“ഇടതുപക്ഷത്തിന്റെ അഹന്തയ്ക്ക് ജനങ്ങൾ നൽകിയ മറുപടി”; യുഡിഎഫ് സുനാമിയിൽ കേരളം മാറിയെന്ന് എ.കെ. ആന്റണി

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് കൈവരിച്ച ചരിത്ര വിജയത്തിന് പിന്നാലെ ഇടതുപക്ഷത്തെ കടന്നാക്രമിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയും മുസ്ലീം ലീഗ് നേതാക്കളും. കേരളത്തിൽ ആഞ്ഞടിച്ചത് യുഡിഎഫ് സുനാമിയാണെന്നും ഇടതുപക്ഷത്തിന്റെ അഹന്തയ്ക്കുള്ള ശിക്ഷയാണ് ഈ പരാജയമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇടതുപക്ഷം ഇത്ര ദയനീയമായി തകരുമെന്ന് ആരും കരുതിയിരുന്നില്ലെന്ന് ആന്റണി പറഞ്ഞു. സിപിഎമ്മിന് എന്ത് പറ്റി എന്നത് അവർ തന്നെ കണ്ടെത്തണം. തെറ്റ് തിരുത്തി അവർ മര്യാദക്കാരാവണം. ജനങ്ങളെ മറന്ന് പ്രവർത്തിച്ചതിന്റെ ഫലമാണിത്. എങ്കിലും ഇടതുപക്ഷം കേരളത്തിൽ പാടേ തകർന്നടിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, അത് മതേതര കേരളത്തിന് നല്ലതല്ല,” അദ്ദേഹം ഓർമ്മിപ്പിച്ചു. മാർക്സിസ്റ്റുകാർക്ക് പറ്റിയ തെറ്റുകളിൽ നിന്ന് കോൺഗ്രസുകാരും യുഡിഎഫുകാരും പാഠം പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്ത് വർഷം ജനങ്ങളെ പീഡിപ്പിച്ചതിന് പലിശ സഹിതം തിരിച്ചടി നൽകിയതാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ലെന്ന് തങ്ങൾ വ്യക്തമാക്കി. ലീഗിന് അർഹമായ പ്രാതിനിധ്യം മന്ത്രിസഭയിൽ ഉണ്ടാകും. മുഖ്യമന്ത്രിയെ തീരുമാനിച്ച ശേഷം മാത്രമേ ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കൂ.വർഗ്ഗീയ ശക്തികളുടെ വലയിൽ വീണതാണ് ഇടതുപക്ഷത്തിന് തിരിച്ചടിയായതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കണ്ണൂർ കോട്ടകളിൽ നിന്ന് പാർട്ടി വോട്ടുകൾ കൂട്ടത്തോടെ യുഡിഎഫിലേക്ക് ഒഴുകി. മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്ക് കോൺഗ്രസ് തുടക്കം കുറിക്കാനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശന്റെ ദീർഘവീക്ഷണം ശരിയാണെന്ന് തെളിഞ്ഞുവെന്ന് മുൻ മന്ത്രി കെ. ബാബു പറഞ്ഞു. എറണാകുളം ജില്ലയിലെ എല്ലാ സീറ്റുകളും നേടുമെന്ന പ്രതിപക്ഷ നേതാവിന്റെ ആത്മവിശ്വാസം യാഥാർത്ഥ്യമായി. മികച്ച വിജയം നേടിയ കോൺഗ്രസിന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനും കൃത്യമായി അറിയാമെന്ന് അദ്ദേഹം പരിഹസിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.