തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഒരു മാസം മുമ്പുണ്ടായ തീപിടുത്തത്തിന് ശേഷം തുണികൊണ്ടുമറച്ച താത്കാലിക സംവിധാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന പരാതി അടിയന്തരമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ഐ. സി.യു വിൽ രോഗികൾ നേരിടുന്ന കടുത്ത ദുരിതങ്ങളെക്കുറിച്ച് പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. ഒരു മാസം മുമ്പ് ഐസിയുവിലെ വെന്റിലേറ്ററിലുണ്ടായ തീപിടിത്തത്തിന് ശേഷം മതിയായ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്നും നിലവിൽ തുണി മറച്ച താൽക്കാലിക സംവിധാനത്തിലാണ് ഐസിയു പ്രവർത്തിക്കുന്നതെന്നും വാർത്തയിൽ പറഞ്ഞിരുന്നു.
പൊതുമരാമത്ത് വകുപ്പും ഇലക്ട്രിക്കൽ വിഭാഗവും കേടുപാടുകൾ സംഭവിച്ച ഐസിയുവിന്റെ അറ്റകുറ്റപ്പണികൾ കൃത്യസമയത്ത് നടത്തുന്നില്ലെന്നും വാർത്തയിലുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ഡെപ്യൂട്ടി ഡിഎംഇ റാങ്കിലുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നിയോഗിച്ച് ഉടൻ അന്വേഷണം നടത്തണമെന്ന് കമ്മിഷൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
ഐസിയുവിൽ ശരിയായ സൗകര്യങ്ങൾ ഒരുക്കുന്നതിന് സ്വീകരിക്കേണ്ട പരിഹാര നടപടികൾ നിശ്ചയിച്ച് അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ച് രണ്ടാഴ്ചയ്ക്കകം കമ്മിഷന് സമഗ്രമായ റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറഞ്ഞു. പിഡബ്ല്യുഡി (ബിൽഡിംഗ്‌സ്) ചീഫ് എഞ്ചിനീയർ എക്സിക്യൂട്ടീവ് എഞ്ചിനീയറെ നിയോഗിച്ച് പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം സ്വീകരിക്കേണ്ട നടപടികൾ പരിശോധിക്കണം.
മെഡിക്കൽ കോളേജ് അധികൃതരുമായി ഏകോപനം നടത്തി വൈകാതെ തന്നെ പരിഹാര നടപടികൾ ഉറപ്പാക്കുകയും രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുകയും വേണം. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് എന്നിവരും ആവശ്യമായ പരിഹാര നടപടികൾ സ്വീകരിച്ച് രണ്ടാഴ്ചയ്ക്കകം പ്രത്യേക റിപ്പോർട്ടുകൾ ഫയൽ ചെയ്യണം.
ഡിഎംഇയെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി ഡിഎംഇ, പിഡബ്ല്യുഡി ചീഫ് എഞ്ചിനീയറെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സർക്കാരിനെ പ്രതിനിധീകരിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ, ആശുപത്രി സൂപ്രണ്ടിനെ പ്രതിനിധീകരിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ എന്നിവർ മേയ് 8 ന് രാവിലെ 10 ന് തിരുവനന്തപുരത്ത് നടക്കുന്ന കമ്മിഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരായി വസ്തുതകൾ വിശദീകരിക്കേണ്ടതാണെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
വിഷ്ണുവിന്റെ കുടുംബത്തിന് ആശ്വാസം; അനന്തരാവകാശ സർട്ടിഫിക്കറ്റ് അടിയന്തരമായി നൽകാൻ നിർദ്ദേശം
വിഷ്ണുവിന്റെ കുടുംബത്തിന് ആശ്വാസം; അനന്തരാവകാശ സർട്ടിഫിക്കറ്റ് അടിയന്തരമായി നൽകാൻ നിർദ്ദേശം







