മാങ്കൂട്ടത്തിലിനെ കുരുക്കാന്‍ പൂങ്കുഴലിയുടെ ‘ചാണക്യതന്ത്രം’; അര്‍ദ്ധരാത്രിയില്‍ ഹോട്ടല്‍ വളഞ്ഞു, കാനഡയില്‍ നിന്ന് ‘ഇമെയില്‍’ പരാതി; ഒടുവില്‍ രാഹുല്‍ വീണു; ഇത് കെപിഎം ഹോട്ടല്‍ മധുരപ്രതികാരം!

പാലക്കാട്: പാതിരാത്രിയില്‍ പാലക്കാട്ടെ കെപിഎം ഹോട്ടല്‍ മുറ്റത്ത് വീണ്ടും പോലീസ് വണ്ടികള്‍ ഇരച്ചെത്തി. എന്നാല്‍ ഇത്തവണ പഴയതുപോലെ ‘നീലപ്പെട്ടി’ തപ്പി നാണംകെട്ട് മടങ്ങാനല്ല, ലക്ഷ്യം കൃത്യമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍! പാലക്കാട് എംഎല്‍എയെ പൂട്ടാന്‍ പൂങ്കുഴലി ഐപിഎസ് എന്ന പെണ്‍സിംഹം മെനഞ്ഞത് പഴുതടച്ച ചാണക്യതന്ത്രം. കഴിഞ്ഞ തവണ നീലപ്പെട്ടി വിവാദത്തില്‍ കൈപൊള്ളിയ പോലീസിന് ഇത് അഭിമാനപ്പോരാട്ടമായിരുന്നു. മാങ്കൂട്ടത്തിലിനെ വീഴ്ത്താന്‍ പോലീസ് വിരിച്ച വലയില്‍ ഒടുവില്‍ ഇര കൃത്യമായി കുടുങ്ങി.

മൂന്ന് ദിവസം മുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഒരു ഇമെയിലില്‍ നിന്നാണ് ഓപ്പറേഷന്റെ തുടക്കം. കാനഡയിലുള്ള തിരുവല്ല സ്വദേശിനിയായ യുവതിയാണ് രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം, സാമ്പത്തിക തട്ടിപ്പ് കേട്ടാല്‍ ഞെട്ടുന്ന വകുപ്പുകള്‍! യുവതി നാളെ നാട്ടിലെത്താനിരിക്കെ, രാഹുല്‍ മുങ്ങാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ പൂങ്കുഴലി ഐപിഎസ് നേരിട്ട് രംഗത്തിറങ്ങി. ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പിയെ മാത്രം വിശ്വാസത്തിലെടുത്ത് അതീവ രഹസ്യമായി നീക്കങ്ങള്‍ പൂര്‍ത്തിയാക്കി. രണ്ടു ദിവസമായി രാഹുല്‍ താമസിച്ച അതേ ഹോട്ടലില്‍ പോലീസുകാരും മുറിയെടുത്ത് അദ്ദേഹത്തിന്റെ ഓരോ ചലനവും നിരീക്ഷിച്ചു വരികയായിരുന്നു.

രാത്രി 12.15-ഓടെ ഹോട്ടല്‍ റിസപ്ഷനിലെ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. പുറംലോകവുമായി ആര്‍ക്കും ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യം. രാഹുലിന്റെ സഹായികളും ഡ്രൈവറും പോയെന്ന് ഉറപ്പുവരുത്തിയ ശേഷം 12.30-ഓടെ പോലീസ് മുറിയിലെത്തി. ആലത്തൂരിലേക്ക് കൊണ്ടുപോകുന്നുവെന്ന് സഹായികളെയും അഭിഭാഷകനെയും വിശ്വസിപ്പിച്ച് പോലീസ് മുങ്ങിയത് പത്തനംതിട്ട എ.ആര്‍ ക്യാമ്പിലേക്കാണ്. അവിടെ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

യുവതിയുടെ പരാതിയിലെ വിവരങ്ങള്‍ അതീവ ഗൗരവകരമാണ്. തിരുവല്ലയില്‍ വെച്ച് പീഡിപ്പിച്ചതിനും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിനും പുറമെ, പാലക്കാട് ഫ്‌ലാറ്റ് വാങ്ങി നല്‍കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും പണം തട്ടാന്‍ ശ്രമിച്ചുവെന്നും യുവതി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മൊഴി നല്‍കി. ആദ്യ രണ്ട് കേസുകളില്‍ കോടതി സംരക്ഷണം ഉണ്ടായിരുന്നെങ്കിലും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള പുതിയ വകുപ്പുകള്‍ വന്നതോടെ രാഹുലിന് നിയമപരമായി രക്ഷപെടുക പ്രയാസമാകും.

പഴയ ‘നീലപ്പെട്ടി’ രാഹുലിനെ നിയമസഭയിലെത്തിച്ചെങ്കില്‍, ഇത്തവണ അതേ ഹോട്ടല്‍ മുറിയില്‍ പോലീസ് ഒരുക്കിയ ‘ഇടിമിന്നല്‍’ ഓപ്പറേഷന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്കുതന്നെ കരിനിഴലായിരിക്കുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.