തിരുവനന്തപുരം: തനിക്കെതിരെ എകെജി സെന്റര്‍ കേന്ദ്രീകരിച്ച് നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കെപിസിസിക്ക് സംഭാവനയായി ലഭിച്ച 100 കോടി രൂപ താന്‍ തട്ടിയെടുത്തു എന്ന തരത്തില്‍ എല്ലാ ദിവസവും ‘കാര്‍ഡുകള്‍’ ഇറക്കുന്നവര്‍ക്ക് വൈകാതെ തന്നെ മറുപടി നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. പിണറായി വിജയന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന 16 വര്‍ഷവും പിരിച്ച ഫണ്ടുകളെല്ലാം അദ്ദേഹം വീട്ടില്‍ കൊണ്ടുപോവുകയായിരുന്നോ എന്ന് സതീശന് ചോദിച്ചു.
‘എകെജി സെന്ററില്‍ നിങ്ങള്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ഒരാളുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും പത്ത് കാര്‍ഡുകളാണ് എനിക്കെതിരെ ഇറങ്ങുന്നത്. ഞാന്‍ നൂറ് കോടി രൂപ അടിച്ചുമാറ്റി എന്നാണ് പ്രചരണം. അയാളോട് പറഞ്ഞേക്ക്, എല്ലാം കഴിയുമ്പോള്‍ അയാള്‍ക്കെതിരെ ഒറിജിനല്‍ കാര്‍ഡ് വരുന്നുണ്ടെന്ന്,’ സതീശന് വ്യക്തമാക്കി. ഇത്തരത്തിലുള്ള അപവാദ പ്രചരണങ്ങള്‍ കൊണ്ട് പ്രതിപക്ഷത്തിന്റെ വായടപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് ജമാഅത്തെ ഇസ്ലാമി ആയിരിക്കുമെന്ന എ.കെ. ബാലന്റെ പ്രസ്താവന ഗുജറാത്തില്‍ ബിജെപി നടത്തിയ പ്രചരണത്തിന് തുല്യമാണെന്ന് സതീശന് ആരോപിച്ചു. ഗുജറാത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകും എന്നായിരുന്നു ബിജെപി പ്രചരണം. അതേ മുസ്ലിം വിരുദ്ധ വികാരം കേരളത്തിലും ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബാലനും സിപിഎമ്മും ശ്രമിക്കുന്നത്. നാല് പതിറ്റാണ്ട് കാലം സിപിഎമ്മിനെ ജമാഅത്തെ ഇസ്ലാമി പിന്തുണച്ചപ്പോള്‍ ആഭ്യന്തര വകുപ്പ് ഭരിച്ചിരുന്നത് അവരായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
വെള്ളാപ്പള്ളി നടേശനെ എതിര്‍ത്ത ബിനോയ് വിശ്വം എ.കെ. ബാലന്റെ വര്‍ഗ്ഗീയ പ്രസ്താവനയെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും സതീശന് ആവശ്യപ്പെട്ടു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ ഗൂഢാലോചന നടത്തിയെന്ന് എസ്ഐടി കണ്ടെത്തിയിട്ടും സിപിഎം നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പത്മകുമാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ആ ‘ദൈവതുല്യനായ’ വ്യക്തിയെ രക്ഷിക്കാനാണോ പാര്‍ട്ടി ശ്രമിക്കുന്നത്? അയ്യപ്പന്റെ സ്വര്‍ണ്ണം കവര്‍ന്നവര്‍ക്ക് സര്‍ക്കാരും സിപിഎമ്മും കുടപിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വയനാട്ടില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച 300 വീടുകള്‍ക്കായി കണ്ടെത്തിയ സ്ഥലത്തിന്റെ രജിസ്ട്രേഷന് അടുത്തയാഴ്ച നടക്കും. 742 കോടി രൂപ ബാങ്കിലിട്ട് സര്‍ക്കാര്‍ പലിശ കൂട്ടുമ്പോഴും പാവപ്പെട്ടവര്‍ക്ക് വാടകയോ ചികിത്സാ ചെലവോ നല്‍കുന്നില്ലെന്ന് സതീശന് കുറ്റപ്പെടുത്തി. ഭൂമി കണ്ടെത്താന്‍ സര്‍ക്കാര്‍ ഒരു വര്‍ഷം വൈകിയപ്പോള്‍ കോണ്‍ഗ്രസ് മൂന്ന് മാസം വൈകിയതിനെ വിമര്‍ശിക്കുന്നത് അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഫ്ലാറ്റ് തട്ടിപ്പ് ആരോപണം; ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് പോലീസ്; 15 ലക്ഷം വാങ്ങി പറ്റിച്ചെന്ന് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍





