ശബരിമലക്കൊളളയില്‍ ഇഡി റെയ്ഡ്! എന്‍. വാസുവിന്റെയും പത്മകുമാറിന്റെയും വീടുകളില്‍ ഒരേസമയം റെയ്ഡ്; ചെന്നൈയിലും ബെല്ലാരിയിലും മിന്നല്‍ പരിശോധന

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാപക റെയ്ഡ് ആരംഭിച്ചു. ഹൈക്കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം ക്രിമിനല്‍ വശങ്ങള്‍ അന്വേഷിക്കുന്നതിനിടെയാണ്, ഈ തട്ടിപ്പിന് പിന്നിലെ സാമ്പത്തിക സ്രോതസ്സുകളും കള്ളപ്പണം വെളുപ്പിക്കലും കണ്ടെത്താന്‍ ഇഡി രംഗത്തിറങ്ങിയത്.

കേസിലെ പ്രധാന പ്രതികളുടെയും ആരോപണവിധേയരുടെയും വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന നടക്കുന്നത്.ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരായ എന്‍. വാസുവിന്റെ തിരുവനന്തപുരം പേട്ടയിലെ വീട്ടിലും എ. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലും പരിശോധന തുടരുന്നു.കേസിലെ മുഖ്യപ്രതിയായ ഇദ്ദേഹത്തിന്റെ കിളിമാനൂര്‍ പുളിമാത്തുള്ള വീട്ടിലും ഇഡി സംഘമെത്തി.

ദേവസ്വം ബോര്‍ഡ് മുന്‍ അംഗം മുരാരി ബാബുവിന്റെ കോട്ടയത്തെ വീട്ടിലും റെയ്ഡ് നടക്കുന്നു.കേരളത്തിന് പുറത്തുള്ള സ്വര്‍ണ്ണ ഇടപാടുകാരെയും ഇഡി ലക്ഷ്യം വെച്ചിട്ടുണ്ട്.സ്വര്‍ണ്ണവ്യാപാരിയായ ഗോവര്‍ധന്റെ ബെല്ലാരിയിലെ വീട്ടിലും, സ്വര്‍ണ്ണപ്പാളികള്‍ നിര്‍മ്മിച്ച ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലും പരിശോധന നടക്കുന്നുണ്ട്. പങ്കജ് ഭണ്ഡാരിയുടെ സ്ഥാപനങ്ങളിലും റെയ്ഡ് പുരോഗമിക്കുന്നു.

തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും ഇഡി സംഘം എത്തി രേഖകള്‍ പരിശോധിക്കുന്നുണ്ട്.ശബരിമലയിലെ സ്വര്‍ണ്ണപ്പാളികളില്‍ തിരിമറി നടത്തി ലഭിച്ച കോടിക്കണക്കിന് രൂപ എങ്ങോട്ട് പോയി, ഈ പണം ഉപയോഗിച്ച് പ്രതികള്‍ സ്വത്തുവകകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടോ, വിദേശത്തേക്ക് പണം കടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.