ജി സുധാകരനെ മാറ്റി നിര്‍ത്തിയത് തോല്‍വിയായി; ‘ഡാഷ് മോന്‍’ പ്രയോഗവും ഗോവിന്ദന്റെ ശരീരഭാഷയും പാളി; പിണറായി പ്രതിപക്ഷ നേതാവാകരുത്; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സമ്പൂര്‍ണ്ണ പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പിണറായിക്കും ഗോവിന്ദനും നേരെ നിശിത വിചാരണ; ആലപ്പുഴയിലും സത്യം തെളിയുന്നു

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മില്‍ പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ അതീവ രൂക്ഷമായ വിമര്‍ശനവുമായി ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍, പാര്‍ട്ടിയുടെ രണ്ട് പരമോന്നത നേതാക്കളും കടുത്ത വിചാരണയ്ക്കാണ് ഇരയായത്. തോല്‍വിയുടെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്ന ഒട്ടുമിക്ക ജില്ലാ കമ്മിറ്റികളുടെയും ആവശ്യം ആലപ്പുഴയിലും ശക്തമായി ഒരേസ്വരത്തില്‍ ഉയര്‍ന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പിണറായി വിജയന്‍ നടത്തിയ വിവാദപരമായ ‘ഡാഷ് മോന്‍’ പ്രയോഗം പാര്‍ട്ടിക്കും മുന്നണിക്കും വന്‍ തിരിച്ചടിയുണ്ടാക്കിയെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഇത്തരം തരംതാണ പ്രയോഗങ്ങള്‍ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ഉചിതമായില്ല. പിണറായിക്കും പാര്‍ട്ടിക്കുമെതിരെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ വികാരം വളര്‍ന്നുവരുന്നത് തിരിച്ചറിയുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് വന്‍ വീഴ്ച പറ്റി. ജനങ്ങളില്‍ നിന്നുണ്ടായ ഈ അകല്‍ച്ചയാണ് ഇടതുമുന്നണിയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രവര്‍ത്തന ശൈലിയും ശരീരഭാഷയും ഒരു പാര്‍ട്ടി സെക്രട്ടറിക്ക് ചേര്‍ന്നതല്ലെന്ന കടുത്ത ആക്ഷേപമാണ് യോഗത്തില്‍ ഉയര്‍ന്നത്. ജനങ്ങളോട് സംവദിക്കുന്നതിലും മാധ്യമങ്ങളെ നേരിടുന്നതിലും അദ്ദേഹം പുലര്‍ത്തിയ അനാവശ്യമായ കാര്‍ക്കശ്യവും ശരീരഭാഷയും വോട്ടര്‍മാരെ അകറ്റി. ഇതിനുപുറമെ, എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ അര്‍ഹതയില്ലാതെ സ്ഥാനാര്‍ത്ഥിയാക്കിയ കുടുംബവാഴ്ചാ നീക്കത്തെയും സെക്രട്ടേറിയറ്റില്‍ ചില അംഗങ്ങള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ മാത്രമല്ല, വരുംതലമുറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന യുവനേതാക്കളുടെ പോലും ശരീരഭാഷ ജനങ്ങളെ ശത്രുക്കളായി കാണുന്ന രീതിയിലായിരുന്നു എന്ന് യോഗത്തില്‍ കുറ്റപ്പെടുത്തലുണ്ടായി. അഹങ്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ ഈ പെരുമാറ്റം വോട്ടര്‍മാര്‍ക്കിടയില്‍ കടുത്ത അതൃപ്തിയുണ്ടാക്കി. കൂടാതെ, മുതിര്‍ന്ന നേതാവ് എ.കെ. ബാലന്‍ നടത്തിയ അനാവശ്യവും വംശീയവുമായ പ്രസ്താവനകള്‍ പരമ്പരാഗതമായി പാര്‍ട്ടിയെ പിന്തുണച്ചിരുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ പൂര്‍ണ്ണമായും ഇടതുമുന്നണിക്ക് എതിരാക്കാന്‍ മാത്രമേ ഉപകരിച്ചുള്ളൂ എന്നും വിലയിരുത്തപ്പെട്ടു.
ആലപ്പുഴ ജില്ലയിലെ വന്‍ തോല്‍വിക്ക് കാരണം മുതിര്‍ന്ന നേതാവ് ജി. സുധാകരനെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തിയതാണെന്ന് യോഗത്തില്‍ വലിയൊരു വിഭാഗം വാദിച്ചു. ജി. സുധാകരനെ അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കി ഒപ്പം നിര്‍ത്തിയിരുന്നെങ്കില്‍ ജില്ലയില്‍ ഇത്രയും ദയനീയമായ പരാജയം പാര്‍ട്ടിക്ക് നേരിടേണ്ടി വരില്ലായിരുന്നു. അദ്ദേഹത്തെപ്പോലെയുള്ള ജനകീയ മുഖങ്ങളെ തഴഞ്ഞത് പാര്‍ട്ടിയുടെ അടിത്തറ ഇളക്കിയെന്നും ഒരു അംഗം തുറന്നടിച്ചു.
ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സമ്പൂര്‍ണ്ണ പരാജയമായിരുന്നു എന്ന വികാരമാണ് യോഗത്തിലുടനീളം പ്രകടമായത്. മുതിര്‍ന്ന നേതാക്കള്‍ കൃത്യമായ തന്ത്രങ്ങളോടെ മത്സരിക്കാനിറങ്ങണമായിരുന്നു. തോമസ് ഐസക് അരൂരിലും, സി.എസ്. സുജാത കായംകുളത്തും, ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ആലപ്പുഴയിലും മത്സരിച്ചിരുന്നെങ്കില്‍ ജില്ലയിലെ ഫലം മറ്റൊന്നാകുമായിരുന്നു. പരീക്ഷണ സ്ഥാനാര്‍ത്ഥികളെ ഇറക്കിയതാണ് ഉറച്ച സീറ്റുകള്‍ പോലും യു.ഡി.എഫിന് കൈമാറാന്‍ കാരണമായത്.
അമ്പലപ്പുഴ മണ്ഡലത്തില്‍ ഉണ്ടായ ശക്തമായ ന്യൂനപക്ഷ ഏകീകരണം എല്‍.ഡി.എഫിന് പൂര്‍ണ്ണമായും തിരിച്ചടിയായെന്ന് യോഗം വിലയിരുത്തി. കൂടാതെ കുട്ടനാട് സീറ്റ് ഘടകകക്ഷിക്ക് നല്‍കാതെ സിപിഎം ഏറ്റെടുക്കണമെന്ന് പലവട്ടം ആവശ്യമുയര്‍ന്നതാണ്. എന്നാല്‍ അത് അവഗണിച്ച മുന്നണി നേതൃത്വം, വിജയം സുനിശ്ചിതമായിരുന്ന കുട്ടനാട്ടില്‍ തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു എന്ന കടുത്ത വിമര്‍ശനവും ഉയര്‍ന്നു.
കായംകുളത്തെ മുന്‍ എം.എല്‍.എ യു. പ്രതിഭയുടെ ചില പരസ്യ പ്രസ്താവനകളും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയെ വലിയ തോതില്‍ സംശയനിഴലിലാക്കിയെന്ന് യോഗം കുറ്റപ്പെടുത്തി. പാര്‍ട്ടി അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ മാത്രമേ ഇത്തരം പ്രവണതകള്‍ കാരണമായുള്ളൂ. ഇതിനൊപ്പം തന്നെ വോട്ടര്‍മാരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതില്‍ ജില്ലാ നേതൃത്വത്തിനും ഗുരുതരമായ വീഴ്ച സംഭവിച്ചതായി യോഗത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.