കോടാലി: തൃശൂര്‍ കോടാലിയിലെ ആ വീട്ടില്‍ നിന്ന് ഇത്രയേറെ പാമ്പുകള്‍ എവിടെ നിന്ന് വരുന്നു? ഓരോ ദിവസവും പുതുകേന്ദ്രങ്ങളില്‍ നിന്ന് പാമ്പിനെ കണ്ടെത്തുമ്പോള്‍ ആ ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് നാട്ടുകാരും ഉദ്യോഗസ്ഥരും. എട്ടുവയസ്സുകാരന്‍ ആല്‍ജോയുടെ ജീവനെടുത്ത അതേ വീട്ടില്‍ നിന്ന് ഇന്ന് അഞ്ചാമത്തെ പാമ്പിനെയും കണ്ടെത്തി. ശുചിമുറിയിലാണ് അതീവ മാരകമായ വിഷമുള്ള ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ കണ്ടെത്തിയത്.
അപകടം നടന്ന 19-ാം തീയതി മുതല്‍ ആ വീട്ടിലെ ഓരോ മൂലയും മരണത്തിന്റെ നിഴലിലായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ന് ശുചിമുറിയില്‍ പാമ്പിനെ കണ്ടതോടെ നാട്ടുകാര്‍ ചേര്‍ന്ന് ശുചിമുറിയുടെ തറയും പൈപ്പുകളും പൊളിച്ച് പരിശോധന നടത്തി. പാമ്പുകടിയേറ്റ് അത്യാസന്ന നിലയിലായിരുന്ന സഹോദരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍ വന്‍ പുരോഗതിയുണ്ട്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അനോഷിനെ ഇന്നലെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി.
കുട്ടി അച്ഛനോടും അമ്മയോടും സംസാരിക്കുകയും ബന്ധുക്കളുമായി വീഡിയോ കോളില്‍ ആശയവിനിമയം നടത്തുകയും ചെയ്തു. അനോഷിനെ ഡോക്ടര്‍മാര്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയതായും ആരോഗ്യനില സാധാരണ നിലയിലേക്ക് മടങ്ങുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ജീവിതത്തിനും മരണത്തിനുമിടയിലുള്ള പോരാട്ടത്തില്‍ അനോഷ് വിജയിക്കുന്നത് നാടിനാകെ ആശ്വാസമാകുകയാണ്.
മിനിഞ്ഞാന്ന് വരെ ഈ വീട്ടില്‍ ആളുകള്‍ താമസിച്ചിരുന്നു എന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്. ഇന്നലെ കിടപ്പുമുറിയില്‍ നിന്ന് നാലാമത്തെ പാമ്പിനെ കണ്ടെത്തിയതിന് പിന്നാലെ വനംവകുപ്പിന്റെ സര്‍പ്പ ടീം അരിച്ചുപെറുക്കിയിട്ടും ഒന്നും കണ്ടെത്താനായിരുന്നില്ല. എന്നാല്‍, ഇന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് അഞ്ചാമത്തെ പാമ്പ് കുടുങ്ങിയത്. വീട്ടിലെ ഹോളുകള്‍, പൈപ്പ് ലൈനുകള്‍, തറയിലെ വിള്ളലുകള്‍ എന്നിവ കേന്ദ്രീകരിച്ച് വിശദമായ പരിശോധനയാണ് നടക്കുന്നത്. തറ പൊളിച്ചും ഭിത്തികള്‍ പരിശോധിച്ചും പാമ്പുകളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാരും വനംവകുപ്പും.
വിദഗ്ധ നിഗമനം: ഏകദേശം രണ്ട് മാസം പ്രായമുള്ള പാമ്പിന്‍ കുഞ്ഞുങ്ങളാണ് ഇവയെല്ലാം. ഇതിനര്‍ത്ഥം വീടിനുള്ളിലോ തൊട്ടടുത്തോ എവിടെയോ ഈ പാമ്പുകള്‍ മുട്ടയിട്ട് വിരിഞ്ഞിട്ടുണ്ടാകാം എന്നാണ്. പാമ്പുകടിയേറ്റ ദിവസം പുലര്‍ച്ചെ കുട്ടികള്‍ക്ക് വയറുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ടപ്പോള്‍ ഭക്ഷണത്തില്‍ നിന്നുള്ള അസ്വാസ്ഥ്യമാണെന്നാണ് മാതാപിതാക്കള്‍ കരുതിയത്. എന്നാല്‍ മിനിറ്റുകള്‍ക്കകം ആല്‍ജോ മരിച്ചതോടെയാണ് ദുരന്തത്തിന്റെ തീവ്രത പുറംലോകം അറിഞ്ഞത്.
തുടര്‍ച്ചയായി പാമ്പുകളെ കണ്ടെത്തുന്ന സാഹചര്യത്തില്‍ വീടിന് ചുറ്റും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീയിട്ടു. കൂടുതല്‍ പാമ്പിന്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ഈ കടുത്ത നടപടി. ആല്‍ജോയുടെ വേര്‍പാടില്‍ വിങ്ങുന്ന കോടാലിക്ക്, അനോഷിന്റെ തിരിച്ചു വരവ് പ്രതീക്ഷയേകുന്നുണ്ടെങ്കിലും, ഈ വീട്ടില്‍ ഇനിയെത്ര പാമ്പുകള്‍ ഒളിച്ചിരിപ്പുണ്ടാകും എന്ന ചോദ്യം ഭീതിയായി അവശേഷിക്കുന്നു. വിശദമായ പരിശോധനകള്‍ക്കായി വീടിന്റെ തറയടക്കം പൊളിക്കാനാണ് നിലവിലെ തീരുമാനം.


ശബരിമലയില്‍ നടന്നത് മെഗാ കൊള്ള; പ്രഭാമണ്ഡലവും ദശാവതാരങ്ങളും വരെ അടിച്ചുമാറ്റി; സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി രാസമിശ്രിതത്തില്‍ മുക്കി കടത്തി; സമാനതകളില്ലാത്ത വമ്പന്‍ സ്രാവുകളുടെ പകല്‍ക്കൊള്ള
ഷാഫിയോട് കട്ടയ്ക്ക് കട്ട പിടിച്ച് ചെന്നിത്തല! ഒരു വര്‍ഷത്തിനിടെ സോഷ്യല്‍ മീഡിയയില്‍ കുതിപ്പുണ്ടാക്കിയത് ഈ കോണ്‍ഗ്രസ് നേതാവ്; പാര്‍ട്ടിയില്‍ മുമ്പിലുള്ളത് തരൂരിസം മാത്രം; പിണറായിസത്തെ തുറന്നു കാട്ടി ഹരിപ്പാട്ടെ നേതാവ് കുതിക്കുന്ന കഥ





