കുന്ന കേന്ദ്രമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിക്കുന്ന ഇവിടെയുണ്ടായ സ്‌ഫോടനം അട്ടിമറിയാണോ എന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. ഇതിനു പിന്നാലെ അമേരിക്കയുടെ വന്‍ നാവികസന്നാഹം മേഖലയിലേക്ക് എത്തിയതോടെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി.
ചൊവ്വാഴ്ചയാണ് പാര്‍ച്ചിന്‍ സൈനിക സമുച്ചയത്തിനുള്ളില്‍ സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, സ്‌ഫോടനം നടന്നതിന്റെ സൂചനകള്‍ ഉപഗ്രഹചിത്രങ്ങളില്‍ വ്യക്തമാണ്. കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ ആക്രമണം നടത്തിയ ഇതേ കേന്ദ്രത്തില്‍ വീണ്ടും സ്‌ഫോടനം ഉണ്ടായത് ആസൂത്രിതമാണോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
അമേരിക്കയുടെ പടക്കപ്പലുകള്‍ ഗള്‍ഫ് മേഖലയില്‍ എത്തിയതോടെ ഇറാനെതിരായ സൈനിക നീക്കത്തിന് വാഷിംഗ്ടണ്‍ തുടക്കമിട്ടോ എന്ന ആശങ്ക ഉയര്‍ന്നു. അത്യാധുനിക വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കണ്‍’ സ്‌ട്രൈക്ക് ഗ്രൂപ്പിനെയാണ് യുഎസ് വിന്യസിച്ചിരിക്കുന്നത്. മിസൈല്‍ പ്രതിരോധ കപ്പലുകളും ഇതിനൊപ്പമുണ്ട്.
ഇറാനില്‍ നടക്കുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്നതിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ട് രംഗത്തെത്തി. പ്രക്ഷോഭകര്‍ക്കെതിരായ അതിക്രമം തുടര്‍ന്നാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. നിലവില്‍ ഇറാനിലുണ്ടായ സ്‌ഫോടനത്തിന് ട്രംപിന്റെ മുന്നറിയിപ്പുമായി ബന്ധമുണ്ടോയെന്ന ചര്‍ച്ചകളും സജീവമാണ്.
സാമ്പത്തിക തകര്‍ച്ചയിലും വിലക്കയറ്റത്തിലും വലയുന്ന ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം ആളിപ്പടരുകയാണ്. സുരക്ഷാസേനയുടെ വെടിയേറ്റ് ഇതുവരെ 6,126 പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്. ഇതില്‍ 86 കുട്ടികളും ഉള്‍പ്പെടുന്നു. 41,000-ത്തിലധികം പേര്‍ തടവിലാണ്.
ഇതിനിടെ സൈനിക കേന്ദ്രത്തിലുണ്ടായ സ്‌ഫോടനം ഇറാന്‍ ഭരണകൂടത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മേഖലയില്‍ എപ്പോള്‍ വേണമെങ്കിലും യുദ്ധം പൊട്ടിപ്പുറപ്പെടാം എന്ന ആശങ്കയില്‍ ഗള്‍ഫ് രാജ്യങ്ങളും കനത്ത ജാഗ്രതയിലാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പരമോന്നത നേതാവിന് കൃത്രിമക്കാല്‍ വേണം; ഇറാനില്‍ ഭരണപ്രതിസന്ധി രൂക്ഷം; പരമോന്നത നേതാവ് ഒളിവില്‍, രാജ്യം സൈനിക നിയന്ത്രണത്തിലേക്ക്?





