പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് ഒരു ‘ത്രില്ലര്‍’ സിനിമയെ വെല്ലുന്ന തിരക്കഥയായിരുന്നു. ഈ അതീവരഹസ്യ ഓപ്പറേഷന് പിന്നില്‍ ഐപിഎസ് ഉദ്യോഗസ്ഥ ജി. പൂങ്കുഴലിയുടെ കൃത്യമായ പ്ലാനിംഗും, തന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥന്‍ എന്‍. മുരളീധരനിലുള്ള അചഞ്ചലമായ വിശ്വാസവുമാണ് പ്രതിഫലിക്കുന്നത്. വിവരങ്ങള്‍ ചോരാതിരിക്കാന്‍ പാലക്കാട് ജില്ലയിലെ നൂറുകണക്കിന് പോലീസുകാരില്‍ വെറും രണ്ടുപേരെ മാത്രം വിശ്വാസത്തിലെടുത്താണ് ഈ ദൗത്യം നടപ്പിലാക്കിയത്.
പീഡന പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ മേധാവി ജി. പൂങ്കുഴലി മുമ്പ് പാലക്കാട് എഎസ്പിയായിരുന്ന കാലത്ത്, എന്‍. മുരളീധരന്‍ അവിടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്നു. അന്നുതൊട്ടുള്ള ഔദ്യോഗിക വിശ്വാസവും മുരളീധരന്റെ കൃത്യനിഷ്ഠയുമാണ് ഇത്തരമൊരു നിര്‍ണ്ണായക ദൗത്യം അദ്ദേഹത്തെ ഏല്‍പ്പിക്കാന്‍ പൂങ്കുഴലിയെ പ്രേരിപ്പിച്ചത്. രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതില്‍ മുരളീധരനുള്ള മികവ് ഈ ഓപ്പറേഷന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി. ജില്ലാ പോലീസ് മേധാവി അജിത്കുമാറും മുരളീധരനും ഒഴികെ പാലക്കാട്ടെ ഒരു ഉദ്യോഗസ്ഥന്‍ പോലും എംഎല്‍എയുടെ അറസ്റ്റ് വിവരം അറിഞ്ഞില്ല എന്നത് ഈ സംഘത്തിന്റെ ഐക്യത്തിനും അച്ചടക്കത്തിനുമുള്ള തെളിവാണ്. രാഹുലിനെ കസ്റ്റഡിയിലെടുത്തതും അറസ്റ്റ് രേഖയില്‍ ഒപ്പിട്ടതും മുരളീധരനായിരുന്നു.
നേരത്തെ രണ്ട് കേസുകളില്‍ ഒളിവില്‍ പോയി മുന്‍കൂര്‍ ജാമ്യം നേടിയ രാഹുലിന് മൂന്നാം തവണ അതിന് അവസരം നല്‍കരുതെന്ന് എസ്ഐടിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നീലപ്പെട്ടി പരിശോധനയുടെ കാലത്ത് കെപിഎം ഹോട്ടലില്‍ വെച്ചുണ്ടായ നാണക്കേട് കഴുകിക്കളയാന്‍ കൂടിയുള്ള നീക്കമായിരുന്നു പോലീസിന്റേത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പച്ചക്കൊടി ലഭിച്ചതോടെ സ്പീക്കര്‍ക്കുള്ള കത്തുകള്‍ വരെ നേരത്തെ ഡ്രാഫ്റ്റ് ചെയ്ത് വെച്ചു. രാത്രി 12.15-ന് ഹോട്ടല്‍ മുറിയിലെത്തിയ സംഘം വെറും 15 മിനിറ്റിനുള്ളില്‍ രാഹുലിനെ കസ്റ്റഡിയിലെടുത്തു. അഭിഭാഷകനെ വിളിക്കണമെന്ന ആവശ്യം പോലും അംഗീകരിക്കാതെ മിന്നല്‍വേഗത്തിലായിരുന്നു നീക്കം.
കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ രാഹുല്‍ നീക്കങ്ങള്‍ നടത്തിവരികയായിരുന്നു. ചില കൗണ്‍സിലര്‍മാരുടെയും പ്രവര്‍ത്തകരുടെയും പിന്തുണ ഇതിനായി രാഹുല്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഈ അറസ്റ്റോടെ രാഹുലിന്റെ രാഷ്ട്രീയ മോഹങ്ങള്‍ക്കും വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. രഹസ്യങ്ങള്‍ കാത്തുസൂക്ഷിച്ച മുരളീധരനും കൃത്യമായി ചരടുവലിച്ച പൂങ്കുഴലിക്കും ഈ ഓപ്പറേഷന്റെ വിജയത്തില്‍ ഒരുപോലെ കൈയ്യടിക്കാം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഭരണമാറ്റത്തിനൊപ്പം കളംമാറി സര്‍വ്വീസ് സംഘടനകള്‍; സെക്രട്ടേറിയറ്റിലേയും മറ്റ് വകുപ്പുകളിലേയും എന്‍ജിഒ യൂണിയന് ‘ഭരണം’ അവസാനിക്കുന്നു; മുഖ്യമന്ത്രി എത്തും മുമ്പ് വകുപ്പ് കസേരകള്‍ പിടിച്ചെടുക്കാന്‍ യുഡിഎഫ് സംഘടനകളുടെ പരക്കംപാച്ചില്‍





