ശിവപുരി: കടുത്ത വേനൽച്ചൂടിനെ നേരിടാൻ ജനങ്ങൾക്ക് വിചിത്രമായ ഉപദേശവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ചൂടിൽ നിന്ന് രക്ഷനേടാൻ കീശയിൽ ഉള്ളി കരുതിയാൽ മതിയെന്നും ദൈവനാമം ജപിക്കണമെന്നുമാണ് അദ്ദേഹം നിർദേശിച്ചത്. മധ്യപ്രദേശിലെ ശിവപുരിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താപനില 52 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നാലും ഈ മാർഗം സ്വീകരിച്ചാൽ താൻ സുരക്ഷിതനായിരിക്കുമെന്ന് മന്ത്രി അവകാശപ്പെട്ടു. താൻ കാറിലോ ഓഫീസിലോ എയർ കണ്ടീഷൻ ഉപയോഗിക്കാറില്ലെന്നും, തന്റെ ശരീരം ഈ ചൂടിനെ നേരിടാൻ പാകപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
“മെയ്-ജൂൺ മാസങ്ങളിലെ 51 ഡിഗ്രി ചൂട് എങ്ങനെ തരണം ചെയ്യുന്നുവെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരമാണിത്; കീശയിൽ ഉള്ളി കരുതിയാൽ മതി, ഒപ്പം ദൈവനാമം ജപിക്കുകയും വേണം. എന്റെ ശരീരത്തിന് ‘ചമ്പൽ ത്വക്കാണ്’ , അത് ഏത് ചൂടിനെയും നേരിടും. കാണാൻ ചെറുപ്പമാണെങ്കിലും ആത്മാവിന് പ്രായമുണ്ടെന്ന് മറക്കരുത്,”- സിന്ധ്യ പറഞ്ഞു.ആയുർവേദം വലിയ പുരോഗതിയിലാണെന്നും, ഇത്തരം പഴയകാല അറിവുകളെ തള്ളിക്കളയരുതെന്നും അദ്ദേഹം ജനങ്ങളോട് ഓർമ്മിപ്പിച്ചു.
മന്ത്രിയുടെ ഈ പ്രസ്താവന ചർച്ചയാകുമ്പോൾ, വടക്കേ ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ വേനൽച്ചൂടിൽ പൊള്ളിനിൽക്കുകയാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, വിദർഭ തുടങ്ങിയ മധ്യ ഇന്ത്യയിലെ പ്രദേശങ്ങളിലും കടുത്ത ചൂട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാധാരണയായി ആരോഗ്യവിദഗ്ധർ നിർദേശിക്കുന്ന ജലാംശം വർധിപ്പിക്കുക, നേരിട്ടുള്ള വെയിൽ ഒഴിവാക്കുക തുടങ്ങിയ ശാസ്ത്രീയ മാർഗങ്ങൾക്കപ്പുറം മന്ത്രിയുടെ ഈ ഉപദേശം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


“കോൺഗ്രസ് വോട്ട് മറിച്ചില്ല”; ബംഗാളിലെ തിരിച്ചുവരവിൽ ഉറച്ച് എം.എ. ബേബി; കേരളത്തിൽ യുഡിഎഫ് നടത്തിയത് രാഷ്ട്രീയ ചതി





