തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറേക്കാലമായി വികസന പദ്ധതികളുടെ പേരില്‍ വലിയ ചര്‍ച്ചയായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) പ്രവര്‍ത്തന ശൈലി പാടേ തകിടം മറിക്കാന്‍ ധവളപത്രത്തില്‍ ശക്തമായ ശുപാര്‍ശ. കിഫ്ബിയുടെ വായ്പകള്‍ ഇപ്പോള്‍ സംസ്ഥാനത്തിന്റെ മൊത്തം വായ്പാ പരിധിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കിഫ്ബി ഇനി സ്വതന്ത്രമായി ഉയര്‍ന്ന പലിശയ്ക്ക് പുറത്തുനിന്ന് വായ്പ എടുക്കുന്നത് നിര്‍ത്തണമെന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്.
വസ്തുതകള്‍ ഇതായിരിക്കെ, കിഫ്ബി പ്രത്യേക സംവിധാനമായി മാറി സ്വന്തം നിലയില്‍ വായ്പയെടുക്കുന്നത് തുടരുന്നത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. കിഫ്ബിയേക്കാള്‍ 1 മുതല്‍ 1.5 ശതമാനം വരെ കുറഞ്ഞ പലിശാനിരക്കില്‍ സംസ്ഥാന ഗവണ്‍മെന്റിന് നേരിട്ട് വായ്പ ലഭ്യമാകും. അതിനാല്‍ സര്‍ക്കാര്‍ നേരിട്ട് വായ്പയെടുത്ത് കിഫ്ബിക്ക് നല്‍കുന്നതാണ് ഖജനാവിന് ഏറ്റവും ആശ്വാസകരം.
ധനകാര്യ വകുപ്പ് നേരിട്ട് വായ്പയെടുത്ത് കിഫ്ബിക്ക് നല്‍കിയാല്‍ വലിയ തുക പലിശയിനത്തില്‍ മാത്രം വര്‍ഷം തോറും ലാഭിക്കാന്‍ സാധിക്കും. ഇതിനായി കിഫ്ബിയുമായി ബന്ധപ്പെട്ട 2016-ലെ നിയമത്തില്‍ അടിയന്തിര ഭേദഗതികള്‍ വരുത്താനാണ് സര്‍ക്കാര്‍ ഇപ്പോള്‍ നീക്കം നടത്തുന്നത്. കടബാധ്യതകള്‍ കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍ സംസ്ഥാനം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണിത്.
വെറും നികുതി വര്‍ദ്ധനവ് കൊണ്ട് മാത്രം സംസ്ഥാനത്തിന്റെ 5.07 ലക്ഷം കോടി രൂപയുടെ ഭീമമായ കടബാധ്യത തീര്‍ക്കാനാവില്ലെന്നാണ് വി.ഡി. സതീശന്‍ സമര്‍പ്പിച്ച ധവളപത്രം വ്യക്തമാക്കുന്നത്. ഭരണസംവിധാനത്തിലും ഇത്തരം വായ്പാ എടുത്തുള്ള വികസന മാതൃകകളിലും കാതലായ സര്‍ജറി തന്നെ വേണമെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. വരാനിരിക്കുന്ന ബജറ്റില്‍ കിഫ്ബിയുടെ ഘടന മാറ്റുന്നതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും.
മുന്‍ ബജറ്റുകളിലെ സാമ്പത്തിക അനുമാനങ്ങളില്‍ സംഭവിച്ച ഗുരുതരമായ പാകപ്പിഴകളും സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ ധനസ്ഥിതിയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു. 2026-27 ബജറ്റിലെ വരുമാനക്കമ്മി ഗ്രാന്റും കേന്ദ്ര നികുതി വിഹിതവും സംബന്ധിച്ച കണക്കുകൂട്ടലുകള്‍ പൂര്‍ണ്ണമായും തെറ്റിയ അവസ്ഥയിലാണ്. ഇത് പുതിയ സര്‍ക്കാരിന് വലിയ വരുമാനക്കമ്മിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ കൃത്യമായ രോഗനിര്‍ണ്ണയവും പരിഷ്‌കരണത്തിനായുള്ള കൂട്ടായ പങ്കാളിത്തവും അടിയന്തിരമായി ആവശ്യമാണെന്ന് ആമുഖത്തില്‍ മുഖ്യമന്ത്രി സമര്‍ത്ഥിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികസന ആവശ്യങ്ങള്‍ക്കായി നേരിട്ട് വായ്പയെടുക്കാന്‍ അനുമതി നല്‍കണമെന്നും ധവളപത്രത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കിഫ്ബിയുടെ വായ്പാ വിനിയോഗത്തിലുള്ള വൈദഗ്ധ്യം ഇനി തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കാന്‍ ഉപയോഗിക്കാം.
മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ. എം. ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ റിപ്പോര്‍ട്ട് രൂപീകരിച്ചത്. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ മുന്‍ ഡയറക്ടര്‍ പ്രൊഫ. ഡി. നാരായണ, സി.ഡി.എസ് ഡയറക്ടര്‍ പ്രൊഫ. സി. വീരമണി എന്നിവരായിരുന്നു സമിതിയിലെ മറ്റ് വിദഗ്ദ്ധര്‍. സാമ്പത്തിക ശാസ്ത്രത്തിലും പൊതുഭരണത്തിലും മികവ് തെളിയിച്ച വിദഗ്ദ്ധരുടെ കൃത്യമായ വിലയിരുത്തലാണിത്.
ഇതോടൊപ്പം പ്രൊഫ. എം. പരമേശ്വരന്‍, ഡോ. കിരണ്‍ കുമാര്‍ കകാര്‍ലപുടി എന്നിവര്‍ ഗവേഷണ പിന്തുണയും നല്‍കിയിട്ടുണ്ട്. ഫിനാന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍ കമ്മിറ്റിയുടെ കണ്‍വീനറായി പ്രവര്‍ത്തിച്ചു. വികസന മുന്‍ഗണനകള്‍, സാമൂഹിക ക്ഷേമം, പൊതു നിക്ഷേപം എന്നിവയില്‍ ശരിയായ തീരുമാനമെടുക്കാന്‍ ധനകാര്യ വകുപ്പ് നല്‍കിയ ഡാറ്റകള്‍ സഹായിക്കും.
മുന്‍കാല സര്‍ക്കാരുകളെ വെറുതെ വിമര്‍ശിക്കുകയല്ല ഈ റിപ്പോര്‍ട്ടിന്റെ ലക്ഷ്യമെന്നും മറിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ പ്രതിസന്ധികളെ നേരിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കാനും സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വളര്‍ച്ച ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന ധവളപത്രം തയ്യാറാക്കിയിരിക്കുന്നത്.
ധനകാര്യ മേഖലയില്‍ കാലാനുസൃതമായ സ്ഥാപനപരമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ആമുഖത്തില്‍ ഉറപ്പുനല്‍കുന്നു. ധനനയം സുതാര്യമാക്കുന്നത് വെറുമൊരു സര്‍ക്കാര്‍ കാര്യമല്ല, മറിച്ച് ഓരോ പൗരന്റെയും പങ്കാളിത്തമുള്ള ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ജനങ്ങളുടെ വിഭവങ്ങള്‍ വിനിയോഗിക്കാന്‍ അധികാരമേറ്റെടുത്ത സര്‍ക്കാര്‍ സുതാര്യതയോടും സമഗ്രതയോടും ഉത്തരവാദിത്തത്തോടും കൂടി അത് കണക്കുവെക്കേണ്ടതുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കണ്ണൂരിലെ പഴയ കാര്‍ക്കശ്യക്കാരന്‍; തിരുവനന്തപുരത്തും കൊച്ചിയിലും ഗുണ്ടകളെ പാഠം പഠിപ്പിച്ചു; സൈബര്‍ ഡോമിന്റെ ശില്പ്പിയായി സൈബര്‍ കുറ്റകൃത്യങ്ങളുടെ വല പൊട്ടിച്ചു; വിജിലന്‍സിലും സൂപ്പറായി; അഴിമതി വിരുദ്ധ പോരാട്ടത്തില്‍ റെക്കോര്‍ഡ് നേട്ടങ്ങളുമായി ആന്റി കറപ്ഷന്‍ ബ്യൂറോ; 2025ലെ പോലീസ് ഹീറോ മനോജ് എബ്രാഹം




