‘അണ്ണന്‍ വീമ്പിളക്കുമ്പോള്‍ രോഗാണു ആക്രോശിക്കും’; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസുകളുടെ പശ്ചാത്തലത്തില്‍ ഡോ ഹാരീസ് ചിറയ്ക്കലിന്റെ ‘രസകരമായ’ കുറിപ്പ്; ലക്ഷ്യം എംഎല്‍എയുടെ എച്ച്‌ഐവി പരിശോധനയോ?

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ പീഡനക്കേസുകളും അതിലെ വെളിപ്പെടുത്തലുകളും ചര്‍ച്ചയാകുന്നതിനിടെ, വരികള്‍ക്കിടയില്‍ ഒളിപ്പിച്ച മൂര്‍ച്ചയുള്ള പരിഹാസവുമായി ഡോ. ഹാരിസ് ചിറക്കല്‍. മൂന്ന് ബലാത്സംഗ കേസുകളില്‍ പ്രതിയായ രാഹുല്‍, ബന്ധങ്ങള്‍ ഉഭയസമ്മതപ്രകാരമായിരുന്നു എന്ന് സമ്മതിച്ച പശ്ചാത്തലത്തിലാണ് ഡോക്ടറുടെ കുറിപ്പ് പുറത്തുവരുന്നത്. രാഹുലിനെ എച്ച്‌ഐവി (HIV) ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന പരോക്ഷ ആവശ്യമാണ് ഡോക്ടര്‍ മുന്നോട്ടുവെക്കുന്നതെന്ന ചര്‍ച്ചകള്‍ ഇതോടെ സജീവമായി. പീഡനം, ഗര്‍ഭം, ഗര്‍ഭം അലസിപ്പിക്കല്‍ തുടങ്ങിയ വാര്‍ത്തകള്‍ ചാനലുകളില്‍ നിറയുമ്പോള്‍ ഇതില്‍ പൊട്ടിച്ചിരിക്കുന്ന ഒരു വിഭാഗമുണ്ടെന്ന് ഡോക്ടര്‍ പറയുന്നു. അത് രാഷ്ട്രീയ പ്രതിയോഗികളല്ല, മറിച്ച് മാരകമായ വൈറസുകളും ബാക്ടീരിയകളുമാണ്. കോടതി തെളിവുകളുടെ അഭാവത്തില്‍ കുറ്റാരോപിതരെ വിട്ടയച്ചേക്കാം, എന്നാല്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന അണുബാധകള്‍ ആരെയും വെറുതെ വിടില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
ലൈംഗിക പങ്കാളികള്‍ക്കിടയില്‍ എ മുതല്‍ ഇസഡ് വരെയുള്ള മറ്റ് രഹസ്യ ബന്ധങ്ങള്‍ ഉണ്ടെങ്കില്‍, ആ ശൃംഖലയിലുള്ള ആര്‍ക്കെങ്കിലും രോഗമുണ്ടെങ്കില്‍ അത് എല്ലാവര്‍ക്കും ‘സൗജന്യമായി’ കിട്ടും. ‘ഞാന്‍ നിന്നെ ഗര്‍ഭിണിയാക്കും എന്ന് അണ്ണന്‍ വീമ്പിളക്കുമ്പോള്‍, നിന്നെ ഞാന്‍ സ്ഥിരമായി കിടത്തും എന്ന് രോഗാണു ആക്രോശിക്കും’ എന്ന ഡോക്ടറുടെ വരികള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളുടെ മുനയൊടിക്കുന്ന പരിഹാസമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. ഗര്‍ഭം ഉണ്ടായി എന്നതുകൊണ്ട് തന്നെ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാണ്. അവിടെയാണ് മാരകമായ അണുബാധകള്‍ക്ക് സാധ്യതയേറുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മരണനിരക്ക് കൂടുതലുള്ള എയ്ഡ്‌സ് (HIV) ആണ് ഇത്തരത്തില്‍ പകരുന്നവരില്‍ പ്രധാനി. മരുന്നുകള്‍ ഉണ്ടെങ്കിലും ജീവിതം നരകതുല്യമാകും. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയും ഇത്തരത്തില്‍ പടരുന്നവരാണ്. ചെറിയൊരു ശസ്ത്രക്രിയയ്ക്ക് പോയാല്‍ പോലും ഈ മൂന്ന് രോഗങ്ങളും സ്‌ക്രീന്‍ ചെയ്യുമെന്നും പോസിറ്റീവ് ആയാല്‍ ‘ബയോഹസാര്‍ഡ്’ എന്ന ലേബല്‍ പതിക്കുമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഹെര്‍പ്പിസ്, ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV) വഴിയുണ്ടാകുന്ന വിവിധ ക്യാന്‍സറുകള്‍, സിഫിലിസ്, ഗൊണേറിയ എന്നിവയും ഇത്തരം സുരക്ഷിതമല്ലാത്ത ബന്ധങ്ങളിലൂടെ വരാം. ‘ഒരു അബദ്ധം പറ്റിപ്പോയി ഡോക്ടറെ’ എന്ന് പറഞ്ഞു കൊണ്ട് യുവാക്കള്‍ ആശുപത്രിയില്‍ എത്തുന്ന സാഹചര്യം ഉണ്ടാക്കരുത് എന്ന താക്കീതോടെയാണ് ഡോ. ഹാരിസ് ചിറക്കല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഡോ ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…
പീഡനം… പീഢനം…. പീഠനം:
ഇങ്ങനെ പല തരത്തിലുള്ള പീഡനങ്ങള്‍ ഉണ്ട്. ഇതിലേതാ ശരിയായ സ്‌പെല്ലിങ് എന്ന് എനിക്കും അറിഞ്ഞൂടാ. എന്തായാലും തണുപ്പ് സമയത്ത് ചാനല്‍ ന്യൂസ് കേള്‍ക്കാന്‍ ഒരു സുഖമുണ്ട്. പീഡനം, ഗര്‍ഭം, പീഡന ഗര്‍ഭം,അലസല്‍, പീഡന നിരീക്ഷകര്‍, അറസ്റ്റ്, ജയില്‍ ഈ കേസ് ഒക്കെ കേള്‍ക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിമാരുടെ സഹന ശേഷിയും കഷ്ടപ്പാടുമൊക്കെ ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട്. ഈ സംഗതികളില്‍ പൊട്ടിച്ചിരിക്കുന്ന വേറൊരു വിഭാഗക്കാരുണ്ട്. രാഷ്ട്രീയ പ്രതിയോഗികളെ കുറിച്ചല്ല. നല്ല ഒന്നാംതരം തറവാടികളായ വൈറസുകളെ കുറിച്ചും ബാക്ടീരിയകളെ കുറിച്ചുമാണ് ഞാന്‍ പറഞ്ഞുവരുന്നത്. കോടതി തെളിവുകള്‍ ഇല്ലാതെ വെറുതെ വിട്ടാലും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളിലൂടെ പകരുന്ന അണുബാധകള്‍ ആരേയും വെറുതെ വിടില്ല. വേലി ചാടിവരുന്ന x ഉം y ഉം തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഒന്ന് മനസിലാക്കുക. X ന്റെ ഒരേയൊരു പങ്കാളി y ഉം, y യുടെ ഒരേയൊരു പങ്കാളി x ഉം ആയിരിക്കണമെന്നില്ല.
a, b, c, d മുതല്‍ z വരെ രഹസ്യക്കാര്‍ ഈ ചങ്ങലയില്‍ ഉണ്ടാകാം. ഇതില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് താഴെ പറയുന്ന രോഗങ്ങള്‍ ഉണ്ടെങ്കില്‍, ഈ ശൃംഖലയില്‍ മുഴുവന്‍ പേര്‍ക്കും സൗജന്യമായി അത് കിട്ടും. ധാരാളം ചെറുപ്പക്കാര്‍ ഇത്തരം അണുബാധകളുമായി അടുത്ത കാലത്ത് ആശുപത്രികളില്‍ വരുന്നുണ്ട്. ഗര്‍ഭ നിരോധന ഉറകള്‍ ആണ് ഒരു സുരക്ഷിതമാര്‍ഗം. പക്ഷെ, ഗര്‍ഭ നിരോധന ഉറകള്‍ പോലും നൂറ് ശതമാനം സുരക്ഷിതമല്ല എന്ന് അതിന്റെ പാക്കറ്റില്‍ തന്നെ എഴുതിയിട്ടുണ്ട്. ഞാന്‍ നിന്നെ ഗര്‍ഭിണിയാക്കും എന്ന് അണ്ണന്‍ വീമ്പിളക്കുമ്പോള്‍ ‘ നിന്നെ ഞാന്‍ സ്ഥിരമായി കിടത്തും’ എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും. ഗര്‍ഭം ആയി എന്ന് പറയുമ്പോള്‍ തന്നെ ഉറ ഉപയോഗിച്ചിട്ടില്ല എന്ന് അറിയാമല്ലോ. തീര്‍ച്ചയായും അണുബാധയ്ക്ക് ചാന്‍സുണ്ട്, പ്രത്യേകിച്ച് a, b, c, d, e, f…. അംഗങ്ങള്‍ ഇടയ്ക്ക് കടന്നുവന്നിട്ടുണ്ടെങ്കില്‍ ഈ അണുബാധകള്‍ പലതും ജീവിതം താറുമാറാക്കുന്നതാണ്. എയ്ഡ്സ് ആണ് പ്രധാനി.
മരുന്നുകള്‍ കുറെയൊക്കെ ഫലപ്രദമാണെങ്കിലും കാര്യങ്ങള്‍ ശരിക്കും ബുദ്ധിമുട്ടും. ഏത് ആശുപത്രിയില്‍ ചികിത്സയ്‌ക്കോ ഓപ്പറേഷനോ പോയാലും HIV test ചെയ്യും. അതില്‍ രോഗം കണ്ടെത്തുകയും സംഗതികള്‍ കീഴ്‌മേല്‍ മറിയുകയും ചെയ്യും. അടുത്ത കാലത്തായി HIV ബാധിതരുടെ എണ്ണം കൂടിവരുന്നുണ്ട്. ഉയര്‍ന്ന മരണനിരക്കാണ് എയ്ഡ്സ് രോഗത്തിന്. വൈറല്‍ മഞ്ഞപിത്തം പടര്‍ത്തുന്ന ഹെപ്പറ്റൈറ്റിസ് B യും C യും ആണ് വേറെ രണ്ടുപേര്‍. രണ്ടും അത്ര നിസാരക്കാരല്ല. ജീവിതം മുഴുവന്‍ കൂടെ കാണും. ആശുപത്രിയില്‍ ഒരു ചെറിയ ഓപ്പറേഷന് പോയാല്‍ പോലും ഈ മൂന്ന് രോഗങ്ങളും സ്‌ക്രീന്‍ ചെയ്യും. പോസിറ്റീവ് ആണെങ്കില്‍ ബയോഹസാര്‍ഡ് എന്ന് ലേബല്‍ ചെയ്യും. പിന്നെ എല്ലാം അധിക ചിലവാണ്. ജീവന്‍ തന്നെ നഷ്ടമാകുന്ന ഹെപ്പറ്റൈറ്റിസ്, സിറൊസിസ്, കരളിലെ ക്യാന്‍സര്‍ ഇങ്ങനെ പല ബുദ്ധിമുട്ടുകളും ഉണ്ടാകാം.
Herpes simplex ആണ് വേറൊരു ക്ഷണിക്കാത്ത അതിഥി. കൊല്ലില്ല, പക്ഷെ വിട്ടു പോകില്ല. കാലാകാലങ്ങളില്‍ ചൊറിച്ചിലും നീറ്റലും വ്രണങ്ങളും ഒക്കെയായി നടക്കാം. Human papilloma virus ഇങ്ങനെ ഒരു വൈറസ് ഉണ്ട്. വളരെ സാധാരണം. സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ആണ്. Cervical cancer, penile cancer, oral cancer ഇങ്ങനെ മൂന്നു തരം ക്യാന്‍സര്‍ രോഗങ്ങളുടെ ഹേതുവാണ് ഈ വില്ലന്‍. സിഫിലിസ്, ഗൊണേറിയ ഇങ്ങനെ കുറേപ്പേര്‍ ബാക്കിയുണ്ട്. അതിനൊക്കെ ഫലപ്രദമായ ചികിത്സ ഉണ്ടെന്ന് സമാധാനം. പക്ഷെ, ഫലപ്രദം എന്ന് പറഞ്ഞാലും, പലപ്പോഴും ഒന്നെടുത്താല്‍ ഒന്ന് ഫ്രീ, ഒന്നെടുത്താല്‍ രണ്ട് ഫ്രീ എന്ന വാഗ്ദാനം പോലെ, ഗൊണേറിയയുടെ കൂടെ എയ്ഡ്സും ഹെപ്പറ്റൈറ്റിസും ഒരുമിച്ച് ചാടിക്കയറും.ഇതൊക്കെയുള്ള പല രോഗികളേയും കണ്ടിട്ടുള്ള അനുഭവത്തില്‍ പറയുന്നതാണ്. വെറും പറച്ചില്‍ അല്ല, വാര്‍ണിങ് ആണെന്ന് കൂട്ടിക്കോളൂ. ‘ ഒരു അബദ്ധം പറ്റിപ്പോയി ഡോക്ടറെ’ ഈ വാചകം കുറേ കേട്ടിട്ടുണ്ട്. ഈ വാചകം പറയാന്‍ ഇടവരുത്തരുത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.