ആലപ്പുഴ: കൈക്കൂലി ക്കേസിൽ ഇന്നലെ വിജിലൻസിന്റെ പിടിയിലായ ചേർത്തല ഡിവൈ എസ് പി ടി അനിൽകുമാർ ചെറിയ മീനല്ല. കൈക്കൂലി വാങ്ങുന്നതിനായി ആസൂത്രിതമായ നീക്കമാണ് അദ്ദേഹം നടത്തിയത്.
മലിനജലം ശേഖരിച്ച് ചേർത്തല നഗരസഭയുടെ എസ്സ്.ടി.പി പ്ലാന്റിൽ എത്തിക്കുന്ന ബിസിനസ് ചെയ്യുന്ന ചേർത്തല സ്വദേശിയെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദപ്പെടുത്തിയുമാണ് ‘അച്ഛൻ അനിൽ’ എന്ന് പോലീസ് വൃത്തങ്ങളിൽ അറിയപ്പെടുന്ന അനിൽകുമാർ 50,000 രൂപ കൈക്കൂലി വാങ്ങിയത്. 2 ലക്ഷം രൂപയാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നത്.
കല്ലം കുണ്ടറ സ്വദേശിയായ അനിൽകുമാർ ചേർത്തല ഡിവൈഎസ്പിയായി വന്നതു മുതൽ കൈക്കൂലി സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവിന്റെ ശിപാർശയിലാണ് ക്രൈംബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന അനിൽകുമാർ ലോക്കൽ പോലീസിലേക്ക് എത്തുന്നത്.
ചേർത്തല നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലിനജലം ശേഖരിച്ച് നഗരസഭയുടെ തന്നെ ഉടമസ്ഥതയിലുള്ള എസ്.ടി.പി പ്ലാന്റിലേക്ക് എത്തിക്കുന്ന ബിസിനസ് ചെയ്തു വന്നിരുന്നയാളെ വിളിച്ചുവരുത്തി ഡിവൈഎസ്പി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. മലിനജലം കൊണ്ടുപോകുന്ന വാഹനങ്ങൾ പോലീസ് സ്റ്റേഷനിൽ പിടിച്ചിടീപ്പിച്ചു കൊണ്ടാണ് ഇദ്ദേഹം ഇതിനു കളമൊരുക്കിയത്.
മലിനജലം കൊണ്ടുപോകുന്നതിനായി ആറ് വാഹനങ്ങൾ ഉള്ളയാളാണ് ചേർത്തല സ്വദേശി. വാഹനങ്ങൾ തുടരെ പോലീസ് പിടിച്ചതോടെ ബിസിനസ്സുകാരൻ ഡിവൈഎസ്പിയെ സമീപിച്ചു. എല്ലാ മാസവും 25,000 രൂപ വീതം നൽകണമെന്നായിരുന്നു ഡിവൈഎസ്പി യുടെ ആവശ്യം. പ്രതിമാസം 15,000 രൂപ വീതം കൈക്കൂലിയായി നൽകാമെന്ന് പറഞ്ഞെങ്കിലും അത് അംഗീകരിക്കാൻ ഡിവൈഎസ്പി തയ്യാറായില്ല.
പിന്നീട് ഡിവൈഎസ്പി ബിസിനസ്സ്കാരനെ വാട്ട്സ് ആപ്പിൽ വിളിച്ചു താൻ താമസിക്കുന്ന ചേർത്തല തൈക്കലിലുള്ള വീട്ടിൽ എത്താൻ ആവശ്യപ്പെട്ടു. അവിടെ എത്തിയപ്പോൾ കൊല്ലത്ത് തന്റെ വീടിന്റെ പണിനടക്കുകയാണെന്നും പണത്തിന് നല്ല ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ രണ്ട് ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ഇത്രയും നൽകാൻ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞപ്പോൾ ‘പിന്നെ കാണാം’ എന്ന് ദേഷ്യത്തിൽ പറഞ്ഞ ശേഷം തിരികെ അയക്കുകയായിരുന്നു.
അതോടെ ഡിവൈഎസ്പി പ്രതികാരം നടപടികൾ തുടങ്ങി. കഴിഞ്ഞ ഏപ്രിൽ 29ന് പേട്രോൾ പമ്പിൽ ഡീസൽ നിറച്ചുകൊണ്ടിരുന്ന മലിനജലം കൊണ്ടുപോകുന്ന രണ്ട് വാഹനവും വർക്ക്ഷോപ്പിൽ കിടന്നിരുന്ന മറ്റൊരു വാഹനവും ഡിവൈഎസ്പി നേരിട്ട് കസ്റ്റഡിയിൽ എടുത്ത് ചേർത്തല പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചു. ഒരു മാസത്തിനുശേഷം മറ്റൊരു വാഹനവും ഡിവൈഎസ്പി ഇതുപോലെ കസ്റ്റഡിയിലെടുത്ത് ചേർത്തല പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
തുടർന്ന് വാഹനങ്ങൾ വിട്ടുകിട്ടുന്നതിനായി ഡിവൈഎസ്പിയുടെ തൈക്കിലിലുള്ള വീട്ടിലെത്തി നേരിട്ട് കണ്ട് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് ബിസിനസ്സ് കാരൻ പറഞ്ഞപ്പോൾ ഒരു ലക്ഷം രൂപ ആദ്യം നൽകണമെന്നും തുടർന്ന് 25,000 രൂപ വീതം ഓരോ മാസവും നൽകിയാൽ മതിയെന്നും പറഞ്ഞു പരാതിക്കാരന് തിരികെ അയച്ചു. തുടർന്നാണ് വിജിലൻസ് കെണിയൊരുക്കി ഡിവൈഎസ്പിയെ വലയിലാക്കിയത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
കെ.എസ്.ഇ.ബി ഫണ്ട് തട്ടിപ്പ്: ശിക്ഷിക്കപ്പെട്ടിട്ടും ഒളിവിൽ കഴിഞ്ഞ പ്രതിയെ വിജിലൻസ് പിടികൂടി
കെ.എസ്.ഇ.ബി ഫണ്ട് തട്ടിപ്പ്: ശിക്ഷിക്കപ്പെട്ടിട്ടും ഒളിവിൽ കഴിഞ്ഞ പ്രതിയെ വിജിലൻസ് പിടികൂടി







