കൊല്ലം: ആ ദൃശ്യം കണ്ട മലയാളികളെയാകെ സന്തോഷിപ്പിച്ച ഒരു അറസ്റ്റ്. അതെ, കൊല്ലം സിറ്റി പോലീസിന് അഭിമാനിക്കാം. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സ്റ്റേജിനു മുന്നിൽ പാട്ടിനൊപ്പം മറ്റുള്ളവരോടൊത്ത് നൃത്തചുവടുകൾവെച്ച വൃദ്ധനെ കസേരയ്ക്ക് അടിച്ചുപരിക്കേ ൽപ്പിച്ച കേസിലെ പ്രതി ശ്യാംകുമാറിന്റെ അറസ്റ്റ് ആണ് ആ മർദ്ദനദൃശ്യം കണ്ട മലയാളികൾക്കാകെ സന്തോഷമേകിയത്.
കഴിഞ്ഞ 13ന് രാത്രി 9.30 മണിയോടെയായിരുന്നു സംഭവം. ആക്രി പെറുക്കിവിറ്റ് ജീവിതമാർഗം കണ്ടെത്തിയിരുന്ന തിരുവനന്തപുരം മണക്കാട് കൊഞ്ചിറവിള സ്വദേശി ബാലചന്ദ്രൻ നായർ എന്ന 57 കാരനെയാണ് ഇയാൾ മർദ്ധിച്ചത്. പ്ലാസ്റ്റിക് കസേര കൊണ്ടുള്ള അടിയിൽ ബാലചന്ദ്രൻ നായരുടെ മേൽചുണ്ട് മുറിയുകയും മേൽവരിയിലെ ഒരു പല്ല് ഇളകി പോവുകയും ചെയ്തിരുന്നു.
മർദ്ദനത്തിന്റ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയതോടെ കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സിറ്റി പോലീസ് കമ്മിഷണർ എം ഹേമലതയുടെ നിർദേശപ്രകാരമായിരുന്നു കേസ്. ഭാരതീയ ന്യായ സംഹിത (ബി എൻ എസ് )296 (ബി )-അസഭ്യം വിളിക്കൽ,118 (2)- ആയുധം ഉപയോഗിച്ചുകൊണ്ടുള്ള കഠിനമായ ദേഹോപദ്രവം എന്നീ വകുപ്പുകൾ പ്രകാരം എടുത്ത കേസിന്റെ അന്വേഷണത്തിലാണ് ആശ്രാമം സ്വദേശി ശ്യാം കുമാറാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബി എൻ എസ് 118 (2 )ജാമ്യമില്ലാ കുറ്റമാണ്. തെളിയിക്കപ്പെട്ടാൽ പത്തുവർഷമോ ജീവപര്യന്തം വരെയോ തടവു ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. സബ്ഇൻസ്പെക്ടർ എസ് സന്ദീപിനാണ് അന്വേഷണ ചുമതല. പ്രതിയെ അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് എത്തിക്കുന്ന ദൃശ്യങ്ങൾ കൊല്ലം സിറ്റി പോലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.


ശബരിമല യുവതീപ്രവേശനം; ഏപ്രില്‍ 7 മുതല്‍ പുതിയ ഒന്‍പതംഗ ബെഞ്ച് വാദം കേള്‍ക്കും; മാര്‍ച്ച് 14-നകം നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം
കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനായി ഇരിട്ടി; ദേശീയതലത്തിലും തിളക്കമാർന്ന നേട്ടം





