കല്യാണദിവസം വരാതെ കള്ളം പറഞ്ഞു; മറ്റൊരു രജിസ്റ്റർ വിവാഹത്തിന് ശ്രമിക്കവെ 32കാരൻ വിഴിഞ്ഞം പോലീസിന്റെ വലയിൽ

തിരുവനന്തപുരം: വിവാഹം കഴിച്ചു കൊള്ളാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു യുവതിയെ പീഡിപ്പിക്കുകയും പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്ത 32കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മണക്കാട് സ്വദേശി സച്ചിന്‍കുമാര്‍ ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിൽ തിരുവനന്തപുരം വിഴിഞ്ഞം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
ട്രെയിനിൽ യാത്ര ചെയ്യവേ പാലക്കാടു വെച്ച് റെയില്‍വേ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. പിന്നീട് വിഴിഞ്ഞം പോലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി. നാലുവർഷം ഇയാൾക്ക് യുവതിയുമായി ബന്ധമുണ്ടായിരുന്നു. ഒൻപതു ലക്ഷം രൂപയും 7പവൻ സ്വർണ്ണവും ഇയാൾ കൈക്കലാക്കുകയും ചെയ്തു.
കഴിഞ്ഞ മാര്‍ച്ച് 30ന് തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്താമെന്ന് ഇയാൾ യുവതിക്കും കുടുംബത്തിനും  ഉറപ്പുനല്‍കിയിരുന്നു. ഇതിൻ പ്രകാരം യുവതിയും അടുത്ത ബന്ധുക്കളും ആറ്റുകാൽ ക്ഷേത്രത്തിലെത്തിയെങ്കിലും സച്ചിന്‍കുമാര്‍ എത്തിയില്ല. വിവാഹത്തില്‍ പങ്കെടുക്കാൻ വന്ന സുഹൃത്ത് തിരുവല്ലത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചുവെന്നും അതുകൊണ്ട് അന്ന് വിവാഹം നടത്താൻ കഴിയില്ലെന്നും ഫോണിലൂടെ യുവതിയെ ഇയാൾ അറിയിക്കുകയായിരുന്നു.
എന്നാല്‍ പിന്നീട് സച്ചിന്‍കുമാര്‍ മറ്റൊരു യുവതിയുമായുള്ള വിവാഹം തിരുവനന്തപുരം പേരൂര്‍ക്കട സബ് രജിസ്റ്റാർ ഓഫീസില്‍വെച്ചു രജിസ്റ്റർ ശ്രമിക്കുന്നുവെന്ന വിവരം യുവതി അറിഞ്ഞതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്ത വിവരമറിഞ്ഞ സച്ചിന്‍കുമാര്‍ ബംഗളൂരുവിലേക്ക് മുങ്ങി. പ്രതി ഒളിവിൽ പോയതോടെ വിഴിഞ്ഞം പൊലീസ്  എല്ലാ പോലീസ് സ്റ്റേഷനുകളിലും റെയില്‍വേ പൊലീസിനും പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറി. തുടർന്നാണ് ഇയാൾ പാലക്കാട്‌ റെയിൽവേ പോലീസിന്റെ പിടിയിലാകുന്നത്.
റെയിൽവെ പോലീസ് അറിയിച്ചതനുസരിച്ചു വിഴിഞ്ഞം എസ് എച്ച് ഒ റെജി രാജ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എസ്. സാബു, സീനിയർ സി പി ഒ വിനയകുമാര്‍, സി പി ഒ  റെജിന്‍ എന്നിവരടങ്ങിയ സംഘം പാലക്കാട്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. നെയ്യാറ്റിൻകര കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.