ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ അരനൂറ്റാണ്ട് നീണ്ട ദ്രാവിഡ രാഷ്ട്രീയ കുത്തക തകര്‍ത്തെറിഞ്ഞ്, സൂപ്പര്‍ താരം ജോസഫ് വിജയ് ചന്ദ്രശേഖര്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ലക്ഷക്കണക്കിന് ആരാധകരെയും പ്രമുഖ നേതാക്കളെയും സാക്ഷിയാക്കി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. എം.ജി.ആറിന് ശേഷം തമിഴ് മണ്ണില്‍ അജയ്യനായ ജനനായകനായി ഒരു നടന്‍ മാറുമ്പോള്‍, തമിഴ്‌നാട് രാഷ്ട്രീയം പുതിയൊരു ചരിത്രവഴിയിലേക്ക് തിരിയുകയാണ്.
വിജയ് എന്ന വ്യക്തിയുടെ വളര്‍ച്ചയെക്കാള്‍, തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വന്ന മാറ്റമാണ് ഈ സത്യപ്രതിജ്ഞയെ ശ്രദ്ധേയമാക്കുന്നത്. 1967-ന് ശേഷം ഡിഎംകെ, എഐഎഡിഎംകെ എന്നീ ദ്രാവിഡ കക്ഷികള്‍ക്ക് പുറത്തുനിന്നുള്ള ഒരാള്‍ മുഖ്യമന്ത്രി കസേരയിലെത്തുന്നത് ഇതാദ്യമാണ്. മുഖ്യമന്ത്രി പദത്തിനൊപ്പം ആഭ്യന്തര വകുപ്പും വിജയ് തന്റെ പക്കല്‍ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. പത്തു മന്ത്രിമാരടങ്ങുന്ന മന്ത്രിസഭയില്‍ കോണ്‍ഗ്രസിനും പ്രാതിനിധ്യമുണ്ട് എന്നത് ദേശീയ രാഷ്ട്രീയത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
മാതൃദിനത്തില്‍ തന്നെ മകന്‍ തമിഴ്‌നാടിന്റെ അമരക്കാരനായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ എത്തിയ മാതാവ് ശോഭയുടെയും പിതാവ് എസ്.എ. ചന്ദ്രശേഖറിന്റെയും സന്തോഷം വാക്കുകള്‍ക്ക് അതീതമായിരുന്നു. ‘മാതൃദിനത്തില്‍ മകന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണുന്നതില്‍ എനിക്ക് വലിയ അഭിമാനമുണ്ട്,’ എന്ന് ശോഭ മാധ്യമങ്ങളോട് പ്രതികരിച്ചു. മകന്റെ രാഷ്ട്രീയ പ്രവേശനം മുതല്‍ സത്യപ്രതിജ്ഞ വരെ നീണ്ട പോരാട്ടങ്ങളില്‍ താങ്ങായി നിന്ന കുടുംബത്തിന് ഇത് വികാരനിര്‍ഭരമായ നിമിഷമായിരുന്നു.
സിനിമയിലെ വിജയ്യുടെ ഭാഗ്യനായിക തൃഷ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത് മറ്റൊരു ശ്രദ്ധാകേന്ദ്രമായി. രാഷ്ട്രീയത്തിനപ്പുറം സിനിമാ ലോകത്തെ പ്രമുഖര്‍ ചടങ്ങിനെത്തിയപ്പോള്‍ നെഹ്റു സ്റ്റേഡിയം ഒരു സൂപ്പര്‍ ഹിറ്റ് സിനിമയുടെ ലൊക്കേഷന്‍ പോലെ ആവേശഭരിതമായി. ചെന്നൈ നഗരത്തിലെ 20 പ്രധാന കേന്ദ്രങ്ങളില്‍ കൂറ്റന്‍ സ്‌ക്രീനുകളില്‍ ചടങ്ങ് തത്സമയം പ്രദര്‍ശിപ്പിച്ചു. ആരാധകര്‍ പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയുമാണ് തങ്ങളുടെ ‘ദളപതി’യുടെ അധികാരാരോഹണം ആഘോഷിച്ചത്.
രാഷ്ട്രീയ വിശകലനമനുസരിച്ച്, വിജയ്യുടെ തമിഴക വെട്രി കഴകം (ഠഢഗ) നേടിയ 108 സീറ്റുകള്‍ക്ക് പുറമെ കോണ്‍ഗ്രസ്, സിപിഐ, സിപിഎം, വിസികെ, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ 120 എംഎല്‍എമാരുടെ ഭൂരിപക്ഷത്തിലാണ് വിജയ് അധികാരത്തിലേറിയത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ മന്ത്രിസഭയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ഈ സഖ്യത്തിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. ഇടതുപക്ഷ പാര്‍ട്ടികള്‍ മന്ത്രിസഭയില്‍ ചേരുന്നില്ലെങ്കിലും സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ നല്‍കും.
പെരമ്പൂര്‍, തൃച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ഇതില്‍ ഒരു മണ്ഡലം അദ്ദേഹം ഉടന്‍ രാജിവെക്കും. എം.ജി.ആറുമായി താരതമ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള ഒരു ‘മാസ്സ്’ ഇമേജ് രാഷ്ട്രീയത്തില്‍ കൊണ്ടുവരാന്‍ വിജയ്യ്ക്ക് സാധിച്ചിട്ടുണ്ട്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ വിഭജന തന്ത്രങ്ങള്‍ക്കും കുടുംബ വാഴ്ചയ്ക്കുമെതിരെ വിജയ് ഉയര്‍ത്തിയ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ യുവാക്കള്‍ക്കിടയില്‍ വലിയ തരംഗമാണ് ഉണ്ടാക്കിയത്.
മെയ് 13-നകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കിയിട്ടുള്ളതിനാല്‍ വോട്ടെടുപ്പ് വിജയ്യ്ക്ക് വെല്ലുവിളിയാകില്ല. ഡിഎംകെ നേരിട്ട ഭരണവിരുദ്ധ വികാരവും എഐഎഡിഎംകെയിലെ നേതൃപ്രതിസന്ധിയും കൃത്യമായി മുതലെടുത്താണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചത്. സിനിമയിലെ തന്റെ ആക്ഷന്‍ ഹീറോ ഇമേജ് ഭരണത്തിലും വിജയ് കൊണ്ടുവരുമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്.
വിജയ്യുടെ ഭരണശൈലി എങ്ങനെയുള്ളതായിരിക്കും എന്നതില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ജനപ്രിയ പദ്ധതികള്‍ക്കൊപ്പം തന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ അദ്ദേഹത്തിന് കഴിയുമോ എന്നാണ് പ്രധാനം. ആഭ്യന്തര വകുപ്പ് നേരിട്ട് കൈകാര്യം ചെയ്യുന്നതിലൂടെ ക്രമസമാധാന നിലയില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. തമിഴ്‌നാടിന്റെ വികസന ചരിത്രത്തില്‍ ഇതൊരു പുതിയ അധ്യായമായി മാറുമെന്നാണ് വിജയ് പക്ഷത്തിന്റെ അവകാശവാദം.
സത്യപ്രതിജ്ഞയ്ക്ക് ശേഷം തന്റെ ആദ്യ ഔദ്യോഗിക പ്രഖ്യാപനം എന്തായിരിക്കുമെന്ന് അറിയാന്‍ തമിഴ് ജനത കാത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനൊപ്പം തന്നെ സഖ്യകക്ഷികളെ ഒപ്പം കൊണ്ടുപോകുക എന്ന വെല്ലുവിളിയും പുതിയ മുഖ്യമന്ത്രിക്ക് മുന്നിലുണ്ട്. കോണ്‍ഗ്രസിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് ദേശീയതലത്തില്‍ ഇന്ത്യാ സഖ്യത്തിന് വലിയ ഊര്‍ജ്ജം നല്‍കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളത്തെ നടുക്കിയ സി.ഇ.ടി ക്യാമ്പസ് ദുരന്തത്തിന് ഇന്ന് 24 വയസ്സ്! അമിതാ ശങ്കര്‍ ഇന്നും ഒരു നോവുന്ന ഓര്‍മ്മ; ക്യാമ്പസിലെ അമിതവേഗത കവര്‍ന്നെടുത്ത 19 കാരിയുടെ ജീവിതം





