ന്യൂഡല്‍ഹി: കേരളത്തിലെ സ്കൂള്‍ അധ്യാപക നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും അതീവ നിര്‍ണ്ണായകമായ വഴിത്തിരിവ്. കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (K-TET) യോഗ്യത നേടാത്ത സ്കൂള്‍ അധ്യാപകരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന മുന്‍ വിധി ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി പൂര്‍ണ്ണമായും തള്ളി. അതേസമയം, നിലവില്‍ സര്‍വീസിലുള്ള അധ്യാപകര്‍ക്ക് ആശ്വാസമായി പരീക്ഷ പാസാകാനുള്ള സമയപരിധി രണ്ട് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി കോടതി ഉയര്‍ത്തി നല്‍കിയിട്ടുണ്ട്. അപൂര്‍വ്വമായി മാത്രം സംഭവിക്കാറുള്ളതുപോലെ, ചേംബറിന് പകരം തുറന്ന കോടതിയില്‍ വിശദമായ വാദം കേട്ട ശേഷമാണ് സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജികള്‍ നിരസിച്ചത്.
കേരള സര്‍ക്കാരും വിവിധ അധ്യാപക സംഘടനകളും വ്യക്തികളും ഉള്‍പ്പെടെ സമര്‍പ്പിച്ച നാല്‍പ്പത്തിയഞ്ചോളം പുനഃപരിശോധനാ ഹര്‍ജികളാണ് ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, മന്മോഹന് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂള്‍ അധ്യാപകര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുള്ള യോഗ്യതാ പരീക്ഷയില്‍ നിന്ന് ആര്‍ക്കും ഇളവ് നല്കാന് കഴിയില്ലെന്ന് കോടതി അസന്ദിഗ്ദ്ധമായി വ്യക്തമാക്കി.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളായ നെറ്റ് (NET), എം.ഫില്‍ (M.Phil), എം.എഡ് (M.Ed), പിഎച്ച്.ഡി (Ph.D) എന്നിവയുടെ ബലത്തില്‍ മുന്‍പ് സര്‍വീസില്‍ പ്രവേശിച്ച സംസ്ഥാനത്തെ അരലക്ഷത്തോളം വരുന്ന അധ്യാപകരെ ഈ വിധി നേരിട്ട് ബാധിക്കും. ഉയര്‍ന്ന യോഗ്യതകള്‍ ഉണ്ടെങ്കില്‍ പോലും സ്കൂള്‍ തലത്തിലുള്ള കുട്ടികളുടെ ബോധനശാസ്ത്രത്തിലും അധ്യാപന അഭിരുചിയിലും (Pedagogy and Teaching Aptitude) കേന്ദ്രീകരിക്കുന്ന അടിസ്ഥാന യോഗ്യതാ പരീക്ഷയായ ടെറ്റ് തന്നെ ജയിക്കണമെന്നാണ് കോടതി ഉത്തരവ്.
ഈ വിധി പൂര്‍ണ്ണതോതില്‍ നടപ്പാക്കുന്നതോടെ, ടെറ്റ് പരീക്ഷ പാസാകാത്ത അധ്യാപകരുടെ നിലവിലെ ജോലിയും വരാനിരിക്കുന്ന പ്രൊമോഷനുകളും തടസ്സപ്പെടും. കോടതി അനുവദിച്ച മൂന്ന് വര്‍ഷത്തെ സമയപരിധിക്കുള്ളില്‍ പരീക്ഷ പാസായാല്‍ മാത്രമേ ഇവര്‍ക്ക് സര്‍വീസില്‍ തുടരാനും മറ്റ് ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും സാധിക്കൂ.
2012 മാര്‍ച്ച് 31-ന് മുന്‍പ് സര്‍വീസില്‍ പ്രവേശിച്ച അധ്യാപകരെ കെ-ടെറ്റ് നിബന്ധനയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം. ഇത്രയും കാലം സര്‍വീസിലിരുന്ന ഇവരെ വിരമിക്കുന്നത് വരെ ജോലിയില്‍ തുടരാന്‍ അനുവദിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ഉയര്‍ന്ന യോഗ്യതയുള്ളവരെ ഇത്തരം പ്രവേശന പരീക്ഷകളില്‍ നിന്ന് ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ നിലപാടുകളും കോടതി അംഗീകരിച്ചില്ല.
സാധാരണഗതിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ ജഡ്ജിമാരുടെ ചേംബറുകളിലാണ് പരിഗണിക്കാറുള്ളത്. എന്നാല്‍ കേരളത്തിലെ വലിയൊരു വിഭാഗം അധ്യാപകരെ ബാധിക്കുന്ന വിഷയമായതിനാലാണ് സുപ്രീംകോടതി ഇത് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ തയ്യാറായത്. എന്നാല്‍ വിശദമായ വാദങ്ങള്ക്കൊടുവിലും മുന്‍ ഉത്തരവ് തിരുത്താന്‍ പ്രഥമദൃഷ്ട്യാ യാതൊരു കാരണവുമില്ലെന്ന് ബെഞ്ച് വിലയിരുത്തുകയായിരുന്നു.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നുമുള്ള കര്‍ശന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. പുതുതായി അനുവദിച്ച മൂന്ന് വര്‍ഷത്തെ കാലാവധിക്കുള്ളില്‍ പരീക്ഷ എഴുതിയെടുക്കാന്‍ അധ്യാപകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഇനി പ്രത്യേക കെ-ടെറ്റ് പരീക്ഷകള്‍ അടിയന്തിരമായി നടത്തേണ്ടി വരും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മുഖ്യമന്ത്രിയാകാൻ കെ.സി വേണുഗോപാലിന് തടസ്സമാവുക ഇക്കാര്യങ്ങൾ; ലീഗിന്റെ നിലപാട് നിർണായകം




