ഉരുകുന്ന വേനലില്‍ ശ്രദ്ധിക്കണം; വീടിനുള്ളിലും പാമ്പ് എത്തിയേക്കാം; തലയിണയ്ക്കടിയില്‍ മരണദൂതനായി വെള്ളിക്കെട്ടന്‍; പിഞ്ചുബാലന് ദാരുണാന്ത്യം; ഭക്ഷ്യവിഷബാധയെന്ന് കരുതി; തിരിച്ചറിഞ്ഞപ്പോഴേക്കും ആല്‍ജോയുടെ ജീവന്‍ പോയി; അന്‍ജോയുടെ നില ഇപ്പോഴും ഗുരുതരം; പ്രാര്‍ത്ഥനയോടെ ഒരു നാട് മുഴുവന്‍

തൃശൂര്‍: വേനല്‍ച്ചൂട് കടുക്കുന്നതോടെ തണുപ്പ് തേടി പാമ്പുകള്‍ വീടിനുള്ളിലേക്ക് കയറുന്നത് വര്‍ദ്ധിക്കുന്നു. ഇതിനിടെ തൃശൂര്‍ കോടാലി കടമ്പോട് ഉറങ്ങിക്കിടന്ന പിഞ്ചുസഹോദരങ്ങളെ പാമ്പ് കടിച്ചത് നാടിനെ നടുക്കുന്ന വാര്‍ത്തയായി. കാവുങ്ങല്‍ സില്‍ജൊ – ജോണ്‍സി ദമ്പതികളുടെ മകന്‍ ആല്‍ജോ (8) മരിക്കുകയും, മൂത്ത സഹോദരന്‍ അന്‍ജോ (10) അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയും ചെയ്യുന്നത് നാടിന്റെ നൊമ്പരമായി.
വേനല്‍ക്കാലത്ത് വീടിന്റെ പരിസരങ്ങളില്‍ തണുപ്പുള്ള സ്ഥലങ്ങള്‍ തേടി പാമ്പുകള്‍ എത്താറുണ്ടെങ്കിലും, ഇത്തവണ കിടപ്പുമുറിയില്‍ തലയിണയ്ക്കടിയിലാണ് മരണദൂതനായി പാമ്പ് ഒളിച്ചിരുന്നത്. രാത്രി രണ്ട് മണിയോടെ കുട്ടികള്‍ ഉണര്‍ന്ന് വയറുവേദനയെന്ന് പറഞ്ഞപ്പോള്‍ ഭക്ഷ്യവിഷബാധയാണെന്ന് കരുതി മാതാപിതാക്കള്‍ ചൂടുവെള്ളം നല്‍കി വീണ്ടും ഉറക്കി. എന്നാല്‍ നിശബ്ദനായി വന്ന് കടിച്ച ശേഷം അപ്രത്യക്ഷനാകുന്ന ‘വെള്ളിക്കെട്ടന്‍’ ആണ് വില്ലനായതെന്ന് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.
പുലര്‍ച്ചെ അഞ്ചരയോടെ കുട്ടികള്‍ അവശനിലയിലായപ്പോഴാണ് പാമ്പ് കടിയേറ്റതാണെന്ന സംശയം ഉയര്‍ന്നത്. അപ്പോഴേക്കും ആല്‍ജോയുടെ നില വഷളായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. അന്‍ജോ ഇപ്പോള്‍ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പോരാടുകയാണ്. ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയില്‍ നിന്ന് പുറത്തേക്ക് ഇഴഞ്ഞുനീങ്ങുന്ന പാമ്പിനെ കണ്ടെത്തിയത്.
ചൂട് കൂടുമ്പോള്‍ വീടിനുള്ളിലെ തണുപ്പുള്ള ഭാഗങ്ങള്‍, അലമാരകള്‍ക്ക് അടിവശം, കട്ടിലിനടി തുടങ്ങിയ സ്ഥലങ്ങളില്‍ പാമ്പുകള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജനാലകളും വാതിലുകളും രാത്രികാലങ്ങളില്‍ അടച്ചിടാനും വീടിന് ചുറ്റും കാടും പടര്‍പ്പും ഇല്ലാതെ വൃത്തിയായി സൂക്ഷിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കോടാലിയിലുണ്ടായ ഈ നടുക്കുന്ന സംഭവം ഓരോ കുടുംബത്തിനും വലിയൊരു ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.