വാഷിങ്ടൺ : ഇന്ത്യ ഉൾപ്പെടെ അൻപതിലേറെ രാജ്യങ്ങൾക്കു മേൽ പുതിയ തീരുവ ചുമത്താനൊരുങ്ങി ഡൊണാൾഡ് ട്രംപ് ഭരണകൂടം. ഇതുപ്രകാരം, 10 മുതൽ 12.5 ശതമാനം വരെ തീരുവ വർധനവാണ് യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് (യുഎസ്ടിആർ) മുന്നോട്ടു വെച്ചിരിക്കുന്നത്. ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രസീൽ, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങൾക്കു മേൽ 12.5 ശതമാനവും കാനഡ, മെക്സിക്കോ, തായ്വാൻ, യുകെ തുടങ്ങിയ രാജ്യങ്ങൾക്കു മേൽ പത്തു ശതമാനവുമാണ് തീരുവ ചുമത്താൻ തീരുമാനിച്ചിട്ടുള്ളത്. നിർബന്ധിത തൊഴിലെടുപ്പിക്കലിനെതിരേ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ചാണ് ഈ രാജ്യങ്ങൾക്ക് മേൽ തീരുവ വർദ്ധിപ്പിക്കാനുള്ള നടപടി കൈക്കൊണ്ടിരിക്കുന്നത്.
അതേസമയം പുതിയ തീരുവ ഉടൻ പ്രാബല്യത്തിൽ വരില്ല. ഇവ പൊതുജനാഭിപ്രായത്തിനും അവലോകനത്തിനും വിധേയമായ ശേഷമാകും നിലവിൽ വരിക. ജൂലൈ ആറുവരെ പൊതുജനങ്ങൾക്ക് ഇതേക്കുറിച്ച് അഭിപ്രായം അറിയിക്കാം. പിന്നാലെ യുഎസ്ടിആർ ഇതുമായി ബന്ധപ്പെട്ട വാദങ്ങളും കേൾക്കും. നിലവിൽ വരുന്നപക്ഷം, നേരത്തെ യുഎസ് സുപ്രീം കോടതി തീരുവ ചുമത്തലിൽ ഏർപ്പെടുത്തിയ പരിധിയെ മറികടക്കാൻ ട്രംപിന് സാധിക്കും എന്നതാണ് ഈ പുതിയ നീക്കത്തിന്റെ സവിശേഷത.
1974-ലെ യുഎസ് വ്യാപാര നിയമത്തിലെ 301 (ബി)(1) വകുപ്പ് അനുസരിച്ച് വ്യാപാരപങ്കാളികളെ കുറിച്ച് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പുതിയ തീരുവ ചുമത്താൻ ട്രംപ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നിർബന്ധിത തൊഴിൽ വഴി നിർമിച്ച ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തതിനെതിരേ നടപടി കൈക്കൊണ്ടിട്ടുണ്ടോ എന്നും, അത് യുഎസ് വാണിജ്യത്തെ ബാധിച്ചിട്ടുണ്ടോ എന്നുമാണ് യുഎസ് അന്വേഷിച്ചത്. ഇന്ത്യ ഉൾപ്പെടെ 54 രാജ്യങ്ങൾ ഇക്കാര്യത്തിൽ പരാജയപ്പെട്ടുവെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും യുഎസ്ടിആർ വ്യക്തമാക്കി.

തമിഴ് രാഷ്ട്രീയത്തിൽ വിജയ് തരംഗം; കന്നിയങ്കത്തിൽ വമ്പൻ മുന്നേറ്റവുമായി തമിഴക വെട്രി കഴകം; ഡിഎംകെ കോട്ടകളിൽ വിള്ളൽ
കേരള ബിജെപിയില്‍ ആരും ഒന്നും അറിഞ്ഞില്ല; കൃഷ്ണകുമാറിനെ ഡല്‍ഹിയില്‍ എത്തുന്നത് മോദിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; എന്‍ എഫ് ഡി സിയെ നയിക്കാന്‍ കൃഷ്ണകുമാര്‍ എത്തുമ്പോള്‍





