വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്; “തിയേറ്ററിൽ വിസിലടിക്കാം, പക്ഷേ ഭരണം ഏൽപ്പിക്കരുത്”

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് നീങ്ങവെ, തമിഴക വെട്രി കഴകം (TVK) നേതാവും നടനുമായ വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ്. സിനിമയിലെ താരപദവി ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന് ആരും കരുതേണ്ടെന്നും നടന്മാർ സ്ക്രീനിൽ മുഖ്യമന്ത്രിയാകുന്നത് പോലെയല്ല യഥാർത്ഥ രാഷ്ട്രീയമെന്നും അദ്ദേഹം തുറന്നടിച്ചു. പളനിയിൽ സിപിഐഎം സ്ഥാനാർത്ഥി എൻ. പാണ്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.

സംസ്ഥാനത്ത് നിലവിൽ മൂന്ന് തരം രാഷ്ട്രീയ മോഡലുകളാണുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു. ദ്രാവിഡ മോഡൽ, അടിമത്ത മോഡൽ, സിനിമാ മോഡൽ എന്നിങ്ങനെയാണ് തമിഴ്നാട് രാഷ്ട്രീയം ഇപ്പോൾ തിരിഞ്ഞിരിക്കുന്നത്. ഇതിൽ ‘സിനിമാ മോഡൽ’ രാഷ്ട്രീയത്തെ ജനങ്ങൾ ജാഗ്രതയോടെ കാണണം.”നിങ്ങൾക്ക് ഒരു നടനെ ഇഷ്ടമാണെങ്കിൽ തിയേറ്ററിൽ പോയി വിസിലടിക്കാം. എന്നാൽ നാടിന്റെ ഭരണം അവരുടെ കൈകളിൽ ഏൽപ്പിക്കരുത്. സ്ക്രീനിൽ ഡോക്ടറോ എഞ്ചിനീയറോ മുഖ്യമന്ത്രിയോ ആകാൻ എളുപ്പമാണ്. എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ നിങ്ങൾ എപ്പോഴെങ്കിലും ഇടപെട്ടിട്ടുണ്ടോ?” എന്ന് അദ്ദേഹം വിജയ്‌യെ ലക്ഷ്യം വെച്ച് ചോദിച്ചു.തമിഴ്‌നാട് ജനതയും ഭാഷയും പ്രതിസന്ധികൾ നേരിട്ടപ്പോൾ ഈ താരങ്ങൾ എവിടെയായിരുന്നുവെന്ന് പ്രകാശ് രാജ് ചോദിച്ചു. രാഷ്ട്രീയത്തിന് പ്രത്യേക ഉത്തരവാദിത്തവും പ്രതിബദ്ധതയും ആവശ്യമാണെന്നും വെറും സിനിമാ പ്രശസ്തി കൊണ്ട് അത് നേടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുകയും വലിയ ജനക്കൂട്ടത്തെ ആകർഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രകാശ് രാജിന്റെ ഈ കടന്നാക്രമണം. തമിഴക വെട്രി കഴകത്തിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ചർച്ചയാകുന്നതിനിടെയുള്ള പ്രകാശ് രാജിന്റെ വാക്കുകൾ ദ്രാവിഡ രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.വിജയ്‌യെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം യുവാക്കൾ പ്രകാശ് രാജിന്റെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.