കോഴിക്കോട്: നഗര പരിധിയില്‍ നിന്നും കഴിഞ്ഞ മാസം കാണാതായ പതിനാറുകാരിയായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചു. കോഴിക്കോട് സ്വദേശി അയ മെഹ്റ (16) യെയാണ് കഴിഞ്ഞ മാസം 15 മുതല്‍ കാണാതായത്. കുട്ടിയെ കണ്ടെത്തണമെന്ന രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി. മഹേഷ് ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
കഴിഞ്ഞ മാസം 15-ന് രാത്രി 10.30 ഓടെ കാറിലെത്തിയ രണ്ടുപേര്‍ വീടിന് മുന്നില്‍ വെച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. സംഭവത്തില്‍ ചേവായൂര്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
പെണ്‍കുട്ടിയെ കാണാതായതിന്റെ അടുത്ത ദിവസം ബന്ധുവിന് ലഭിച്ച ഒരു ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് പ്രതികളെക്കുറിച്ച് നിര്‍ണ്ണായക സൂചനകള്‍ ലഭിക്കുന്നത്. തുടര്‍ന്ന് സൈബര്‍ പൊലീസിന്റെ സഹകരണത്തോടെ നടത്തിയ വിശദമായ പരിശോധനയില്‍, ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഒരു സുഹൃത്താണ് പെണ്‍കുട്ടിയെ രാത്രിയില്‍ ഫോണില്‍ ബന്ധപ്പെട്ടതെന്ന് കണ്ടെത്തി. ഇയാള്‍ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ഇവര്‍ ആദ്യം എറണാകുളത്തും പിന്നീട് നെടുമ്പാശ്ശേരിയിലും എത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സൈബര്‍ സെല്ലിന്റെയും സിസിടിവി ദൃശ്യങ്ങളുടെയും സഹായത്തോടെ നടത്തിയ തുടരന്വേഷണത്തില്‍ പെണ്‍കുട്ടി തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചു. അവിടെയുള്ള ഒരു കടയില്‍ നിന്നും മറ്റൊരു ഫോണ്‍ വഴി കുട്ടി തന്റെ ബന്ധുക്കളെ ബന്ധപ്പെട്ടിരുന്നു. ഈ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍, പെണ്‍കുട്ടി ബന്ധുക്കളോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടതായി വ്യക്തമായിട്ടുണ്ട്.
ഉടന്‍ തന്നെ ചേവായൂര്‍ പോലീസ് വിവരം കൈമാറിയതിനെ തുടര്‍ന്ന് തൃശൂര്‍ പോലീസ് കണ്ട്രോള് റൂം സംഘം സ്റ്റാന്‍ഡില്‍ എത്തിയെങ്കിലും പെണ്‍കുട്ടിയെ അവിടെ നിന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് കുട്ടിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായത്തോടെ പോലീസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചത്.
തിരിച്ചറിയല്‍ അടയാളങ്ങള്‍:
ഉയരം: ഏകദേശം 150 സെന്റീമീറ്റര്‍.
ശരീരപ്രകൃതി: മെലിഞ്ഞ ശരീരം, വെളുത്ത നിറം.
പ്രത്യേക അടയാളം: മൂക്കില്‍ ഒരു കറുത്ത മറുക് ഉണ്ട്.
ഈ കുട്ടിയെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ലഭിക്കുന്നവര്‍ എത്രയും വേഗം ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പ്രധാനമന്ത്രിയുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ കൂടിക്കാഴ്ച നടത്തി; നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഇടപെടൽ തേടി





