പാർട്ടി വിരുദ്ധ പ്രവർത്തനം ; രണ്ട് എം.എൽ.എമാരെ പുറത്താക്കി തൃണമൂൽ

കൊൽക്കത്ത : പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ രണ്ട് എം.എൽ.എമാരെ പുറത്താക്കി തൃണമൂൽ കോൺഗ്രസ്. എം.എൽ.എമാരായ സന്ദീപൻ സാഹയെയും, ഋത്പ്രത ബാനർജിയെയുമാണ് അച്ചടക്ക നടപടി പ്രകാരം പുറത്താക്കിയത്. പാർട്ടി വൈസ് പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ ഒപ്പിട്ട നോട്ടിസിലാണ് ഇരുവരെയും പുറത്താക്കിയ വിവരം അറിയിച്ചത്. സംഘടന വിരുദ്ധ പ്രവർ‍ത്തനങ്ങളിൽ ഏർപ്പെട്ടു, പാർട്ടി നേതൃത്വം വിളിച്ച യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ വീഴ്ച സംഭവിച്ചു,  പാർട്ടിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നിങ്ങനെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.

​ബംഗാൾ നിയമസഭയിലെ ‘വ്യാജ ഒപ്പ്’ വിവാദവുമായി ബന്ധപ്പെട്ട് ഇരുവരും പരാതി നൽകിയിട്ടുള്ളതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി സംസ്ഥാന സെക്രട്ടേറിയറ്റിൽ വാർത്താസമ്മേളനം നടത്തി മിനിറ്റുകൾക്കകമാണ് തൃണമൂൽ കോൺഗ്രസിൻ്റെ ഈ നിർണായക നടപടി. നിയമസഭയിൽ ശോഭൻദേബ് ചട്ടോപാധ്യായയെ പ്രതിപക്ഷ നേതാവായി തൃണമൂൽ കോൺഗ്രസ് പിന്തുണച്ച രേഖകളിലെ ഒപ്പുകളെച്ചൊല്ലിയാണ് നിലവിൽ വിവാദം പുകഞ്ഞു കൊണ്ടിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് പിളരുമോ എന്ന ആശങ്കയ്ക്കിടെയാണ് പാർട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിൽ രണ്ട് എംഎൽഎമാരെ കൂടി പുറത്താക്കുന്നത്.

അതേസമയം, കഴിഞ്ഞ ഞായറാഴ്ച മമത ബാനർജിയുടെ നേതൃത്വത്തിൽ വീട്ടിൽ നടത്താനിരുന്ന യോഗം റദ്ദാക്കിയിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂൽ കോൺഗ്രസിന്റെ 80 എംഎൽഎമാരിൽ 20 പേർ മാത്രമാണ്  യോഗത്തിന് എത്തിയത്. ഇതിനെ തുടർന്നായിരുന്നു യോഗം വേണ്ടെന്ന് വെച്ചത്. എംപിമാരായ അഭിഷേക് ബാനർജിയും കല്യാൺ ബാനർജിയും ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിക്കാൻ മണ്ഡലങ്ങളിൽ തുടരുന്നതിനാലാണ് അംഗങ്ങൾ എത്താതിരുന്നതെന്നാണ് പാർട്ടി വക്താവ് കുനാൽ ഘോഷ് നൽകിയ വിശദീകരണം. എങ്കിലും ഇത്രയും പേർ യോഗത്തിൽ നിന്നും വിട്ടുനിന്നത് പാർട്ടിയിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.