മോഡലിങ്ങിന്റെ പേരിൽ യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിന്റെ അന്വേഷണച്ചുമതല ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് നൽകാൻ തീരുമാനം. എസിപിയും വനിതാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതാണ് സംഘം. നിലവിൽ മരട് പൊലീസ് സ്റ്റേഷനിൽ മൂന്ന് പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ചിട്ടുള്ളത്.
മുംബൈയിൽ നിന്നും വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കേസിലെ പ്രധാന പ്രതിയായ സിന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 3 പേർ ഇതുവരെ പിടിയിലായിട്ടുണ്ട്. വിദേശത്തുള്ള രണ്ട് പ്രതികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അതിക്രൂരമായ പീഡനമാണ് പരാതിക്കാർ നേരിട്ടതെന്നാണ് പൊലീസിനു നൽകിയ മൊഴിയിൽ നിന്നും വ്യക്തമാകുന്നത്. മോഡലിങ് ആവശ്യത്തിനെന്ന പേരിൽ ഇരകളെ ദുബായിലെത്തിക്കുകയും അവിടെ വച്ച് മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകുകയും ചെയ്തു. പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട യുവതികളെ പിന്നീട് മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ഇരയായ യുവതിയുടെ വെളിപ്പെടുത്തൽ. ശേഷം, പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും പലർക്കായി പെൺകുട്ടിയെ കാഴ്ചവച്ചതായും പൊലീസ് പറയുന്നു.
വ്യാജ ഫാഷൻ ഷോയുടെ പേരിൽ സെലിബ്രിറ്റികളെ വച്ച് പ്രതികളിലൊരാളായ അലീന പരസ്യം ചെയ്തിരുന്നു. വൈറ്റിലയിലെ ബാറിൽ നടന്ന സംഘർഷം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അലീനയ്ക്ക് ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം .


പരീക്ഷാ നടത്തിപ്പിലെ വീഴ്ച്ച ; ചെയർമാനേയും, സെക്രട്ടറിയെയും മാറ്റി സി.ബി.എസ്.ഇ
“ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ…” : വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വി.ഡി സതീശൻ




