കേരളം പിടിക്കാന്‍ ‘പിണറായി ബ്രാന്‍ഡ്’ വേണമെന്ന് സംസ്ഥാന നേതൃത്വം; കൈയ്യടിച്ച് അംഗീകരിച്ച് ബേബിയും കൂട്ടരും; രണ്ടു ടേം നിബന്ധന മാറും; ശൈലജ മത്സരിക്കും; ഭാവനയ്ക്കും സ്വാഗതം; ചിട്ടയായ നീക്കങ്ങളുമായി സിപിഎം; കേന്ദ്ര കമ്മറ്റിയില്‍ ക്യാപ്ടനെ നിശ്ചയിച്ചത് മുഖ്യമന്ത്രിയാക്കാന്‍ തന്നെ

Pinarayi brand
തിരുവനന്തപുരം: കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ത്തന്നെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ ധാരണയിലെത്തി. ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളിയെ അതീവ ഗൗരവത്തോടെ കാണുന്ന പാര്‍ട്ടി, നായകനെ മാറ്റുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ്. ഭരണത്തുടര്‍ച്ച എന്ന ലക്ഷ്യത്തിനായി ചില സുപ്രധാന വിട്ടുവീഴ്ചകള്‍ക്കും പുതുമകള്‍ക്കും പാര്‍ട്ടി തയ്യാറെടുക്കുകയാണ്. ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രിയായി പിണറായാ തുടരും.
കേരളത്തിലെ അധികാരം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന്റെ പോരാട്ടമാണ്. ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയ വെല്ലുവിളിയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് പാര്‍ട്ടിയുടെ ശ്രമം. നവോത്ഥാന പാരമ്പര്യവും വികസന നേട്ടങ്ങളും ഉയര്‍ത്തിപ്പിടിച്ച് മൂന്നാം മുഴത്തിനായി സിപിഎം അങ്കത്തട്ടിലേക്ക് ഇറങ്ങുകയാണ്.
പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന കേരള ഘടകത്തിന്റെ ആവശ്യം കേന്ദ്ര കമ്മറ്റി അംഗീകരിച്ചു. പിണറായി വിജയന്‍ മാറിയാല്‍ ജയപ്രതീക്ഷ കുറയുമെന്ന് മുതിര്‍ന്ന നേതാവ് എം.എ. ബേബി യോഗത്തില്‍ വിലയിരുത്തി. പിണറായി വിജയന്‍ തന്നെ ഇത്തവണയും മത്സരരംഗത്തുണ്ടാകും. ഭരണത്തുടര്‍ച്ചയുണ്ടായാല്‍ അദ്ദേഹം തന്നെ നയിക്കുമെന്ന സൂചനയാണ് പാര്‍ട്ടി നല്‍കുന്നത്. ഭരണത്തുടര്‍ച്ച എന്ന അനിവാര്യത കണക്കിലെടുത്ത് കര്‍ശനമായ മാനദണ്ഡങ്ങളില്‍ പാര്‍ട്ടി ഇളവ് വരുത്തിയേക്കും:
രണ്ടു തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന കര്‍ശന നിലപാടില്‍ ജയസാധ്യത മുന്‍നിര്‍ത്തി ഇളവ് നല്‍കും. പ്രമുഖരായ എംഎല്‍എമാര്‍ ഇത്തവണയും ജനവിധി തേടും. മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ മത്സരരംഗത്തിറക്കണമെന്നതാണ് കേന്ദ്ര കമ്മറ്റിയുടെ നിലപാട്. ജനപ്രീതിയുള്ള നേതാക്കളെ മാറ്റിനിര്‍ത്തുന്നത് ദോഷം ചെയ്യുമെന്ന് പാര്‍ട്ടി കരുതുന്നു. നടി ഭാവനയെപ്പോലെയുള്ള സാംസ്‌കാരിക-പൊതുരംഗത്തെ പ്രമുഖരെ സ്ഥാനാര്‍ത്ഥികളാക്കി സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ നീക്കമുണ്ട്.
പാര്‍ട്ടിക്ക് ദോഷം ചെയ്യുന്ന രീതിയില്‍ വിവാദമുണ്ടാക്കുന്നവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കില്ല. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് ആണ് വളമിടുന്നതെന്ന ആക്ഷേപം ശക്തമാക്കാനാണ് സിപിഎം തീരുമാനം.  കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ അവകാശങ്ങള്‍ കവരുമ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസിന്റേത് ‘ദൃഢ ഹിന്ദുത്വ’മാണെന്നും സിപിഎമ്മിനെതിരെ മൃദുഹിന്ദുത്വ ആരോപണം ഉന്നയിക്കുന്നത് ഇതിനെ മറയ്ക്കാനാണെന്നും എം.എ. ബേബി ആരോപിച്ചു.
ബംഗാളില്‍ ബിജെപിയെയും തൃണമൂലിനെയും നേരിടാന്‍ കോണ്‍ഗ്രസുമായി നീക്കുപോക്കിന് സിപിഎം തയ്യാറാകുന്നു. ഇത് സഖ്യമല്ലെന്നും പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലുള്ള നീക്കുപോക്ക് മാത്രമാണെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കണ്ട് നേരിടാനാണ് തീരുമാനം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.