കിഫ്ബിയില്‍ കടുപ്പമാക്കാന്‍ സര്‍ക്കാര്‍; വരുമാനമുള്ള പദ്ധതികള്‍ക്ക് മാത്രം മുന്‍ഗണന, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചേക്കും

തിരുവനന്തപുരം: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) പ്രവര്‍ത്തനങ്ങളിലും ധനസമാഹരണ രീതികളിലും വന്‍ അഴിച്ചുപണിക്ക് യു.ഡി.എഫ് സര്‍ക്കാര്‍ നീക്കം. സ്വതന്ത്ര സ്വഭാവം നിയന്ത്രിച്ച് കിഫ്ബിയെ പൂര്‍ണ്ണമായും ധനവകുപ്പിന്റെ നേരിട്ടുള്ള നിരീക്ഷണത്തിന് കീഴില്‍ കൊണ്ടുവരാനാണ് നീക്കം. വരുമാനം ഉറപ്പുനല്‍കുന്ന പദ്ധതികള്‍ക്ക് മാത്രം ഇനിമുതല്‍ മുന്‍ഗണന നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ നയപരമായ തീരുമാനം.
കിഫ്ബിയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ എങ്ങനെ മാറ്റണമെന്നതിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയ്യാറാക്കുന്ന സമിതി തന്നെയാകും കിഫ്ബിയുടെ ബാധ്യതകളും പരിശോധിക്കുക. മുഖ്യമന്ത്രി അധ്യക്ഷനും ധനമന്ത്രി ഉപാധ്യക്ഷനുമായ ഡയറക്ടര്‍ ബോര്‍ഡ് നിലവിലുണ്ടെങ്കിലും കഴിഞ്ഞ പത്തുവര്‍ഷത്തെപ്പോലെ കിഫ്ബിയെ ഇനി സ്വതന്ത്രമായി വിടേണ്ടതില്ലെന്നാണ് പുതിയ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ പുതിയ പദ്ധതികള്‍ക്കൊന്നും തന്നെ അംഗീകാരം നല്‍കിയിട്ടില്ല.
കിഫ്ബി നടത്തുന്ന കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതു കടമെടുപ്പ് പരിധിയെ ബാധിക്കുന്ന രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാരിന് താല്പര്യമില്ല. കിഫ്ബിയുടെ കടം സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള ബാധ്യതയായി കണക്കാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത്. ഇത് സംസ്ഥാനത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 16,600 കോടി രൂപയാണ് കിഫ്ബി കടമായി തിരിച്ചടയ്ക്കാനുള്ളത്.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി ഫണ്ട് വന്‍തോതില്‍ പരസ്യങ്ങള്‍ക്കായി വകമാറ്റിയതിനെതിരെ യു.ഡി.എഫ് കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിനുപുറമേ കിഫ്ബി ജീവനക്കാര്‍ക്ക് വന്‍ തുക അലവന്‍സായി നല്‍കുന്നുണ്ടെന്നാണ് നിലവിലെ സര്‍ക്കാരിന്റെ വിലയിരുത്തല്‍. ധനസ്ഥിതി പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ ഉയര്‍ന്ന അലവന്‍സുകള്‍ വെട്ടിക്കുറയ്ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.