ബെംഗളൂരു : സോഷ്യൽ മീഡിയ യുവത്വത്തിനിടയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കോളിളക്കമായി മാറിയ ‘കൊക്രോച്ച് ജനതാ പാർട്ടി’യുടെ (Cockroach Janata Party CJP) മനുഷ്യച്ചങ്ങലയ്ക്ക് വിലക്കേർപ്പെടുത്തി കർണാടക പോലീസ് . മറ്റന്നാൾ ബെംഗളൂരു ടൗൺഹാൾ പരിസരത്ത് നടത്താൻ നിശ്ചയിച്ചിരുന്ന മനുഷ്യച്ചങ്ങല നിയമവിരുദ്ധമാണെന്നും ഇതിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നുമാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രതിഷേധ പ്രകടനങ്ങൾ ഫ്രീഡം പാർക്കിൽ മാത്രമേ അനുവദിക്കാവൂ എന്ന കർണാടക ഹൈക്കോടതിയുടെ കർശന നിർദ്ദേശമുള്ളതിനാലാണ് ടൗൺഹാളിലെ പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ‘സി.ജെ.പി കർണാടക’ എന്ന പേജുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യരുതെന്നും പോലീസിന്റെ കർശന നിർദ്ദേശമുണ്ട്.
അതിനിടെ, കൊക്രോച്ച് ജനതാ പാർട്ടി സ്ഥാപകനായ അഭിജിത് ദീപ്കേയ്ക്ക് നേരെ വധഭീഷണി ഉയർന്നതായി റിപ്പോർട്ട്. ഈ നീക്കത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ വകവരുത്തുമെന്ന തരത്തിൽ എത്തിയ ഭീഷണി സന്ദേശങ്ങൾ അഭിജിത് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഭീഷണി സന്ദേശത്തിലെ വാക്കുകൾ ഇങ്ങനെ: “കൊക്രോച്ച് ജനതാ പാർട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടുക. നിങ്ങൾക്ക് അതിന് പണം ലഭിക്കും. അല്ലെങ്കിൽ ബി.ജെ.പിയിൽ ചേരുക. ഇതിന് തയ്യാറായില്ലെങ്കിൽ അമേരിക്കയിൽ വെച്ച് നിങ്ങൾ കൊല്ലപ്പെടും.” മധ്യപ്രദേശ് സ്വദേശിയായ അഭിജിത് ദീപ്കെ നിലവിൽ അമേരിക്കയിലെ ബോസ്റ്റൺ സർവ്വകലാശാലയിലെ വിദ്യാർത്ഥിയാണ്. ഫോണിലൂടെയും എക്സ് ഹാൻഡിലിലൂടെയും ആണ് നിരന്തരം ഭീഷണിയെത്തുന്നത്.
വിഷയം വെറുമൊരു ട്രോൾ പേജിനപ്പുറം വളർന്നതോടെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഇതിൽ ഇടപെട്ടിട്ടുണ്ട്. ‘കൊക്രോച്ച് ജനതാ പാർട്ടി’ എന്ന പേരിൽ രാജ്യവ്യാപകമായി ആരംഭിച്ചിട്ടുള്ള ഈ ആക്ഷേപഹാസ്യ അക്കൗണ്ടുകൾ കേവലം തമാശയല്ലെന്നും, ഇവ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും ഇന്റലിജൻസ് വിഭാഗം കേന്ദ്ര സർക്കാരിനെ അറിയിച്ചു. ഇത്തരം തരംതാഴ്ന്ന പ്രവർത്തികളിലൂടെ രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ തകർക്കാൻ ആർക്കും കഴിയില്ലെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ പ്രതികരണം . സോഷ്യൽ മീഡിയയിലൂടെ ആളുകളെ സംഘടിപ്പിച്ച് തെരുവിലിറക്കാനുള്ള കൊക്രോച്ച് പാർട്ടിയുടെ നീക്കത്തെ കടുത്ത ജാഗ്രതയോടെയാണ് കർണാടക പോലീസും കേന്ദ്ര ഏജൻസികളും ഇപ്പോൾ വീക്ഷിക്കുന്നത്.


സുധാകരന് താല്പര്യമുള്ള മറ്റൊരാളെ കണ്ണൂരില്‍ നിര്‍ത്താം എന്ന കെപിസിസി ഫോര്‍മുല തള്ളി; ഹൈക്കമാണ്ടിന്റെ ഡല്‍ഹിയിലേക്കുള്ള ക്ഷണം സുധാകരന് നിരസിക്കും; രണ്ടും കല്‍പ്പിച്ച് സുധാകരന്; കോണ്‍ഗ്രസിനുള്ളില്‍ പുകയുന്ന ‘കണ്ണൂര്‍ കനല്’ കെട്ടടങ്ങുന്നില്ല
വിഐപി യാത്രാ വഴിയായതിനാല്‍ അമ്മയോട് കാര്‍ നീക്കിയിടാന്‍ പറഞ്ഞു; കലിപ്പുകയറി ജൂനിയര്‍, സീനിയറുടെ നെഞ്ചിലിടിച്ചു; കേരളാ പോലീസ് ഇതെങ്ങോട്ട്? എല്ലാം പോലീസ് ആസ്ഥാനത്തിന് മുന്നില്‍





