ന്യൂഡല്‍ഹി: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഹൈക്കമാന്‍ഡ് കെ.സി. വേണുഗോപാലിന് അനുകൂലമായ നിലപാടിലേക്ക് നീങ്ങുന്നതായാണ് സൂചന. എന്നാല്‍, തന്നെ തഴഞ്ഞതില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കടുത്ത അതൃപ്തിയിലാണ്. സതീശന്റെ അതൃപ്തി ചര്‍ച്ചകളെ കലുഷിതമാക്കിയെങ്കിലും എം.എം. ഹസന്റെ പിന്തുണ കെ.സിക്ക് കരുത്തായി.
പത്താം നമ്പറിലെ സോണിയാ ഗാന്ധിയുടെ വസതി ഇന്ന് സാക്ഷ്യം വഹിച്ചത് കേരള രാഷ്ട്രീയത്തിലെ കടുത്ത ഗ്രൂപ്പ് പോരുകള്‍ക്കാണ്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളില്‍ എം.എം. ഹസന് കെ.സി. വേണുഗോപാലിനായി ശക്തമായി വാദിച്ചത് ശ്രദ്ധേയമായി. എ.കെ. ആന്റണിയുടെ വിശ്വസ്തനായ ഹസന് കെ.സിക്കൊപ്പം നിലയുറപ്പിച്ചത് സതീശന്-ചെന്നിത്തല ക്യാമ്പുകളെ ഞെട്ടിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിക്കുന്ന നേതാക്കളോട് രാഹുല്‍ ഗാന്ധി മൂന്ന് കടുത്ത ചോദ്യങ്ങളാണ് ഉന്നയിച്ചത്. സംസ്ഥാനത്ത് നടന്ന ശക്തിപ്രകടനങ്ങള്‍ക്ക് പിന്നില്‍ ആരാണെന്നും, ഈ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പാര്‍ട്ടി തീരുമാനത്തോടെ അവസാനിക്കുമോ എന്നും രാഹുല്‍ ആരാഞ്ഞു. ജനവികാരം തനിക്കൊപ്പമാണെന്ന് വി.ഡി. സതീശന് വാദിച്ചെങ്കിലും, എം.എല്‍.എമാരുടെ ഭൂരിപക്ഷം ഉയര്‍ത്തിക്കാട്ടിയാണ് കെ.സി. പക്ഷം തിരിച്ചടിച്ചത്.
അപ്രതീക്ഷിത തിരിച്ചടിയില്‍ വി.ഡി. സതീശന് കടുത്ത മൗനത്തിലാണ്. പാര്‍ട്ടിയില്‍ സജീവമായ തനിക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന വികാരം സതീശന് ക്യാമ്പിലുണ്ട്. ചര്‍ച്ചകള്‍ക്കിടയില്‍ സതീശന് പ്രകടിപ്പിച്ച നീരസം ഹൈക്കമാന്‍ഡിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. അതൃപ്തി പരസ്യമാക്കിയാല്‍ തിരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കം കുറയുമെന്ന് നേതാക്കള്‍ ഭയപ്പെടുന്നു.
കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രതികരണം കോണ്‍ഗ്രസിലെ അസ്വസ്ഥതകള്‍ പുറത്തെത്തിച്ചു. വന്‍ വിജയത്തിന് മങ്ങലേല്‍പ്പിക്കുന്നതാണ് ഈ നീണ്ട ചര്‍ച്ചകളെന്ന് അദ്ദേഹം തുറന്നടിച്ചു. ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയ നേതാക്കളില്‍ നിന്ന് ഓരോരുത്തരില്‍ നിന്നുമായി രാഹുല്‍ ഗാന്ധി വ്യക്തിപരമായ അഭിപ്രായം തേടി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ. മുരളീധരന് തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ നിലപാടുകള്‍ കെ.സിക്കുള്ള സ്വീകാര്യത വര്‍ദ്ധിപ്പിച്ചതായാണ് വിവരം. ഹൈക്കമാന്‍ഡിന്റെ വിശ്വസ്തന് എന്ന പരിഗണന കെ.സിക്ക് തുണയായി.
സംസ്ഥാനത്ത് മുഖ്യമന്ത്രി പദത്തെച്ചൊല്ലി നടന്ന തെരുവ് പ്രതിഷേധങ്ങള്‍ രാഹുല്‍ ഗാന്ധിയെ ചൊടിപ്പിച്ചിട്ടുണ്ട്. ‘ആരാണ് ഈ ശക്തിപ്രകടനങ്ങള്‍ക്ക് പിന്നില്‍?’ എന്ന രാഹുലിന്റെ ചോദ്യത്തിന് മുന്നില്‍ പല നേതാക്കളും ഉത്തരം കിട്ടാതെ വിയര്‍ത്തു. പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്ന കര്‍ശന താക്കീതും ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ നിലപാടും നിര്‍ണ്ണായകമാണ്. സതീശനും കെ.സിയും തമ്മിലുള്ള പോരില്‍ ചെന്നിത്തല സ്വീകരിക്കുന്ന നിലപാട് മന്ത്രിസഭാ രൂപീകരണത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. എങ്കിലും, എം.എം. ഹസന് കെ.സിക്കായി നടത്തിയ കരുനീക്കങ്ങള്‍ എ ഗ്രൂപ്പിലെ ഒരു വിഭാഗം കെ.സിക്കൊപ്പമാണെന്ന സൂചനയാണ് നല്‍കുന്നത്.
ഇന്ന് വൈകിട്ട് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും തമ്മില്‍ അവസാനഘട്ട ചര്‍ച്ച നടത്തും. ഇതിന് ശേഷമാകും സോണിയാ ഗാന്ധി അന്തിമ മുദ്ര പതിപ്പിക്കുക. കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിയാവുകയാണെങ്കില്‍ വി.ഡി. സതീശനെ എങ്ങനെ അനുനയിപ്പിക്കും എന്നതാണ് ഹൈക്കമാന്‍ഡിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിജയ് ചിത്രം ‘ജന നായകൻ’ ദൃശ്യങ്ങൾ ചോർന്നു; ദളപതി ആരാധകർ ആശങ്കയിൽ



