തിരുവനന്തപുരം: ആലപ്പുഴയിലെ നവകേരള സദസ്സിനിടെ യൂത്ത് കോണ്‍ഗ്രസ് – കെഎസ്യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാന്മാരെ രക്ഷിക്കാന്‍ ഒത്തുകളിച്ച അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്നു എഡിജിപി എം.ആര്. അജിത് കുമാറിനെതിരെ വ്യാജരേഖാ നിര്‍മ്മാണത്തിന് കേസെടുത്തേക്കും. കേസ് അട്ടിമറിക്കാന്‍ എഡിജിപി പദവി ദുരുപയോഗം ചെയ്ത് യഥാര്‍ത്ഥ അന്വേഷണ റിപ്പോര്‍ട്ട് വലിച്ചുകീറി എറിഞ്ഞെന്ന നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ അജിത് കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നേരിട്ട് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. ഇതോടെ മുന്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര വകുപ്പില്‍ സര്‍വ്വാധികാരിയായിരുന്ന അജിത് കുമാറിനെതിരെയുള്ള നീക്കങ്ങള്‍ പുതിയ തലത്തിലേക്ക് ഉയരുകയാണ്.
കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ആലപ്പുഴ ഡിവൈഎസ്പി സുനില്‍ രാജിനെ തിരുവനന്തപുരം പേരൂര്‍ക്കടയിലുള്ള എഡിജിപിയുടെ ഓഫീസിലേക്ക് രണ്ടുതവണ രഹസ്യമായി വിളിച്ചുവരുത്തിയാണ് അട്ടിമറി നടത്തിയത്. മര്‍ദ്ദനം ചട്ടവിരുദ്ധമാണെന്ന് രേഖപ്പെടുത്തിയ ആദ്യ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഓഫീസില്‍ വെച്ച് ‘വലിച്ചുകീറി’യതായാണ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ലഭിച്ച മൊഴി. ഇതിനുശേഷമാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ നിര്‍ണ്ണായക വീഡിയോ ‘കണ്ടിട്ടില്ലെന്ന’ കള്ളം ഉള്‍പ്പെടുത്തി പുതിയ വ്യാജ റിപ്പോര്‍ട്ട് നിര്‍മ്മിച്ചതും കേസ് ഡയറി തിരുത്തിയതും. നിലവില്‍ എസ്പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പുനരന്വേഷിക്കുന്നത്. എഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ നടപടികളിലേക്ക് കടക്കാന്‍ കീഴുദ്യോഗസ്ഥനായ എസ്പിക്ക് പരിമിതികളുള്ളതിനാല്‍, വരുംദിവസങ്ങളില്‍ സംസ്ഥാന പോലീസ് മേധാവി (ഡിജിപി) തന്നെ നേരിട്ട് ഈ കേസിന്റെ അന്വേഷണച്ചുമതല ഏറ്റെടുക്കുമെന്നാണ് ആഭ്യന്തരവകുപ്പില്‍ നിന്നുള്ള സൂചന.
അജിത് കുമാറിനെതിരെ സസ്പെന്ഷന് ഉള്‍പ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികള്‍ ഉണ്ടാകുമെന്നുറപ്പായതോടെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്മാന്മാരും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച എസ്ഐടി, ഗണ്മാന്മാരുടെ മര്‍ദ്ദനം പൂര്‍ണ്ണമായും ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നാല് ഗണ്മാന്മാരെയും ഉടന്‍ തന്നെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തേക്കും. അന്ന് സംഭവത്തിന് തൊട്ടുപിന്നാലെ ഗണ്മാന്മാര്ക്കെതിരെ കടുത്ത നടപടി വേണമെന്ന് ശുപാര്‍ശ ചെയ്തുകൊണ്ട് അന്നത്തെ ആലപ്പുഴ എസ്പി നല്കിയ രഹസ്യ റിപ്പോര്‍ട്ട് അന്നത്തെ ആഭ്യന്തരവകുപ്പ് ഭരിച്ചിരുന്നവര്‍ പൂഴ്ത്തിവെക്കുകയായിരുന്നു എന്ന വിവരവും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ബോണ്‍സായി ആക്കപ്പെട്ട പഴയ അന്വേഷണ റിപ്പോര്‍ട്ടുകളെല്ലാം മാറിമറിയുമ്പോള്‍, അന്ന് ആഭ്യന്തരവകുപ്പിന്റെ തണലില്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരിലേക്കാണ് ഇപ്പോള്‍ അന്വേഷണത്തിന്റെ ദിശ നീളുന്നത്.
അതേസമയം, നവകേരള കേസ് അട്ടിമറിക്കാന്‍ ആദ്യ അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ വലിച്ചുകീറിയെന്ന ആരോപണം പുറത്തുവന്നതിന് പിന്നാലെ പോലീസിനെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങളാണ് പുറത്തു വരുന്നത്. നിലവിലെ ഇന്റലിജന്‍സ് മേധാവി പി. വിജയനെ മുന്‍പ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിലേക്ക് നയിച്ച സംഭവങ്ങളിലും സമാനമായ ‘റിപ്പോര്‍ട്ട് കീറല്‍’ അട്ടിമറി നടന്നതായാണ് ഇപ്പോള്‍ ആഭ്യന്തരവകുപ്പില്‍ നിന്ന് പുറത്തുവരുന്ന സൂചനകള്‍. തനിക്ക് താല്പര്യമില്ലാത്തതും ഉന്നതരുടെ താല്പര്യങ്ങള്ക്ക് വിരുദ്ധവുമായ റിപ്പോര്‍ട്ടുകള്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തിരുത്തിക്കുന്നതും കീറിയെറിയുന്നതും എഡിജിപിയുടെ പതിവുശൈലിയായിരുന്നു എന്ന ആക്ഷേപമാണ് ഇതോടെ ശക്തമാകുന്നത്. എലത്തൂര്‍ തീവണ്ടി കേസ് പ്രതിയുടെ യാത്രാവിവരം ചോര്‍ന്നതില്‍ പി. വിജയന് പങ്കില്ലെന്ന അനുകൂല റിപ്പോര്‍ട്ട് അജിത് കുമാര്‍ കീറിയെറിഞ്ഞതായാണ് ആരോപണം. തൊട്ടുപിന്നാലെ വിജയന് സസ്പെന്ഷന് നടപടിയും വന്നു.
മുന്‍ സര്‍ക്കാരിന്റെ കാലത്തെ ഇത്തരം രാഷ്ട്രീയ ഒത്തുകളികളും വ്യാജരേഖാ ചമയ്ക്കലുകളും പൂര്‍ണ്ണമായി പുറത്തുകൊണ്ടുവരുന്നതിലൂടെ ആഭ്യന്തര വകുപ്പില്‍ വലിയൊരു അഴിച്ചുപണിക്കാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടക്കമിട്ടിരിക്കുന്നത്. എസ്ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ പോലീസ് മേധാവി തന്നെ നേരിട്ട് അജിത് കുമാറിനോട് വിശദീകരണം തേടുകയും തുടനടപടികള്‍ പുതിയ തലത്തിലേക്ക് എത്തിക്കുകയും ചെയ്യും. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പിണറായി വിജയന്റെ അതിവിശ്വസ്തനായിരുന്ന അജിത് കുമാറിനെതിരെ കര്‍ശന നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരള ഹൈക്കോടതിക്ക് ആദ്യ അഡീഷണൽ സോളിസിറ്റർ ജനറൽ; അഡ്വ. പി. ശ്രീകുമാർ നിയമിതനായി



