മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി മുസ്ലിം ലീഗ്

മലപ്പുറം: മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങാൻ മുസ്ലിം ലീഗിൽ ആലോചന. കോൺഗ്രസിനെ ഒഴിവാക്കി നിർത്തി ബദൽ അധികാരമാർഗ്ഗങ്ങൾ തേടാനാണ് ലീഗ് ആലോചിക്കുന്നത്.
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിൽ രണ്ടാമത്തെ വലിയ കക്ഷിയാണ് മുസ്ലിംലീഗ്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് 22 അംഗങ്ങളെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനും കഴിഞ്ഞു.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കാണ്. 85327 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ഇത്തവണ മലപ്പുറം നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി അക്ഷീണപ്രയത്നമാണ് ലീഗ് ഇപ്രാവശ്യം നടത്തിയത്. ചരിത്രത്തിലില്ലാത്തവിധം യു ഡി എഫ് 102 സീറ്റുകൾ നേടിയിട്ടും കോൺഗ്രസിന് ഇനിയും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയായിട്ടാണ് ലീഗ് കാണുന്നത്. യുഡിഎഫിന്റെ മറ്റു  ഘടകകക്ഷികൾക്കും ഈ അഭിപ്രായമുണ്ട്.
ഏഴ് അംഗങ്ങളുള്ള കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മൂന്നു അംഗങ്ങളുള്ള ആർഎസ്പിയും മുസ്ലീംലീഗിന്റെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. ആവശ്യമെങ്കിൽ എൽഡിഎഫുമായി ചേർന്ന് സർക്കാർ രൂപീകരിക്കണമെന്ന അഭിപ്രായം വരെ ലീഗിന്റെ പല നേതാക്കൾക്കുമുണ്ട്. വിജയിച്ച എംഎൽഎമാർക്ക് നാട്ടിലിറങ്ങി വോട്ടർമാരോട് നന്ദി പറയാൻ പോലും കഴിയുന്നില്ല എന്നാണ് ലീഗിന്റെ പരാതി.
നാലാം തീയതി തെരഞ്ഞെടുപ്പ് ഫലം വന്നു ഏഴു ദിവസം കഴിഞ്ഞിട്ടും ഇനിയും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. കേരളജനതയുടെ പൊതുവികാരം കണക്കിലെടുക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല എന്ന പരാതിയും ലീഗ് നേതൃത്വത്തിനുണ്ട്.
സാധാരണഗതിയിൽ യു ഡി എഫിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ സമവായത്തിലൂടെ തീരുമാനം കണ്ടെത്താൻ കഴിവുള്ള
കക്ഷിയാണ് ലീഗ്. എന്നാൽ ഇത്തവണ ലീഗ് പുറകോട്ട് നിൽക്കുന്നത് കോൺഗ്രസിന് 63 സീറ്റുകൾ ഉള്ളതുകൊണ്ട് മാത്രമാണ്.
 മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെങ്കിലും കോൺഗ്രസിന്റെ രണ്ടാംനിര നേതാക്കൾ ലീഗിനെതിരെ ഒളിയമ്പെയ്യുന്നത് കണ്ടില്ലെന്ന് നടിക്കാൻ ലീഗ് നേതൃത്വം ഇനി തയ്യാറാകില്ല. ഇന്ന് മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായില്ലെങ്കിൽ അന്ത്യശ്വാസം നൽകാനാണ് ലീഗ് നേതൃത്വം ആലോചിക്കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.