35,000 അടി ഉയരത്തില്‍ ഒരു പ്രവാസിക്ക് കാവലായ ‘മാലാഖ’; വിമാനത്തില്‍ കുഴഞ്ഞുവീണ യുവാവിന് തുണയായി നഴ്സ് അഖില

ദുബായ്: ടേക്ക് ഓഫിനു പിന്നാലെ വിമാനത്തിനുള്ളില്‍ മരണഭയത്തിന്റെ നിമിഷങ്ങള്‍. സഹയാത്രികന്‍ ബോധരഹിതനായി സീറ്റിലേക്ക് ചരിഞ്ഞതോടെ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന ക്രൂ അംഗങ്ങളും യാത്രക്കാരും. ഒടുവില്‍, ആകാശപ്പരപ്പിലെ ആ അടിയന്തര സാഹചര്യത്തില്‍ ഒരു പ്രവാസി യുവാവിന് കാവല്‍ മാലാഖയായി അവതരിച്ച് ജീവന്‍ തിരിച്ചുനല്‍കിയിരിക്കുകയാണ് തമിഴ്നാട് സ്വദേശിനിയായ നഴ്സ്. യുഎഇ റാസല്‍ഖൈമ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് അഖില ഓവിയന്‍ നീലകണ്ഠന്റെ സമയോചിത ഇടപെടലാണ് ദുബായ്-തിരുച്ചിറപ്പള്ളി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഒരു വലിയ ദുരന്തം ഒഴിവാക്കിയത്.
കഴിഞ്ഞ മെയ് 12-നായിരുന്നു പ്രവാസി ലോകത്തിന്റെ ഹൃദയം കവര്‍ന്ന ഈ അപൂര്‍വ രക്ഷാപ്രവര്‍ത്തനം. വര്‍ഷങ്ങളുടെ പ്രവാസ ജീവിതത്തിനു ശേഷം ആദ്യമായി അവധിക്ക് നാട്ടിലേക്ക് തിരിക്കുകയായിരുന്നു അഖില. ജീവിതത്തിലെ രണ്ടാമത്തെ മാത്രം വിമാനയാത്രയായതിനാല്‍ അതിന്റെ ചെറിയൊരു പരിഭ്രമവും ഉള്ളിലുണ്ടായിരുന്നു. എന്നാല്‍, വിമാനം റണ്‍വേയില്‍നിന്ന് പറന്നുയര്‍ന്ന് 20 മിനിറ്റ് പിന്നിട്ടപ്പോഴേക്കും വിമാനത്തിന്റെ നടുഭാഗത്തെ സീറ്റുകളില്‍നിന്നും നിലവിളികള്‍ ഉയര്‍ന്നു. 32 വയസ്സുകാരനായ ഒരു മലയാളി യുവാവാണ് സീറ്റില്‍ കുഴഞ്ഞുവീണത്.
പെട്ടെന്ന് ബോധം നഷ്ടപ്പെടുകയും കൈകാലുകള്‍ വിറച്ച് അപസ്മാര ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. ഇതോടെ വിമാനത്തിലെ പബ്ലിക് അഡ്രസ് സിസ്റ്റത്തിലൂടെ കാബിന്‍ ക്രൂവിന്റെ അടിയന്തര സന്ദേശമെത്തി: ‘വിമാനത്തില്‍ ഡോക്ടര്‍മാരോ നഴ്സുമാരോ ഉണ്ടെങ്കില്‍ ദയവായി എത്രയും വേഗം മുന്നോട്ട് വരണം.’ വിമാനത്തിന്റെ ഏറ്റവും പിന്നിലെ സീറ്റിലിരിക്കുകയായിരുന്ന അഖില, ഇതുകേട്ടയുടന്‍ സീറ്റ് ബെല്‍റ്റ് അഴിച്ച് രോഗിയുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു.
അഖില എത്തുമ്പോള്‍ യുവാവിന്റെ നില അതീവ ഗുരുതരമായിരുന്നു. വിരലുകളില്‍ തൊട്ടപ്പോള്‍ പ്രതികരണമില്ല. ശ്വാസമെടുക്കുന്നുണ്ടായിരുന്നെങ്കിലും ശരീരം ഐസ് പോലെ തണുത്ത് വിറയ്ക്കുകയായിരുന്നു. എന്നാല്‍, ഐസിയു വാര്‍ഡുകളിലെ കഠിനമായ അനുഭവസമ്പത്ത് കൈമുതലായുള്ള അഖില പതറിയില്ല. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു ഡോക്ടറെക്കൂടി ഒപ്പം കൂട്ടി, രോഗിയെ കൂടുതല്‍ വായുസഞ്ചാരമുള്ള മുന്‍ഭാഗത്തെ പ്രവേശന കവാടത്തിനടുത്തേക്ക് മാറ്റി.
വിമാനത്തിനുള്ളിലെ പ്രഥമശുശ്രൂഷാ കിറ്റില്‍ പല പരിമിതികളുമുണ്ടായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കാനുള്ള ഗ്ലൂക്കോമീറ്റര്‍ മെഷീന്‍ പോലും ലഭ്യമായിരുന്നില്ല. എന്നാല്‍, ലഭ്യമായ മെഡിക്കല്‍ സപ്പോര്‍ട്ട് വെച്ച് അഖില യുദ്ധകാലാടിസ്ഥാനത്തില്‍ പരിചരണം തുടങ്ങി. ആകാശത്തെ വായുമര്‍ദ്ദം കുറഞ്ഞ അന്തരീക്ഷത്തിലും അതീവ ജാഗ്രതയോടെ യുവാവിന്റെ കയ്യില്‍ ഐവി ലൈന്‍ സ്ഥാപിച്ചു.
പള്‍സ് റേറ്റ് ക്രമാതീതമായി താഴുകയും രക്തസമ്മര്‍ദ്ദത്തില്‍  കനത്ത വ്യതിയാനം വരികയും ചെയ്ത രോഗിയെ പുതപ്പുകൊണ്ട് നന്നായി മൂടി. കൈകാലുകള്‍ തിരുമ്മി ചൂട് നിലനിര്‍ത്താന്‍ ശ്രമിച്ചു. ഇലക്ട്രോലൈറ്റ് സപ്പോര്‍ട്ടും ഫ്‌ലൂയിഡുകളും കൃത്യസമയത്ത് നല്‍കിയതോടെ, ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ട ആകാശത്തെ കഠിന പ്രയത്‌നത്തിനൊടുവില്‍ ആ യുവാവ് സാവധാനം കണ്ണുകള്‍ തുറന്നു.
യുവാവിന് ബോധം തിരിച്ചുകിട്ടിയതോടെ അഖില തന്നെ ഒരമ്മയെപ്പോലെ ജ്യൂസ് നല്‍കി പരിചരിച്ചു. തുടര്‍ന്ന് തന്റെ സീറ്റിലേക്ക് മടങ്ങിയെങ്കിലും, ഓരോ അരമണിക്കൂറിലും വന്ന് ‘ഇപ്പോള്‍ എങ്ങനെയുണ്ട് സഹോദരാ?’ എന്ന് തമിഴില്‍ ചോദിച്ച് ആരോഗ്യം ഉറപ്പുവരുത്തുന്നുണ്ടായിരുന്നു. ‘ഇപ്പോള്‍ കുഴപ്പമില്ല സഹോദരി’ എന്ന് നന്ദി നിറഞ്ഞ കണ്ണുകളോടെ ആ യുവാവ് മറുപടി നല്‍കിയപ്പോഴാണ് അഖിലയ്ക്കും ശ്വാസം നേരെ വീണത്. വിമാനം തിരുച്ചിറപ്പള്ളിയില്‍ ലാന്‍ഡ് ചെയ്തയുടന്‍ റണ്‍വേയില്‍ സജ്ജമായിരുന്ന മെഡിക്കല്‍ സംഘത്തിന് രോഗിയെ സുരക്ഷിതമായി കൈമാറി.
തുടര്‍ന്ന്, ആകാശത്തുണ്ടായ പ്രതിസന്ധി ഘട്ടത്തില്‍ ഒരു യാത്രക്കാരന്റെ ജീവന്‍ കാത്ത അഖിലയെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അധികൃതര്‍ വിമാനത്തിനുള്ളില്‍ വെച്ച് തന്നെ കൈപ്പടയില്‍ എഴുതിയ പ്രത്യേക പ്രശംസാപത്രവും ഉപഹാരവും നല്‍കി ആദരിച്ചു. അന്യന്റെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം തൊഴിലിന്റെ മഹത്വം ആകാശത്തോളമുയര്‍ത്തിയ അഖില ഓവിയന്‍ നീലകണ്ഠനാണ് ഇപ്പോള്‍ പ്രവാസി ഗ്രൂപ്പുകളിലെ താരം. സ്വന്തം ജീവന്റെ കാവലാളായി മാറിയ മാലാഖയ്ക്ക് ആ യുവാവിന്റെ കുടുംബവും പ്രവാസി ലോകവും ഒന്നടങ്കം നന്ദി പറയുകയാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.