തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കുള്ളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി പോര് തെരുവിലേക്ക്. നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിനെതിരെ രൂക്ഷമായ പരിഹാസവുമായി വി. മുരളീധരന്റെ അതിവിശ്വസ്തനായ ബാലു രംഗത്തെത്തിയതോടെ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ തോറ്റ കൃഷ്ണകുമാര്‍ വട്ടിയൂര്‍ക്കാവ് ലക്ഷ്യമിടുന്നതിനെതിരെയാണ് മുരളീധര പക്ഷത്തിന്റെ പടയൊരുക്കം. കെകെജി എന്നാണ് കൃഷ്ണകുമാറിനെ വിളിക്കുന്നത്. കെകെജിയെ മുരളീധരപക്ഷം എതിര്‍ക്കുമെന്നാണ് ഈ പോസ്റ്റ് വ്യക്തമാക്കുന്നത്. കെ സുരേന്ദ്രന് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ ആഗ്രിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പില്‍ കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രകടനത്തെ ബാലു കണക്കുകള്‍ സഹിതം പരിഹസിക്കുന്നു. 2016-ല്‍ തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരിച്ച ക്രിക്കറ്റ് താരം ശ്രീശാന്ത് 34,764 വോട്ടുകള്‍ നേടിയിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം ‘ജയിച്ചു തരാം’ എന്ന് പറഞ്ഞ് സീറ്റ് വാങ്ങിയ കൃഷ്ണകുമാറിന് നേടാനായത് 34,996 വോട്ടുകള്‍ മാത്രമാണ്. വെറും 232 വോട്ടിന്റെ വര്‍ദ്ധനവ് മാത്രമുണ്ടാക്കിയ കൃഷ്ണകുമാറിന് എന്ത് യോഗ്യതയാണുള്ളതെന്നാണ് ചോദ്യം. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൃഷ്ണകുമാര്‍ മണ്ഡലത്തിലെ ആഡംബര പരിപാടികളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ലെന്നും കുറിപ്പ് ആരോപിക്കുന്നു.
തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നാല്‍ പ്രവര്‍ത്തകര്‍ ആട്ടിപ്പായിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കൃഷ്ണകുമാര്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലേക്ക് കണ്ണ് വെക്കുന്നതെന്നാണ് ആക്ഷേപം. ചാനലുകളില്‍ പോയി താന്‍ വട്ടിയൂര്‍ക്കാവില്‍ നിന്നാല്‍ ജയിക്കുമെന്ന് പറയുന്ന കൃഷ്ണകുമാര്‍ കഴിഞ്ഞ തവണ സെന്‍ട്രലിലും ഇതേ അവകാശവാദം ഉന്നയിച്ചിരുന്നുവെന്ന് പോസ്റ്റ് ഓര്‍മ്മിപ്പിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റില്‍ ബിജെപി വക്താവ് സന്ദീപ് വചസ്പതിയെ വെട്ടിയാണ് കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയായതെന്ന ആരോപണവും ഇപ്പോള്‍ സജീവമായിരിക്കുകയാണ്. എല്ലാ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥിയാകണമെന്ന കൃഷ്ണകുമാറിന്റെ മോഹം പാര്‍ട്ടി അംഗീകരിക്കില്ലെന്നും വട്ടിയൂര്‍ക്കാവില്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ മത്സരിക്കണമെന്നും മുരളീധര പക്ഷം ആവശ്യപ്പെടുന്നു.
കൃഷ്ണകുമാറിനെ വീണ്ടും വട്ടിയൂര്‍ക്കാവില്‍ പരിഗണിക്കുകയാണെങ്കില്‍ ഫലം ‘100 ശതമാനം തോല്‍വി’ ആയിരിക്കുമെന്ന കടുത്ത പരിഹാസത്തോടെയാണ് ബാലുവിന്റെ പോസ്റ്റ് അവസാനിക്കുന്നത്. മുരളീധരന്റെ വിശ്വസ്തന് തന്നെ ഇത്തരമൊരു പോസ്റ്റുമായി രംഗത്തെത്തിയത് കൃഷ്ണകുമാറിനെ വെട്ടാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം കരുക്കള്‍ നീക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്.
ബാലുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ശുഭ പ്രതീക്ഷ!
100 ശതമാനം തോല്‍വി
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എസ്. ശ്രീശാന്ത് 34764 (27.55%) വോട്ടുകള്‍ നേടി… മണ്ഡലത്തിലെ ബിജെപിയുടെ മികച്ച പ്രകടനമാണ് ഈ നാട്ടുകാരന് അല്ലെങ്കിലും ശ്രീശാന്ത് അത്തവണ നടത്തിയത്.
വീണ്ടും തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ഇപ്പോള്‍ ജയിച്ചുതരാം എന്നു പറഞ്ഞ് സീറ്റ് പിടിച്ച് വാങ്ങിയ ആളാണ് സോഷ്യല്‍ മീഡിയ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ജി. കൃഷ്ണകുമാര്‍. ജി കൃഷ്ണ കുമാറിന് ആകെ കിട്ടിയത് 34996 (27.3%) വോട്ടുകളാണ്. അഞ്ചു വര്‍ഷത്തിന് ശേഷം ശ്രീശാന്ത് പിടിച്ചതിനേക്കാള്‍ 232 വോട്ട് അധികം പിടിച്ചതാണ് ഈ നാട്ടുകാരനായ കൃഷ്ണകുമാറിന്റെ യോഗ്യത…
തോറ്റ് പോയ മഹാന് ആദ്യം കുറച്ച് കാലം മണ്ഡലത്തിലെ ആഡംബര പരിപാടികളില്‍ സജീവമായിരുന്നെങ്കിലും ബൂത്തില്‍ ഇറങ്ങി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയാറായില്ല… ഇനി സ്ഥാനാര്‍ത്ഥി കുപ്പായവും ഇട്ട് ബൂത്തുകളിലേക്ക് ചെന്നാല്‍ പ്രവര്‍ത്തകര്‍ തന്നെ ആട്ടുമെന്ന് 100 ശതമാനം ഉറപ്പുള്ളതുകൊണ്ടാണ് വട്ടിയൂര്‍കാവ് സീറ്റില്‍ കണ്ണേറിടുന്നത്…
വട്ടിയൂര്‍കാവില്‍ തന്നെ മത്സരിപ്പിച്ചാല്‍ നിയമസഭയില്‍ ഒരു ബിജെപി എംഎല്‍എ ഉറപ്പാണെന്നാണ് ചാനലുകളിലും കൃഷ്ണകുമാര്‍ പറയുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവന്തപുരം സെട്രല്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോഴും അദേഹം ഇതു തന്നെയാണ് പറഞ്ഞത്…
ലോകസഭ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റില്‍ നിന്നും മത്സരിക്കേണ്ടത് ബിജെപിയുടെ വക്താവായിരുന്ന സന്ദീപ് വചസ്പതിയായിരുന്നു… അതുവെട്ടിയാണ് അന്ന് കൊല്ലം സീറ്റില്‍ കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയായത്..
എല്ലാം തെരഞ്ഞെടുപ്പിലും മത്സരിപ്പിക്കാമെന്ന വാക്ക് പാര്‍ട്ടി ആര്‍ക്കും കൊടുക്കുമെന്ന് തോന്നുന്നില്ല.. അതിനാല്‍, എല്ലാ തെരഞ്ഞെടുപ്പിലും എനിക്ക് സ്ഥാനാര്‍ത്ഥിയാകണമെന്ന മോഹം കൃഷ്ണകുമാര്‍ ജിക്കും പാടില്ല..
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കൃത്യമായ രാഷ്ട്രീയ പോരാട്ടമാണ് നടക്കേണ്ടത്… ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ തന്നെ മത്സരിക്കാന്‍ ഇറങ്ങണം.. അല്ലാതെ കൃഷ്ണകുമാറിനെ ഒക്കെ വീണ്ടും പരിഗണിക്കുകയാണെങ്കില്‍ ഒന്നേ പറയാനുള്ളൂ…
ശുഭ പ്രതീക്ഷ!
100 ശതമാനം തോല്‍വി
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് സെക്രട്ടറിയറ്റിൽ വൻ വരവേൽപ്പ്; കവാടത്തിൽ സ്വാഗത ബോർഡുകൾ
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് സെക്രട്ടറിയറ്റിൽ വൻ വരവേൽപ്പ്; കവാടത്തിൽ സ്വാഗത ബോർഡുകൾ







