ബെംഗളൂരു: കർണാടകയുടെ ഇരുപത്തിയഞ്ചാമത് മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഡൽഹിയിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടർന്ന മാരത്തൺ ചർച്ചകൾക്കൊടുവിലാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംബന്ധിച്ച അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് കൈക്കൊണ്ടത്. വൈകിട്ട് ലോക്ഭവനിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഡി.കെ. ശിവകുമാറിനൊപ്പം 11 മന്ത്രിമാരും ചുമതലയേൽക്കും. മലയാളികളായ കെ.ജ. ജോർജ്, മുൻ സ്പീക്കർ യു.ടി. ഖാദർ എന്നിവർ പുതിയ മന്ത്രിസഭയിൽ ഇടംപിടിച്ചത് കേരളത്തിന് വലിയ അഭിമാനമായി മാറിയിട്ടുണ്ട്. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും പുതിയ മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്യും.
ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തുടങ്ങിയ പ്രമുഖ ദേശീയ നേതാക്കൾ ചടങ്ങിൽ നേരിട്ട് പങ്കെടുക്കും. കേരള മുഖ്യമന്ത്രി വി.ഡി. സതീശനെയും ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം മുഖ്യമന്ത്രി പദം ഒഴിഞ്ഞ സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി നിയമിച്ചു കഴിഞ്ഞു.
സിദ്ധരാമയ്യയുടെ വിശ്വസ്തരായ ജി. പരമേശ്വര, സതീഷ് ജാർക്കിഹോളി എന്നിവർക്കൊപ്പം പ്രിയങ്ക് ഖർഗെ, എം.ബി. പാട്ടീൽ, ഈശ്വർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപകലാ ശശിധർ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മറ്റ് മന്ത്രിമാർ. അതേസമയം, വലിയ ചർച്ചകൾക്ക് വഴിവെച്ച മുൻ മന്ത്രി സമീർ അഹമ്മദിനെയും ഡി.കെ. ശിവകുമാറിന്റെ വിശ്വസ്തനായ എൻ.എ. ഹാരിസിനെയും ആദ്യഘട്ട മന്ത്രിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ തോതിൽ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
രാഷ്ട്രീയ മര്യാദ; പിണറായിയെ നേരിൽ കണ്ട് വി.ഡി. സതീശൻ, സത്യപ്രതിജ്ഞയ്ക്ക് ഔദ്യോഗിക ക്ഷണം


ബംഗാൾ രണ്ടാം ഘട്ട വോട്ടെടുപ്പ്: 142 മണ്ഡലങ്ങളിൽ കനത്ത സുരക്ഷ; മമതയും സുവേന്ദുവും നേർക്കുനേർ; റെക്കോർഡ് പോളിംഗ് പ്രതീക്ഷ





