തിരുവനന്തപുരം: സംസ്ഥാന ഖജനാവിന് വലിയ ബാധ്യതയായി മാറിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. തുടര്‍ച്ചയായി നഷ്ടം വരുത്തുന്നതും കാലാനുസൃതമല്ലാത്തതുമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നുകില്‍ അടച്ചുപൂട്ടണം, അല്ലെങ്കില്‍ സ്വകാര്യവല്ക്കരിക്കണം എന്ന കടുത്ത നിര്‍ദ്ദേശമാണ് മുഖ്യമന്ത്രി വി.ഡി. സതീശന് നിയമസഭയില്‍ സമര്‍പ്പിച്ച ധവളപത്രത്തിലുള്ളത്.
അത്തരം നഷ്ടം വരുത്തുന്ന സ്ഥാപനങ്ങളുടെ കൈവശമുള്ള ഉപയോഗശൂന്യമായ വലിയ ഭൂമിയും മറ്റ് ആസ്തികളും വിറ്റഴിച്ച് പണമാക്കുകയോ മറ്റ് ഉല്‍പ്പാദനക്ഷമമായ മേഖലകളില്‍ ഉപയോഗിക്കുകയോ വേണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൊഴിലാളികളുടെ താല്പര്യം സംരക്ഷിച്ചുകൊണ്ട് തന്നെ ഇത്തരം കടുത്ത തീരുമാനങ്ങളിലേക്ക് കടക്കണമെന്നാണ് വിദഗ്ദ്ധ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
വെറും നികുതി വര്‍ദ്ധനവ് കൊണ്ട് മാത്രം സംസ്ഥാനത്തിന്റെ 5.07 ലക്ഷം കോടി രൂപയുടെ ഭീമമായ കടബാധ്യത തീര്‍ക്കാനാവില്ലെന്നാണ് ധവളപത്രം വ്യക്തമാക്കുന്നത്. ഭരണസംവിധാനത്തിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കാതലായ സര്‍ജറി തന്നെ വേണമെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. വരാനിരിക്കുന്ന ബജറ്റില്‍ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ എന്ത് നിലപാടുണ്ടാകുമെന്നാണ് പൊതുമേഖല ഉറ്റുനോക്കുന്നത്.
തുടര്‍ച്ചയായ നഷ്ടം കാരണം ഖജനാവില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് ശമ്പളം നല്കുന്ന രീതി ഇനി ദീര്‍ഘകാലം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല. ഉല്‍പ്പാദനത്തിനനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് സബ്സിഡി നല്കുന്ന നിലവിലെ രീതി പാടേ മാറ്റണമെന്നും ധവളപത്രം ആവശ്യപ്പെടുന്നു. അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ അക്കൗണ്ടിലേക്ക് (ഉആഠ) കൈമാറുന്ന രീതിയാണ് ഇനി നടപ്പിലാക്കാന്‍ പോകുന്നത്.
ഊര്‍ജ്ജരംഗത്തും വലിയ അഴിച്ചുപണിക്കാണ് നിര്‍ദ്ദേശമുള്ളത്. കെ.എസ്.ഇ.ബിയുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ പ്രൊഫഷണല്‍ നേതൃത്വത്തെ നിയമിക്കുകയും സോളാര്‍, ഹൈഡ്രല്‍ മേഖലകളില്‍ സ്വകാര്യ നിക്ഷേപവും കേന്ദ്ര പൊതുമേഖലാ നിക്ഷേപവും അനുവദിക്കുകയും വേണം. എ.ഐ, ഡാറ്റ സെന്ററുകള്‍ തുടങ്ങിയ ഭാവി വ്യവസായങ്ങള്‍ക്ക് വലിയ തോതില്‍ വൈദ്യുതി ആവശ്യമായതിനാല്‍ പുതിയ പദ്ധതികള്‍ അടിയന്തരമായി ആരംഭിക്കണം.
ഉന്നതവിദ്യാഭ്യാസ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് ശുപാര്‍ശ. വിദേശ സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് സംസ്ഥാനത്ത് അനുമതി നല്‍കുന്നത് വഴി വലിയ തോതില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാനാകും. വ്യവസായ സൗഹൃദമായ രീതിയില്‍ ഭൂനിയമങ്ങളിലും തൊഴില്‍ നിയമങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും ശുപാര്‍ശയുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നിതിൻ രാജിന്റെ മരണം: പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപണം; ഏപ്രിൽ 28-ന് സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്ത് ആക്ഷൻ കൗൺസിൽ





