കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ സോന (28) പൊള്ളലേറ്റ് മരിച്ച സംഭവം കേവലമൊരു വാഹനാപകടമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള കൊലപാതകമാണെന്നുമുള്ള സംശയങ്ങള്‍ ബലപ്പെടുന്നു. ദുരന്തത്തിന് പിന്നില്‍ ആഴത്തിലുള്ള ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ കുടുംബം പരസ്യമായി രംഗത്തെത്തിയതോടെ അന്വേഷണത്തിന്റെ മുന ഭര്‍ത്താവ് റിജിന്‍ ലാലിലേക്ക് നീളുകയാണ്. വിവാഹം മുതല്‍ കാറിന്റെ പിന്നിലെ സീറ്റില്‍ തീപടര്ന്നതുവരെയുള്ള ഓരോ സാഹചര്യങ്ങളും കൂട്ടി വായിക്കുമ്പോള്‍ കടുത്ത ദുരൂഹതകളാണ് അവശേഷിക്കുന്നത്.
മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2023-ല്‍ നടന്ന രജിസ്റ്റര്‍ വിവാഹം ഒട്ടും സുഖകരമായിരുന്നില്ലെന്ന് സോനയുടെ അമ്മ വസന്ത കണ്ണീരോടെ വെളിപ്പെടുത്തുന്നു. വിവാഹത്തിന് റിജിന്റെ കുടുംബത്തിന് ഒട്ടും താല്പര്യമില്ലായിരുന്നു. ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന റിജിന്‍, പ്രണയത്തിലായിരിക്കെത്തന്നെ സോനയെ ചതിച്ച് മറ്റൊരു വിവാഹത്തിന് മുതിര്‍ന്നിരുന്നു. ഇതറിഞ്ഞ് മാനസികമായി തകര്‍ന്ന സോന വടകര റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോള്‍ റെയില്‍വേ പോലീസാണ് രക്ഷകയായത്. തുടര്‍ന്ന് പോലീസില്‍ നല്കിയ പരാതി കേസാകുകയും റിജിന്റെ ഗള്‍ഫ് യാത്ര മുടങ്ങുകയും ചെയ്തു.
യാത്രാവിലക്ക് നീക്കി വീണ്ടും ഗള്‍ഫിലേക്ക് പോകാന്‍ മാത്രമാണ് റിജിന്‍ പിന്നീട് സോനയെ അനുനയിപ്പിച്ച് കേസ് പിന്‍വലിപ്പിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടി മാത്രമായിരുന്നു ഈ വിവാഹം. വിവാഹശേഷം സ്വന്തം കുടുംബവുമായി ബന്ധപ്പെടാന്‍ സോനയെ അനുവദിച്ചില്ല. അച്ഛനില്ലാത്ത കുടുംബത്തില്‍ അമ്മ കഷ്ടപ്പെട്ട് വളര്‍ത്തിയ മകള്‍ ഭര്‍തൃവീട്ടില്‍ അനുഭവിച്ചത് കൊടും ക്രൂരതകളായിരുന്നു. പല ദിവസങ്ങളിലും മകള്‍ക്ക് അവിടെ പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ടെന്നും അമ്മ പറയുന്നു. ഗര്‍ഭിണിയായ ശേഷമാണ് സോന സ്വന്തം വീട്ടുകാരുമായി സംസാരിക്കാന്‍ പോലും തുടങ്ങിയത്. കുടുംബത്തില്‍ നേരിട്ട അവഗണനകളെല്ലാം സോന ബന്ധുവായ പെണ്‍കുട്ടിയോട് ഫോണില്‍ പങ്കുവെച്ചിരുന്നു.
അപകടത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്നെ സാധാരണ കാര്‍ തീപിടിത്തങ്ങളിലെ പ്രകൃതമല്ല ഇവിടെ ദൃശ്യമായത്. കാര്‍ കത്താന്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് ഫോറന്‍സിക് വിഭാഗം ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇന്ധനടാങ്കിനോ കാറിന്റെ വെയറിങ്ങിനോ യാതൊരുവിധ തകരാറുകളും സംഭവിച്ചിട്ടില്ല. കാറിന്റെ മുന്‍ഭാഗവും ബോണറ്റും സുരക്ഷിതമായിരിക്കെ, ഉള്‍വശം മാത്രം കത്തിയമര്‍ന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
തീപിടിത്തം ഉണ്ടായത് കാറിന്റെ പിന്ഭാഗത്തുനിന്നാണെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ കണ്ടെത്തല്‍. ഗര്‍ഭിണിയായ സോന കാറിന്റെ പിന്‍സീറ്റിലായിരുന്നു കിടന്നിരുന്നത്. വന്‍ സ്ഫോടന ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടുമ്പോള്‍ ഭര്‍ത്താവ് റിജിന്‍ ലാല്‍ കാറിന് പുറത്ത് സമീപത്തെ തോട്ടില്‍ സുരക്ഷിതനായി നില്‍ക്കുകയായിരുന്നു. എന്നാല്‍, കാറിനുള്ളില്‍ തന്റെ ഗര്‍ഭിണിയായ ഭാര്യ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരം തീ പൂര്‍ണ്ണമായും അണയ്ക്കുന്നത് വരെ റിജിന്‍ നാട്ടുകാരോട് ഒളിച്ചുവെച്ചു എന്നത് സംഭവത്തിലെ കൊലപാതക സാധ്യത ഉറപ്പിക്കുന്നതാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
കാറിനുള്ളില്‍ നിന്നും സോനയുടെ ഭാഗികമായി കത്തിയ ബാഗും ഒരു കുപ്പിയുടെ അടപ്പും മേപ്പയ്യൂര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കാറിനുള്ളില്‍ തീപിടിത്തം ഉണ്ടാക്കാന്‍ ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കളോ ഇന്ധനങ്ങളോ ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയം ഈ കണ്ടെത്തല്‍ ശക്തമാക്കുന്നു. റിജിന്‍ ലാലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.
സംഭവത്തില്‍ കടുത്ത അസ്വാഭാവികതയുണ്ടെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 65 ശതമാനത്തോളം പൊള്ളലേറ്റ ഭര്‍ത്താവ് റിജിന്‍ ലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ബേണ്‍ ഐ.സി.യുവില്‍ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമായതിനാല്‍ പോലീസിന് ഇതുവരെ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പൂര്‍ണ്ണമായ ഫോറന്‍സിക് റിപ്പോര്‍ട്ടും പുറത്തുവരുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കാനൊരുങ്ങുകയാണ് സോനയുടെ കുടുംബം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
പുതുശ്ശേരി പഞ്ചായത്ത് ക്ലർക്ക് വിജിലൻസ് പിടിയിൽ: സംഭവം റസിഡൻസ് സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങവേ
പുതുശ്ശേരി പഞ്ചായത്ത് ക്ലർക്ക് വിജിലൻസ് പിടിയിൽ: സംഭവം റസിഡൻസ് സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങവേ







